ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 53ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. പവര്‍പ്ലേയില്‍ 60 റണ്‍സ് നേടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചെങ്കിലും തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായത് സിഎസ്‌കെയുടെ റണ്‍റേറ്റിനെ ബാധിച്ചു. റുതുരാജ് ഗെയ്ക് വാദും ശിവം ദുബെയും അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ചഹാര്‍ പുറത്തായപ്പോള്‍ ഡാരില്‍ മിച്ചലിനെ ഹര്‍ഷല്‍ പട്ടേല്‍ എല്‍ബിയില്‍ കുടുക്കി.
തീര്‍ത്തും വിചിത്രമായ അംപയറുടെ തീരുമാനമാണ് മിച്ചലിന്റെ പുറത്താകലിന് കാരണമായത്. അംപയേഴ്‌സ് കോള്‍ നിയമത്തിന്റെ പിഴവ് എന്താണെന്ന് വ്യക്തമാക്കുന്നതാണ് മിച്ചലിന്റെ പുറത്താകല്‍. ഹര്‍ഷല്‍ പട്ടേലിന്റെ പന്ത് ലെഗ് സ്റ്റംപ് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും അംപയര്‍ ഇത് ഔട്ട് വിളിച്ചുവെന്നതാണ് കൗതുകകരമായ കാര്യം. അംപയറുടെ തീരുമാനത്തിന് പിന്നാലെ തന്നെ ഡാരില്‍ മിച്ചല്‍ റിവ്യൂവെടുത്തു. ലെഗ് സ്റ്റംപ് മിസായി പന്ത് പുറത്തേക്ക് പോയി എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ പന്ത്.
അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയാണ് മിച്ചല്‍ റിവ്യൂവെടുത്തത്. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ലെഗ് സ്റ്റംപില്‍ പന്തിന്റെ ഒരു ഭാഗം മാത്രമാണ് കൊള്ളുതെന്ന് വ്യക്തമായി. മിഡിലും ലെഗ്ഗുമായല്ല ഈ പന്ത് കൊള്ളുന്നത്. സ്വാഭാവികമായും അംപയര്‍ നോട്ടൗട്ട് വിളിക്കേണ്ടതായിരുന്നു. എന്നാല്‍ അംപയറുടെ തീരുമാനം ഔട്ടെന്നായിരുന്നു. അതുകൊണ്ടുതന്നെ തേര്‍ഡ് അംപയര്‍ പരിശോധനക്ക് ശേഷം അംപയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
നിലവിലെ നിയമപ്രകാരം തേര്‍ഡ് അംപയര്‍ അംപയര്‍ കോളിന് കൂടുതല്‍ പ്രാധാന്യം നല്‍കും. അതുകൊണ്ടുതന്നെ ഫീല്‍ഡ് അംപയറിന്റെ തീരുമാനം ഔട്ടെന്നാണെങ്കില്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ നേരിയ സാധ്യതകളുണ്ടെങ്കില്‍ പോലും ഫീല്‍ഡ് അംപയറുടെ തീരുമാനത്തോട് അനുകൂലമായി നില്‍ക്കും. അങ്ങനെ വരുമ്പോള്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം വളരെ നിര്‍ണ്ണായകമായി മാറും. പ്രത്യേകിച്ച് എല്‍ബി ഡബ്ല്യുവിലാണ് ഈ നിയമം വില്ലനാകുന്നത്.
ലെഗ് സ്റ്റംപിലേക്ക് പോകുന്ന പന്തുകളില്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിക്കുന്നത് വളരെ ആലോചിച്ചാവണം. ഇത്തരം സാധ്യതകളില്‍ ബാറ്റ്‌സ്മാന് പൂര്‍ണ്ണമായും എതിരായി തീരുമാനം എടുത്താല്‍ അത് വലിയ തിരിച്ചടിയായി മാറും. ഡാരില്‍ മിച്ചല്‍ മികച്ച ഫോമില്‍ കളിച്ച് വരവെയാണ് അംപയര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ലെഗ് സ്റ്റംപിലേക്കെത്തിയ പന്തില്‍ വിക്കറ്റ് അനുവദിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ അംപയറുടെ ഔട്ടാണെന്ന തീരുമാനം ശരിയാണെന്ന് വിധിക്കേണ്ട ഗതികേടിലേക്ക് തേര്‍ഡ് അംപയര്‍ എത്തുകയായിരുന്നു.

അംപയേഴ്‌സ് കോള്‍ നിയമം ഈ സീസണില്‍ പല തവണ വില്ലനായി. ഈ നിയമത്തിന്റെ പിഴവിന്റെ അവസാനത്തെ ഇരയാണ് മിച്ചില്‍. ഈ സീസണില്‍ മികച്ച പോരാട്ടങ്ങള്‍ കാണുന്നുണ്ടെങ്കിലും അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ പല മത്സരത്തിന്റേയും വിധി മാറ്റിയെഴുതി. അതുകൊണ്ടുതന്നെ മിച്ചലിന്റെ പുറത്താകലിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുകയാണ്.
തേര്‍ഡ് അംപയറുടെ തീരുമാനത്തിന് പിന്നാലെ മിച്ചല്‍ അംപയറോട് ദേഷ്യപ്പെട്ടാണ് കളം വിട്ടത്. 19 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 30 റണ്‍സാണ് മിച്ചല്‍ നേടിയത്. ആത്മവിശ്വാസത്തോടെ മിച്ചല്‍ കളിക്കവെയാണ് അംപയറുടെ തെറ്റായ തീരുമാനം ഉണ്ടാകുന്നത്. എന്തായാലും തീര്‍ത്തും നിരാശപ്പെടുത്തുന്ന തീരുമാനമായിരുന്നു അംപയറുടേത്.
മത്സരത്തില്‍ സിഎസ്‌കെ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അതില്‍ അംപയറുടെ തെറ്റായ തീരുമാനത്തിന് വലിയ പങ്കുണ്ടാവുമെന്ന് പറയാം. അംപയറിങ് മെച്ചപ്പെടുത്താത്ത പക്ഷം വരുന്ന മത്സരങ്ങളിലും ഇതേ പ്രശ്‌നങ്ങള്‍ താരങ്ങള്‍ നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.