ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച പ്രകടനത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിന് തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 9 വിക്കറ്റിന് 167 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടാനായത്. പഞ്ചാബിന്റെ തട്ടകത്തില്‍ സിഎസ്‌കെയുടെ ഹീറോസിയമാണ് കാണാനായത്.
എന്നാല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷനാണ്. സിഎസ്‌കെയുടെ ബാറ്റിങ് നിര തകര്‍ച്ച നേരിട്ടപ്പോഴും ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ തയ്യാറായില്ല. 9ാം നമ്പറിലാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ധോണിയുടെ ബാറ്റിങ് ഓഡര്‍ സംബന്ധിച്ച് പല തരം അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. ധോണി ഉത്തരവാദിത്തം കാട്ടണമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത്.
സമാന അഭിപ്രായമാണ് പലരും മുന്നോട്ട് വെച്ചത്. ധോണി നേരത്തെ ബാറ്റ് ചെയ്ത് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ തയ്യാറാവാതെ ഇരുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ധോണി 9ാം നമ്പറില്‍ ബാറ്റ് ചെയ്തത് മണ്ടന്‍ തീരുമാനമാണെന്നും ധോണി ഇങ്ങനെ ബാറ്റ് ചെയ്യാനാണ് തീരുമാനിക്കുന്നതെങ്കില്‍ പകരം പേസറെ കളിപ്പിച്ചാല്‍ മതിയെന്നും എന്തുകൊണ്ടാണ് ധോണി ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.
'9ാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ എംഎസ് ധോണി കളിക്കേണ്ട ആവശ്യമില്ല. ആ സ്ഥാനത്ത് ഒരു പേസ് ബൗളറെ കളിപ്പിക്കുന്നതാണ് നല്ലത്. സിഎസ്‌കെയുടെ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത് ധോണിയാണ്. എന്നിട്ടും ടീം തകര്‍ച്ച നേരിടുന്ന സമയത്ത് എന്തുകൊണ്ടാണ് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്നത്. ശാര്‍ദ്ദുല്‍ ടാക്കൂര്‍ ധോണിക്ക് മുമ്പ് ബാറ്റ് ചെയ്യാനെത്തി. ശാര്‍ദ്ദുലിന് ഒരിക്കലും ധോണിയെപ്പോലെ ഷോട്ട് കളിക്കാനാവില്ല.

എന്നിട്ടും എന്തുകൊണ്ടാണ് ധോണി ഇത്തരമൊരു പിഴവ് കാട്ടിയതെന്നാണ് മനസിലാകാത്തത്. ധോണിയുടെ അനുവാദമില്ലാതെ സിഎസ്‌കെ ടീമില്‍ ഒന്നും സംഭവിക്കില്ല. മറ്റുള്ളവരെപ്പോലെ ഈ തീരുമാനം അംഗീകരിക്കാന്‍ എനിക്കാവില്ല. അവസാന മത്സരങ്ങളിലേതുപോലെ സിഎസ്‌കെയ്ക്ക് അതിവേഗം റണ്‍സ് നേടേണ്ട സമയമായിരുന്നു അത്. എന്നാല്‍ ധോണി പിന്നോട്ടിറങ്ങിയത് ശരിക്കും ഞെട്ടിച്ചു. പഞ്ചാബിനെതിരായത് സിഎസ്‌കെയുടെ നിര്‍ണ്ണായക മത്സരമായിരുന്നു.
സിഎസ്‌കെ ജയിച്ചെങ്കിലും ധോണിയുടെ ആ തീരുമാനം തെറ്റായിരുന്നുവെന്ന് തന്നെ പറയും. ആളുകള്‍ എന്തും പറയട്ടെ. ഞാന്‍ വസ്തുത പറയും' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു. ധോണി ഈ സീസണില്‍ വെടിക്കെട്ട് ഫിനിഷിങ് പല മത്സരത്തിലും നടത്തിയിരുന്നു. ധോണിയുടെ പഴയ ബാറ്റിങ് മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തം. എന്നാല്‍ ധോണി സ്വയം ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
ധോണി ഇത്തരത്തില്‍ പിന്നോട്ടിറങ്ങാന്‍ കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണെന്ന് പറയാം. കാലിന്റെ പരിക്ക് ധോണിയെ പ്രയാസപ്പെടുത്തുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ധോണിയായതിനാല്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ധോണിയെയത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. ഇത് മുന്നില്‍ക്കണ്ടാണ് ധോണി ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങുന്നത്. എന്നാല്‍ ഒമ്പതാം നമ്പറിലേക്ക് ധോണി ഒതുങ്ങുന്നത് അത്ര മികച്ച നീക്കമല്ല.
പഞ്ചാബിനെതിരേ ഗോള്‍ഡന്‍ ഡെക്കായെങ്കിലും ശാര്‍ദ്ദുല്‍ ടാക്കൂറിന് മുമ്പെങ്കിലും ധോണിക്ക് ബാറ്റ് ചെയ്യാനെത്താമായിരുന്നു. എന്തായാലും സിഎസ്‌കെയുടെ ജയത്തേക്കാളുപരിയായി ധോണിയുടെ ബാറ്റിങ് ഓഡറും ഗോള്‍ഡന്‍ ഡെക്കുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.