അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പോരാട്ടം പ്ലേ ഓഫിനോടടുക്കുകയാണ്. മത്സരങ്ങള്‍ ആവേശകരമായി മാറവെ സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 231 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 8 വിക്കറ്റിന് 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
12 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ സിഎസ്‌കെ നാലാം സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫ് സാധ്യത മങ്ങിയിരിക്കുകയാണ്. എന്നാല്‍ മത്സരശേഷം സിഎസ്‌കെയുടെ തോല്‍വിയേക്കാളേറെ ചര്‍ച്ചയായത് എംഎസ് ധോണിയുടെ ബാറ്റിങ്ങും ആരാധകര്‍ കാലില്‍ തൊട്ട് അനുഗ്രഹം തേടിയതുമാണ്. ഇപ്പോഴിതാ സിഎസ്‌കെയുടെ തോല്‍വിക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ധോണിക്കല്ലെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
'എംഎസ് ധോണിയുടെ ബാറ്റിങ് ഓഡറിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് അവസാനമിടാം. എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. അത് അവന്റെ തീരുമാനമാണ്. എന്നാല്‍ ടീം ജയിക്കണമെങ്കില്‍ ധോണിയുടെ ബാറ്റിങ് ഓഡര്‍ നോക്കാതെ ധോണിയുടെ അതേ സ്‌ട്രൈക്ക് റേറ്റില്‍ ടോപ് ഓഡര്‍ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണം. സുദര്‍ശന്റേയും ശുബ്മാന്റേയും നിലവാരത്തിനൊപ്പം മോയിന്‍ അലി-മിച്ചല്‍ കൂട്ടുകെട്ടിന് ഉയരാനായില്ല.
ഇവരിലൊരാള്‍ സെഞ്ച്വറി നേടുകയും ജഡേജയോ ഗില്ലോ 20 പന്തില്‍ അര്‍ധ സെഞ്ച്വറിയോ നേടണമായിരുന്നു. ധോണിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ധോണി എവിടെ ബാറ്റ് ചെയ്താലും കുഴപ്പമില്ല. അവന്‍ നന്നായി കളിക്കുകയും ആരാധകരെ ആസ്വദിപ്പിക്കുകയും ചെയ്യുന്നുണ്ട്.' സെവാഗ് പറഞ്ഞു. ധോണി എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തുന്നത്. കാലിന് പരിക്കേറ്റിട്ടും ധോണി ഇപ്പോഴും കളിക്കുന്നുണ്ടെന്നത് അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നത്.

ഫിനിഷര്‍ റോളിലെത്തുന്ന ബാറ്റ്‌സ്മാന്റെ ദൗത്യം കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടുകയെന്നതാണ്. ധോണിക്ക് അതിന് സാധിക്കുന്നുണ്ട്. ഗുജറാത്തിനെതിരേ 11 പന്തില്‍ 26 റണ്‍സോടെ ധോണി പുറത്താവാതെ നിന്നു. മിക്ക മത്സരങ്ങളിലും മികച്ച സ്‌ട്രൈക്ക് റേറ്റോടെ ഫിനിഷ് ചെയ്യാന്‍ ധോണിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ സിഎസ്‌കെയുടെ ടോപ് ഓഡര്‍ താരങ്ങളുടെ പ്രകടനമാണ് നിരാശപ്പെടുത്തുന്നതെന്ന് പറയാം. ഓപ്പണിങ്ങില്‍ അജിന്‍ക്യ രഹാനെ നിരാശപ്പെടുത്തുന്നു.
സീസണില്‍ മൂന്നാം നമ്പറിലും ഓപ്പണിങ്ങിലുമെല്ലാം രഹാനെ ദുരന്തമായി. നായകന്‍ റുതുരാജ് ഗെയ്ക് വാദ് മികച്ച ഫോമില്‍ സ്ഥിരതയോടെ കളിക്കുന്നുണ്ട്. എന്നാല്‍ മികച്ച പിന്തുണ ലഭിക്കുന്നില്ല. ശിവം ദുബെ മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ അവസാന മൂന്ന് മത്സരത്തില്‍ രണ്ട് ഗോള്‍ഡന്‍ ഡെക്കാണ് ദുബെ നേടിയത്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് വരുന്ന മത്സരങ്ങള്‍ പ്രയാസമാണ്. രണ്ട് മത്സരത്തിലും വമ്പന്‍ ജയം നേടാതെ ടീമിന് പ്ലേ ഓഫില്‍ സീറ്റ് നേടാനാവില്ല.
ടീമിന്റെ പ്രധാന ബൗളര്‍മാരായ മുസ്തഫിസുര്‍ റഹ്‌മാനും മതീഷ് പതിരാനയും ദേശീയ ടീമിലേക്ക് മടങ്ങി. ഇത് സിഎസ്‌കെയ്ക്ക് വലിയ പ്രഹരമാണ് നല്‍കിയത്. ദീപക് ചഹാറിന് പരിക്കേറ്റതും സിഎസ്‌കെയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. പ്ലേ ഓഫിലേക്കെത്തിയാലും മികച്ച ബൗളര്‍മാരുടെ അഭാവം സിഎസ്‌കെയുടെ താളം തെറ്റിക്കും. നിലവിലെ യുവ ബൗളര്‍മാരുമായി സിഎസ്‌കെയ്ക്ക് മുന്നോട്ട് പോവുക പ്രയാസമായിരിക്കുമെന്ന് പറയാം.
ശുബ്മാന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സും നേടി 210 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി മാറിയത്. സിഎസ്‌കെയ്‌ക്കെതിരേ ആദ്യമായാണ് ഒരു ടീമിന്റെ ഓപ്പണര്‍മാര്‍ 150 പ്ലസ് റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഇത് സിഎസ്‌കെയുടെ ബൗളിങ് ദൗര്‍ബല്യമാണ് എടുത്തുകാട്ടുന്നത്.