Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബി vs സിഎസ്‌കെ, നാലാമതായി ആര് പ്ലേ ഓഫില്‍? സാധ്യതകള്‍ ഇതാ

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. ശക്തമായ മഴ തുടര്‍ന്നതോടെ ടോസ് പോലും ഇടാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയിന്റുകള്‍ പങ്കിട്ടു. 13 മത്സരത്തില്‍ നിന്ന് 15 പോയിന്റ് നേടിയ ഹൈദരാബാദ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ തന്നെ പ്ലേ ഓഫ് സീറ്റ് നേടിയതാണ്.

ഹൈദരാബാദിനും കെകെആറിനും രാജസ്ഥാനും ഓരോ മത്സരങ്ങള്‍ ശേഷിക്കെ പോയിന്റ് പട്ടികയിലെ സ്ഥാനം കണ്ടറിയണം. എന്തായാലും മൂന്ന് ടീമുകള്‍ പ്ലേ ഓഫിലെത്തിയതോടെ ഇനി ഒരു സീറ്റ് മാത്രമാണ് ബാക്കി. ഈ സീറ്റിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് മത്സരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന സിഎസ്‌കെ-ആര്‍സിബി മത്സരം നോക്കൗട്ട് പോരാട്ടമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

13 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെ സിഎസ്‌കെ നില്‍ക്കുമ്പോള്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് ആര്‍സിബിക്കുള്ളത്. നെറ്റ് റണ്‍റേറ്റ് പരിശോധിക്കുമ്പോള്‍ സിഎസ്‌കെയ്ക്ക് 0.528ഉും ആര്‍സിബിക്ക് 0.387ഉുമാണ്. അവസാന അഞ്ച് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയാണ് ആര്‍സിബി തട്ടകത്തില്‍ സിഎസ്‌കെയെ നേടാനിറങ്ങുന്നത്. ഈ മത്സരത്തിലൂടെ പ്ലേ ഓഫ് ചിത്രം വ്യക്തമാവും. ഒറ്റ മത്സരം മാത്രം ശേഷിക്കെ സിഎസ്‌കെ, ആര്‍സിബി ടീമുകളുടെ പ്ലേ ഓഫ് സാധ്യത പരിശോധിക്കാം.

സിഎസ്‌കെ ആര്‍സിബിയെക്കാള്‍ 2 പോയിന്റ് മുന്നിലാണ്. അതുകൊണ്ടുതന്നെ ആര്‍സിബിയെ തോല്‍പ്പിക്കാനായാല്‍ സിഎസ്‌കെയ്ക്ക് അനായാസം പ്ലേ ഓഫിലേക്കെത്താനാവും. ജയിച്ചാല്‍ 14 മത്സരത്തില്‍ നിന്ന് 16 പോയിന്റോടെ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് സീറ്റ് നേടാം. എന്നാല്‍ ആര്‍സിബിക്ക് സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ മാത്രം പ്ലേ ഓഫിലെത്താനാവില്ല. കാരണം ജയിച്ചാലും 14 പോയിന്റോടെ സിഎസ്‌കെയ്‌ക്കൊപ്പമെത്താനേ ആര്‍സിബിക്കാവൂ. ഇതോടെ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമാവും.

csk ms dhoni

അതുകൊണ്ടുതന്നെ സിഎസ്‌കെയെ 18ലധികം റണ്‍സിനോ 11 പന്ത് ബാക്കിനിര്‍ത്തിയോ തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചാലേ പ്ലേ ഓഫിലെത്താന്‍ സാധിക്കൂ. ഇങ്ങനെ ജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ മറികടക്കാന്‍ ആര്‍സിബിക്ക് സാധിക്കും. പക്ഷെ സിഎസ്‌കെയെ തോല്‍പ്പിക്കുകയെന്നത് ആര്‍സിബിക്ക് എളുപ്പമാവില്ല. ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും ഭാഗ്യം കെട്ട ടീമാണ് ആര്‍സിബി. സ്വന്തം തട്ടകത്തിന്റെ മുന്‍തൂക്കം ആര്‍സിബിക്കുണ്ട്.

എന്നാല്‍ മികച്ച തന്ത്രങ്ങളോടെ കളിക്കുന്ന സിഎസ്‌കെയെ പൂട്ടാന്‍ ആര്‍സിബിക്ക് നന്നായി വിയര്‍ക്കേണ്ടി വരും. ആറ് തുടര്‍ തോല്‍വികള്‍ക്ക് ശേഷം അഞ്ച് തുടര്‍ ജയങ്ങള്‍ നേടിയത് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുമ്പോഴും സിഎസ്‌കെയെ പൂട്ടാന്‍ പ്രയാസപ്പെടും. എംഎസ് ധോണിയെന്ന ബുദ്ധിമാനായ താരത്തിന്റെ തന്ത്രങ്ങള്‍ ആര്‍സിബിക്ക് മുന്നില്‍ ചക്രവ്യൂഹം തീര്‍ക്കുമ്പോള്‍ ഇത് തകര്‍ക്കാന്‍ വിരാട് കോലിക്ക് അഭിമന്യുവാകാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബംഗളൂരുവിലെ പിച്ചില്‍ റണ്ണൊഴുകുമെന്നുറപ്പ്. ബൗളിങ് നിര പരിശോധിക്കുമ്പോള്‍ ആര്‍സിബിയെക്കാള്‍ മിടുക്ക് സിഎസ്‌കെയ്ക്കുണ്ട്. അതുകൊണ്ടുതന്നെ മുന്‍തൂക്കം സിഎസ്‌കെയ്ക്ക് തന്നെയാണ്. നേര്‍ക്കുനേര്‍ കണക്കില്‍ വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്ക്കാണ്. 32 മത്സരത്തില്‍ നിന്ന് 21 തവണയും ജയം നേടാന്‍ സിഎസ്‌കെയ്ക്കായി. 10 തവണയാണ് ആര്‍സിബി ജയിച്ചത്. ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആര്‍സിബിയെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നുവെന്നതും എടുത്തു പറയണം.

ചിന്നസ്വാമിയില്‍ 10 തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. അഞ്ച് തവണ സിഎസ്‌കെ ജയിച്ചപ്പോള്‍ നാല് തവണ ആര്‍സിബിയും ജയിച്ചു. 65% മഴസാധ്യതയാണ് നിലനില്‍ക്കുന്നത്. മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ ഓരോ പോയിന്റ് പങ്കിടും. ഇതോടെ 15 പോയിന്റോടെ ആര്‍സിബിയെ മറികടന്ന് പ്ലേ ഓഫിലേക്കെത്താന്‍ സിഎസ്‌കെയ്ക്കാവും. ഭാഗ്യം ആര്‍സിബിയെ തുണക്കാത്ത പക്ഷം പ്ലേ ഓഫിലെത്തുക പ്രയാസമായിരിക്കും.

Story first published: Thursday, May 16, 2024, 22:24 [IST]
Other articles published on May 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+