ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 11ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 199 റണ്‍സാണ് നേടിയത്.
മത്സരത്തിലെ പഞ്ചാബിന്റെ ബൗളിങ് ശരാശരി മാത്രമായിരുന്നു. പേസര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലിന് മാത്രം യാതൊരു മാറ്റവുമില്ല. 4 ഓവറില്‍ 45 റണ്‍സാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനുമായില്ല.
ഇപ്പോഴിതാ ഹര്‍ഷല്‍ പട്ടേലിനെതിരേ ട്രോളുകള്‍ നിറയുകയാണ്. ആര്‍സിബിയും പഞ്ചാബിലും ചെണ്ടയായി തുടര്‍ന്ന് ഹര്‍ഷല്‍ മാതൃകയാവുകയാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. 11.75 കോടിക്ക് ചെണ്ടയെ വാങ്ങിയ പഞ്ചാബിനെ നമിക്കുന്നുവെന്നാണ് ആരാധകര്‍ ട്രോളുന്നത്. യോര്‍ക്കര്‍ എറിയാനായി ശ്രമിച്ച് ഫുള്‍ട്ടോസ് മാത്രം എറിയുന്ന ബൗളറാണെന്നും ഹര്‍ഷലിനെ ടീമില്‍ കളിപ്പിക്കുന്നത് എതിരാളികള്‍ക്ക് മാത്രമാണ് ഗുണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

സാം കറെന്‍ 4 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ് 3 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടി. കഗിസോ റബാഡ 4 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റ് നേടി. പേസര്‍മാര്‍ക്ക് മികച്ച പിന്തുണ പിച്ചിലുണ്ട്.
എന്നാല്‍ ഹര്‍ഷല്‍ മാത്രം ചെണ്ടയായി തുടരുകയാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. അവസാന ഓവര്‍ അര്‍ഷ്ദീപിന് കൊടുക്കാതെ ഹര്‍ഷലിന് കൊടുത്ത നായകന്‍ ശിഖര്‍ ധവാനെയും ആരാധകര്‍ പരിഹസിക്കുന്നു.
റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും കാട്ടാത്ത ബൗളറാണ് ഹര്‍ഷല്‍. സ്ലോ ബോളുകളെറിയാന്‍ മിടുക്കനാണെങ്കിലും മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവില്ല. വിട്ടുകൊടുക്കുന്ന റണ്‍സ് കൂടാതെ എക്‌സ്ട്രാസിലൂടെയും ടീമിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവനാണ് ഹര്‍ഷലെന്നും അടുത്ത മത്സരം മുതല്‍ ഹര്‍ഷലിനെ പഞ്ചാബ് കളിപ്പിക്കരുതെന്നുമാണ് ആരാധകര്‍ പറയുന്നത്.
മികച്ച യുവപേസര്‍മാരുണ്ടായിട്ടും എന്തുകൊണ്ടാണ് ഹര്‍ഷലിന് ഇത്രയും കോടികള്‍ നല്‍കി ടീമിലെടുത്തതെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ആര്‍സിബിക്കൊപ്പം പര്‍പ്പിള്‍ ക്യാപ് നേടിയ ബൗളറാണ് ഹര്‍ഷല്‍. സിഎസ്‌കെയുടെ രവീന്ദ്ര ജഡേജ ഹര്‍ഷലിന്റെ ഒരോവറില്‍ 37 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 95 മത്സരം കളിച്ച് 114 വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 8.70 ആണ്.
ഡെത്തോവറിലെ തല്ലുകൊള്ളിയാണ് ഹര്‍ഷലെന്നും ഡിന്‍ഡ അക്കാദമിയില്‍ ഹര്‍ഷല്‍ മുന്‍ നിരക്കാരനാണെന്നും ആരാധകര്‍ ട്രോളുന്നു. ലഖ്‌നൗവിനെതിരേ 4 വൈഡാണ് താരം എറിഞ്ഞത്. വാങ്ങുന്ന പ്രതിഫലത്തോട് നീതികാട്ടാത്ത താരമാണ് ഹര്‍ഷലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ലഖ്‌നൗവിനെ 199 മികച്ച സ്‌കോറിലേക്കെത്തിച്ചത് ക്വിന്റന്‍ ഡീകോക്കിന്റേയും നിക്കോളാസ് പുരാന്റെയും ക്രുണാല്‍ പാണ്ഡ്യയുടേയും ബാറ്റിങ്ങാണ്. ഡീ കോക്ക് 38 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സോടെ ലഖ്‌നൗവിന്റെ ടോപ് സ്‌കോററായി.
നിക്കോളാസ് പുരാന്‍ 21 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടി. ക്രുണാല്‍ പാണ്ഡ്യ ഡെത്തോവറില്‍ തിളങ്ങി. 22 പന്ത് നേരിട്ട് 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 43 റണ്‍സാണ് ക്രുണാല്‍ നേടിയത്.