ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. 8 മത്സരത്തില്‍ 4ലും തോറ്റ സിഎസ്‌കെ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. എംഎസ് ധോണി മാറി റുതുരാജ് ഗെയ്ക്‌വാദ് നായകസ്ഥാനത്തേക്കെത്തിയ ശേഷം സിഎസ്‌കെയുടെ പ്രകടനം നിലവാരത്തിനൊത്തുള്ളതല്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 17ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സിഎസ്‌കെ തോറ്റിരിക്കുകയാണ്.
നിലവില്‍ 8 പോയിന്റുള്ള സിഎസ്‌കെയ്ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിര്‍ണ്ണായകമാണ്. ആറ് മത്സരങ്ങളാണ് സിഎസ്‌കെയ്ക്ക് ശേഷിക്കുന്നത്. ഇതില്‍ നാല് മത്സരത്തിലെങ്കിലും സിഎസ്‌കെയ്ക്ക് ജയിക്കാനാവാത്ത പക്ഷം പ്ലേ ഓഫിലെത്തുക പ്രയാസമായിരിക്കും. 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായതിനാല്‍ 16 പോയിന്റുകളെങ്കിലും പ്ലേ ഓഫിലെത്താന്‍ വേണം. ഈ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് ഇനി 4 ജയം അത്യാവശ്യമാണ്.
സിഎസ്‌കെയുടെ അടുത്ത മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. ചെന്നൈയിലാണ് ഈ മത്സരം. ഈ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ കസറുന്ന ടീമാണ് ഹൈദരാബാദ്. മൂന്ന് തവണ 260ലധികം റണ്‍സ് സ്‌കോര്‍ നേടാന്‍ ഈ സീസണില്‍ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൈദരാബിനെ വീഴ്ത്തുക സിഎസ്‌കെയ്ക്ക് വലിയ തലവേദനയാവും. ചെന്നൈയില്‍ മഞ്ഞു വീഴ്ച ഉള്ളതിനാല്‍ ടോസ് നിര്‍ണ്ണായകമാവും.
പഞ്ചാബ് കിങ്‌സാണ് സിഎസ്‌കെയുടെ മറ്റൊരു എതിരാളി. ചെന്നൈയിലാണ് ഒരു മത്സരമെങ്കില്‍ പഞ്ചാബിന്റെ തട്ടകത്തിലാണ് രണ്ടാം മത്സരം. പഞ്ചാബ് നിലവില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്നതിനാല്‍ സിഎസ്‌കെയ്ക്ക് ഈ രണ്ട് മത്സരത്തിലും വിജയ പ്രതീക്ഷകളേറെയാണ്. സിഎസ്‌കെ ലക്ഷ്യമിടുന്ന പ്രധാന രണ്ട് മത്സരങ്ങള്‍ പഞ്ചാബിനെതിരേയാണ്. ഈ രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ നിര്‍ണ്ണായകമായ 4 പോയിന്റ് സിഎസ്‌കെയ്ക്ക് സ്വന്തമാക്കാനാവും.

ഗുജറാത്ത് ടൈറ്റന്‍സാണ് മറ്റൊരു എതിരാളി. ഈ മത്സരം സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാണ്. ഗുജറാത്തിന്റെ തട്ടകത്തിലാണ് മത്സരം. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അഹമ്മദാബാദിലെ മത്സരം സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യത തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായിരിക്കും. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് സിഎസ്‌കെയുടെ എതിരാളികള്‍. ബംഗളൂരുവിലാണ് മത്സരം നടക്കുന്നത്.
സിഎസ്‌കെയ്ക്ക് ആര്‍സിബിയുടെ തട്ടകത്തില്‍ തകര്‍പ്പന്‍ റെക്കോഡാണുള്ളത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ജയം നേടാനായാല്‍ സിഎസ്‌കെയ്ക്കത് വലിയ ആശ്വാസമായി മാറും. അല്ലാത്ത പക്ഷം ടീം വിയര്‍ക്കാനാണ് സാധ്യത. സ്ഥിരതയില്ലാത്ത ബാറ്റിങ് നിരയാണ് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നത്. അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവരുടെ മോശം പ്രകടനം ടീമിനെ പിന്നോട്ടടിക്കുന്നു. മോയിന്‍ അലിയെ വേണ്ടവിധം ഉപയോഗിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല.
രവീന്ദ്ര ജഡേജയെ നാലാം നമ്പറില്‍ കളിപ്പിക്കുമ്പോള്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. സിഎസ്‌കെയുടെ പ്ലേയിങ് 11ല്‍ വലിയ ഉടച്ചുവാര്‍ക്കല്‍ അത്യാവശ്യമാണ്. നിലവില്‍ ശിവം ദുബെ, റുതുരാജ് ഗെയ്ക് വാദ് എന്നിവരുടെ ബാറ്റിങ്ങിനെ വലിയ രീതിയില്‍ ആശ്രയിച്ചാണ് സിഎസ്‌കെ മുന്നോട്ട് പോകുന്നത്. എംഎസ് ധോണി അവസാന ഓവറുകളില്‍ കത്തിക്കയറുന്നുണ്ട്. എന്നാല്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാവാതെ വലിയ കൂട്ടുകെട്ടുണ്ടാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല.
ബൗളിങ് നിരയില്‍ സിഎസ്‌കെ കസറുകയാണ്. മതീഷ പതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍, ദീപക് ചഹാര്‍ എന്നിവര്‍ പേസ് നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. അനാവശ്യ പരീക്ഷണങ്ങള്‍ സിഎസ്‌കെ നടത്തുന്നതും ടീമിന് തിരിച്ചടിയാവുന്നത്. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ സിഎസ്‌കെ നിര്‍ബന്ധിതരാവുകയാണ്. എന്തായാലും വരുന്ന മത്സരങ്ങള്‍ സിഎസ്‌കെയ്ക്ക് ജീവന്‍ മരണ പോരാട്ടങ്ങളാണ്. 4 ജയങ്ങള്‍ നേടാനാവാതെ പോയാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും.