ബംഗളൂരു: തുടര്‍ തോല്‍വികളോടെ ആദ്യ പാദത്തില്‍ പതറിയ ആര്‍സിബി ഇത്തവണ പ്ലേ ഓഫ് കാണില്ലെന്ന് വിധിയെഴുതിയവര്‍ ഏറെയായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ ആറ് ജയങ്ങളോടെ എല്ലാവരേയും ഞെട്ടിച്ച് ആര്‍സിബി പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയെ 27 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി പ്ലേ ഓഫ് ടിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 7 വിക്കറ്റിന് 191 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ത്രില്ലിങ് ജയത്തോടെ ആര്‍സിബി നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തി. അവസാന ഓവര്‍ എറിഞ്ഞ യഷ് ദയാലാണ് ആര്‍സിബിയുടെ ഹീറോയായതെങ്കിലും കൈയടി അര്‍ഹിക്കുന്നത് നായകന്‍ ഫഫ് ഡുപ്ലെസിസിനാണ്.
നായകനെന്ന നിലയില്‍ ഫഫ് ഡുപ്ലെസിസ് മികച്ച് നിന്നു. ആദ്യ ഓവര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന് നല്‍കാനുള്ള ഡുപ്ലെസിന്റെ തീരുമാനം ആദ്യ പന്തില്‍ത്തന്നെ ഫലം കണ്ടു. മികച്ച ഫോമിലായിരുന്ന സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദ് ആദ്യ പന്തില്‍ത്തന്നെ ഡെക്കായി. പവര്‍പ്ലേയില്‍ മുഹമ്മദ് സിറാജിനും മാക്‌സ് വെല്ലിനും യഷ് ദയാലിനും 2 ഓവര്‍ വീതം നല്‍കി ലോക്കി ഫെര്‍ഗൂസനെ മധ്യ ഓവറുകളിലേക്കായി ഡുപ്ലെസിസ് മാറ്റിവെച്ചു.
10ാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ കൊണ്ടുവന്ന ഡുപ്ലെസിസിന്റെ തീരുമാനം ഫലം കണ്ടു. ആദ്യ പന്തില്‍ത്തന്നെ അജിന്‍ക്യ രഹാനെയെ മടക്കി കൂട്ടുകെട്ട് പൊളിച്ച് ആര്‍സിബിയെ മത്സരത്തിലേക്ക് ഫെര്‍ഗൂസന്‍ തിരികെ കൊണ്ടുവന്നു. 2 റണ്‍സ് മാത്രമാണ് ഈ ഓവറില്‍ ഫെര്‍ഗൂസന്‍ വിട്ടുകൊടുത്തത്. 11ാം ഓവറില്‍ മാക്‌സ് വെല്ലിനെ തിരികെ വിളിച്ച ഡുപ്ലെസിസിന്റെ തീരുമാനവും ഗംഭീരമായിരുന്നു. 4 റണ്‍സാണ് ഈ ഓവറില്‍ മാക്‌സ് വെല്‍ വിട്ടുകൊടുത്ത്.

ഇതോടെ സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കാനും ആര്‍സിബിക്കായി. ശിവം ദുബെയെ പുറത്താക്കാനുള്ള അവസരം മാക്‌സ് വെല്‍ സൃഷ്ടിച്ചു. വമ്പന്‍ ഷോട്ടിന് ശ്രമിച്ച ദുബെക്ക് പിഴച്ചപ്പോള്‍ ക്യാച്ചവസരം ലഭിച്ചെങ്കിലും മുഹമ്മദ് സിറാജ് ക്യാച്ച് പാഴാക്കി. മികച്ച പ്രകടനത്തോടെ കസറിയ രചിന്‍ രവീന്ദ്ര റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. 37 പന്തില്‍ 61 റണ്‍സെടുത്ത രചിന്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ ദുബെയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് റണ്ണൗട്ടായത്.
ശിവം ദുബെയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. സ്ലോ ബോളുകള്‍ ദുബെയെ പ്രയാസപ്പെടുത്തിയത് തിരിച്ചറിഞ്ഞ് കാമറൂണ്‍ ഗ്രീനിന് പന്ത് നല്‍കാനുള്ള ഡുപ്ലെസിസിന്റെ തീരുമാനം ഫലം കണ്ടു. 15 പന്തില്‍ 7 റണ്‍സുമായി ദുബെയെ ഗ്രീന്‍ മടക്കി. സ്ലോ ബോളുകളിലൂടെ സിഎസ്‌കെയുടെ റണ്‍റേറ്റ് കുറക്കാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്കായി. കൃത്യമായ ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡ് വിന്യാസവുമൊരുക്കാന്‍ ഡുപ്ലെസിസിനായി.
നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് മാതൃകയാവാനും ഡുപ്ലെസിസിനായി. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ മിന്നല്‍ ഫീല്‍ഡിങ്ങും താരം കാഴ്ചവെച്ചു. മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനെടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നു. എന്നാല്‍ ഡെത്തോവറില്‍ ആര്‍സിബി ബൗളര്‍മാര്‍ തല്ലുകൊണ്ടു. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണിയെ (13 പന്തില്‍ 25) പുറത്താക്കി യഷ് ദയാല്‍ ആര്‍സിബിക്ക് പ്രതീക്ഷ നല്‍കി. പിന്നീടുള്ള പന്തുകളിലും ഗംഭീര മികവ് കാട്ടിയ ദയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റ് നല്‍കി.
അവസാന ഓവറില്‍ ദയാലിനെ വിശ്വസിക്കാന്‍ ഡുപ്ലെസിസ് ധൈര്യം കാട്ടിയതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. സിഎസ്‌കെ അവസാന ഓവര്‍വരെ പ്ലേ ഓഫില്‍ കടക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും ശക്തമായ തിരിച്ചുവരവോടെ തട്ടകത്തില്‍ ആര്‍സിബി കരുത്തുകാട്ടുകയായിരുന്നു.