ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നാലാം സ്ഥാനക്കാരായി ആരാവും പ്ലേ ഓഫിലേക്കെത്തുമെന്ന് അറിയാനുള്ള വാശിയേറിയ പോരാട്ടമാണ് സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ നടക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കവും ആര്‍സിബിക്ക് നല്‍കി. എന്നാല്‍ മത്സരത്തില്‍ ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ് പുറത്തായത് ഇപ്പോള്‍ വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
മിച്ചല്‍ സാന്റ്‌നറുടെ പന്തിലാണ് ദൗര്‍ഭാഗ്യകരമായി ഡുപ്ലെസിസ് മടങ്ങിയത്. 39 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 54 റണ്‍സ് നേടിയ ഡുപ്ലെസിസ് നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കവെയാണ് റണ്ണൗട്ടായത്. സാന്റ്‌നറുടെ പന്തില്‍ രജത് പാട്ടീധാര്‍ കളിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് സാന്റ്‌നറുടെ കൈവിരലില്‍ തട്ടി നോണ്‍സ്‌ട്രൈക്കിലെ സ്റ്റംപില്‍ കൊണ്ടു. ഈ സമയത്ത് ഡുപ്ലെസിസ് നേരിയ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നുവെന്നാണ് തേര്‍ഡ് അംപയര്‍ വിധിച്ചത്.
ഇഞ്ചുകളുടെ വ്യത്യാസം പോലും അവകാശപ്പെടാനാവാത്ത വിധമായിരുന്നു ക്രീസും ബാറ്റും തമ്മിലുള്ള ദൂരം. തേര്‍ഡ് അംപയറുടെ തീരുമാനം വന്നപ്പോള്‍ തലയില്‍ കൈവെച്ചാണ് ആര്‍സിബി ഡഗൗട്ടിലെ സഹതാരങ്ങള്‍ പ്രതികരിച്ചത്. അത് ഔട്ടല്ലെന്ന് ആര്‍സിബി താരങ്ങള്‍ കൈകാണ്ട് ആഗ്യം കാട്ടുകയും ചെയ്തു. രജത് പാട്ടീധാറും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. എന്നാല്‍ നിരാശയോടെ ഡുപ്ലെസിസ് കളം വിടുകയാണ് ചെയ്തത്.
ഇപ്പോഴിതാ ഡുപ്ലെസിസിന്റെ റണ്ണൗട്ട് വലിയ ചര്‍ച്ചയാവുകയാണ്. അത് നോട്ടാട്ടാണെന്നും അംപയര്‍ സിഎസ്‌കെയ്‌ക്കൊപ്പം നിന്നത് സംശയകരമാണെന്നും ആരോപിക്കുകയാണ് ആരാധകര്‍. സിഎസ്‌കെയുടെ മത്സരങ്ങളില്‍ അംപയറുടെ പല തീരുമാനങ്ങളും ചാമ്പ്യന്‍ നിരക്ക് അനുകൂലമായാണ്. ഇതാണ് ആര്‍സിബിക്കെതിരേയും കണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. അംപയറെ സിഎസ്‌കെ സ്വാധീനിച്ചുവെന്നാണ് ആരാധക പക്ഷം.

പന്ത് സ്റ്റംപില്‍ കൊള്ളുമ്പോള്‍ ഡുപ്ലെസിന്റെ ബാറ്റിന്റെ അഗ്രം ക്രീസിലുണ്ടായിരുന്നുവെന്നാണ് ആര്‍സിബി ആരാധകര്‍ വാദിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം വിലയിരുത്തുമ്പോള്‍ അത് ബാറ്റ്‌സ്മാന് അനുകൂലമായി വിളിക്കണമായിരുന്നു. എന്നാല്‍ ബൗളര്‍ക്ക് അനുകൂലമായി തേര്‍ഡ് അംപയര്‍ വിധിച്ചത് സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബിയെ സംബന്ധിച്ച് ഡുപ്ലെസിസിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്.
മികച്ച ഫോമില്‍ അര്‍ധ സെഞ്ച്വറിയോടെ ഡുപ്ലെസിസ് കസറവെയാണ് ദൗര്‍ഭാഗ്യകരമായ പുറത്താകല്‍. തേര്‍ഡ് അംപയര്‍ സിഎസ്‌കെയ്‌ക്കൊപ്പമാണെന്നും പണം വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഡുപ്ലെസിസ് ക്രീസില്‍ നിന്നിരുന്നെങ്കില്‍ വലിയ സ്‌കോറിലേക്ക് ആര്‍സിബി പോകുമായിരുന്നു. ഇത് സംഭവിക്കാതിരിക്കാനാണ് അംപയര്‍ ഇത്തരമൊരു കള്ളക്കളി നടത്തിയതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
എന്തായാലും ഡുപ്ലെസിസിന്റെ പുറത്താകല്‍ മത്സരത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണെന്ന് നിസംശയം പറയാം. ആര്‍സിബി തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ തേര്‍ഡ് അംപയര്‍ക്കെതിരേ വ്യാപക വിമര്‍ശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. സിഎസ്‌കെയുടെ മത്സരങ്ങളില്‍ അംപയര്‍മാരെടുക്കുന്ന തീരുമാനങ്ങള്‍ ഇതിന് മുമ്പും വിവാദമായിട്ടുണ്ട്. നിര്‍ണ്ണായകമായ മത്സരത്തില്‍ ഇത്തരമൊരു വിവാദ റണ്ണൗട്ട് സംഭവിച്ചതോടെ സിഎസ്‌കെയ്‌ക്കെതിരേയും അംപയര്‍ക്കെതിരേയും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തുകയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 3 ഓവറില്‍ വിക്കറ്റ് പോവാതെ 31 റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായെത്തി. എന്നാല്‍ കളി പുനരാരംഭിക്കാന്‍ സാധിച്ചു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 78ല്‍ നില്‍ക്കവെ കോലിയെ ആര്‍സിബിക്ക് നഷ്ടമായി.
29 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയാണ് കോലി പുറത്തായത്. സീസണില്‍ 700 റണ്‍സും കോലി പിന്നിട്ടു. ഈ മത്സരത്തില്‍ 18 റണ്‍സിനോ 11 പന്ത് ബാക്കിനിര്‍ത്തിയോ ജയിക്കാതെ ആര്‍സിബിക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല.