ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ് ആര്‍സിബി. ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ഫഫ് ഡുപ്ലെസിസും സംഘവും പ്ലേ ഓഫില്‍ സീറ്റ് നേടിയത്. നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബി 5 വിക്കറ്റിന് 218 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 7 വിക്കറ്റിന് 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അവസാന ഓവറില്‍ യഷ് ദയാല്‍ നടത്തിയ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. അവസാന ഓവറില്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ക്രീസിലുണ്ടായിരുന്നിട്ടും പിടിച്ചുകെട്ടി ജയമൊരുക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. ഇപ്പോഴിതാ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തിന് സഹായിച്ചത് ധോണിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആര്‍സിബി വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. അവസാന ഓവറിലെ സിക്‌സറാണ് കളി മാറ്റിയതെന്നാണ് കാര്‍ത്തിക് പറയുന്നത്.

'ധോണി 110 മീറ്റര്‍ സിക്‌സര്‍ നേടിയതാണ് കളിയില്‍ വഴിത്തിരിവായത്. ധോണിയുടെ സിക്‌സര്‍ മൈതാനത്തിന് പുറത്തായതോടെ പുതിയ പന്ത് ലഭിച്ചു. ഇത് പഴയ പന്തിനെക്കാളും അല്‍പ്പം കൂടി മികച്ചതായിരുന്നു. ഇതോടൊപ്പം യഷിന്റെ മികച്ച ബൗളിങ്ങും ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ജയിച്ചു' കാര്‍ത്തിക് പറഞ്ഞു. അവസാന ഓവറിലെ ആദ്യ പന്തിലാണ് ധോണിയുടെ തകര്‍പ്പന്‍ സിക്‌സര്‍ പിറക്കുന്നത്. ഇത് മൈതാനത്തിന്റെ വെളിയില്‍ പോയി.
ഇതോടെ ആര്‍സിബി തോല്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പുതിയ പന്ത് ലഭിച്ചതോടെ ദയാലിന് അല്‍പ്പം കൂടി ഗ്രിപ്പ് കിട്ടി. താരമത് നന്നായി മുതലാക്കുകയും ചെയ്തതോടെ സിഎസ്‌കെ പൊരുതി വീഴുകയായിരുന്നു. കാര്‍ത്തികിന്റെ വിലയിരുത്തല്‍ വളരെ ശരിയാണെന്ന് തന്നെ പറയാം. എറിഞ്ഞുകൊണ്ടിരുന്ന പന്തില്‍ ഈര്‍പ്പത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. മഴപെയ്ത് പിച്ചില്‍ നനവും ഉണ്ടായിരുന്നതിനാല്‍ ബൗളര്‍ക്ക് മികച്ച ലൈനില്‍ പന്തെറിയുക പ്രയാസമായിരുന്നു.
ഈ സമയത്താണ് ധോണിയുടെ സിക്‌സര്‍ പന്ത് മാറ്റാനുള്ള അവസരം നല്‍കുന്നത്. ഇത് ആര്‍സിബി കൃത്യമായും മുതലാക്കുകയും ചെയ്തതോടെ ജയവും പ്ലേ ഓഫ് ടിക്കറ്റും ആര്‍സിബിക്ക് ലഭിച്ചു. പുതിയ പന്ത് ലഭിച്ച ആദ്യ പന്തില്‍ത്തന്നെ എംഎസ് ധോണിയെ ദയാല്‍ പുറത്താക്കി. ഇതോടെ മത്സരത്തിന്റെ ഗതി മാറി. സിക്‌സറിന് ശ്രമിച്ച ധോണിക്ക് പിഴച്ചപ്പോള്‍ സ്വപ്‌നില്‍ സിങ് പന്ത് കൈയിലാക്കി. ശാര്‍ദ്ദുല്‍ ടാക്കൂറിനേയും ജഡേജയേയും പിടിച്ചുകെട്ടാണ് ദയാലിന് സാധിച്ചു.
അവസാന ആറ് മത്സരത്തിലും തുടര്‍ ജയങ്ങള്‍ നേടിയാണ് ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയിരിക്കുന്നത്. രണ്ട് മത്സരങ്ങള്‍ അകലെ കന്നി ഐപിഎല്‍ കിരീടം ആര്‍സിബിയെ കാത്തിരിക്കുന്നു. കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. സിഎസ്‌കെ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ പരിക്കാണ് സീസണില്‍ ടീമിനെ തളര്‍ത്തിയത്. പേസ് നിരയിലെ മൂന്ന് പ്രധാന ബൗളര്‍മാരും സിഎസ്‌കെ ടീമിന് പുറത്തായി.
ദീപക് ചഹാറും മതീഷ പതിരാനയും പരിക്കിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നാട്ടിലേക്കും മടങ്ങി. ഇതാണ് സിഎസ്‌കെയെ തളര്‍ത്തിയത്. എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞ് റുതുരാജ് ഗെയ്ക് വാദ് ക്യാപ്റ്റനായ ശേഷമുള്ള ആദ്യ സീസണില്‍ത്തന്നെ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് നഷ്ടമായി എന്നതാണ് എടുത്തു പറയേണ്ടത്. എംഎസ് ധോണിയുടെ അവസാന സീസണാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് കിരീടം നേടാനാവാതെ പോയത് ആരാധകരെ നിരാശപ്പെടുത്തുന്നു. എന്തായാലും ആര്‍സിബിക്ക് ഇത്തവണ ഭാഗ്യത്തിന്റെ പിന്തുണയുണ്ട്. ഇത് മുതലാക്കി കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ആര്‍സിബി ഇത്തവണ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.