ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല. ആദ്യത്തെ രണ്ട് മത്സരം ജയിച്ച സിഎസ്‌കെ പിന്നീടുള്ള രണ്ട് മത്സരം തോറ്റു. നായകസ്ഥാനം ധോണി റുതുരാജിന് കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ യുവനായകന് കീഴില്‍ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ കടുപ്പമാവുകയാണ്. രണ്ട് തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ റുതുരാജ് ഗെയ്ക് വാദിനെ സിഎസ്‌കെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
നായകനെന്ന നിലയില്‍ റുതുരാജിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. സിഎസ്‌കെയില്‍ നായക സ്ഥാന മാറ്റം നടന്നത് പേരിന് മാത്രമാണ്. ഇപ്പോഴും ധോണി തന്നെയാണ് സിഎസ്‌കെയുടെ പ്രധാന തീരുമാനങ്ങളെടുക്കുന്നത്. റുതുരാജിന് സിഎസ്‌കെയുടെ നായകസ്ഥാനത്ത് തുടരാന്‍ താല്‍പര്യക്കുറവുണ്ടെന്നും നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാകവെ സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് തന്നെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
റുതുരാജ് തുടരുമെന്നും അദ്ദേഹത്തിന്റെ മോശം ബാറ്റിങ്ങിനെ കാര്യമാക്കുന്നില്ലെന്നുമാണ് ഫളമിങ് പറയുന്നത്. 'റുതുരാജ് ഗെയ്ക് വാദിന്റെ ബാറ്റിങ് ഫോം ഇപ്പോള്‍ കാര്യമാക്കുന്നില്ല. ഉയര്‍ച്ചയിലൂടേയും താഴ്ച്ചയിലൂടെയും കടന്ന് പോകുന്നത് ടൂര്‍ണമെന്റില്‍ സ്വാഭാവികമായും സംഭവിക്കുന്നതാണ്. ഇതൊരു വലിയ ടൂര്‍ണമെന്റാണ്. എപ്പോഴും റണ്‍സ് കണ്ടെത്താന്‍ കഴിവുള്ളവനാണ് റുതുരാജ്. അവന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്. നായകസ്ഥാനം അത്ര എളുപ്പമുള്ള ജോലിയല്ല.
എന്നാല്‍ അനായാസം അവന് ഈ റോള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. തീരുമാനങ്ങളെടുക്കുന്നതില്‍ ധോണി ഇപ്പോഴും പ്രധാനപ്പെട്ട ഘടകമാണ്. ധോണിക്കൊപ്പം ജഡേജയും പ്രധാന തീരുമാനം എടുക്കുന്നതില്‍ റുതുരാജിനെ സഹായിക്കുന്നുണ്ട്' ഫ്‌ളമിങ് പറഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മോയിന്‍ അലിയേയും മഹേഷ് തീക്ഷണയേയും റുതുരാജ് വേണ്ടവിധം ഉപയോഗിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

നായകനായതോടെ റുതുരാജിന്റെ ബാറ്റിങ് പ്രകടനം മോശമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ അദ്ദേഹത്തിന്റെ നിലവിലെ പ്രകടനത്തില്‍ സന്തോഷവാന്മാരല്ല. മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ സിഎസ്‌കെ താരങ്ങള്‍ക്കാവുന്നില്ല. പവര്‍പ്ലേയിലും ഡെത്തോവറിലും അതിവേഗം റണ്‍സുയര്‍ത്താന്‍ താരങ്ങള്‍ക്കാവുന്നില്ലെന്നതാണ് വസ്തുത. ഇത് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നു. ഹൈദരാബാദിനെതിരേ ടീമിന് സംഭവിച്ചത് ഈ പിഴവാണെന്നാണ് ഫ്‌ളമിങ് പറയുന്നത്.
'ഹൈദരാബാദിനെതിരേ ഞങ്ങളുടെ പ്രകടനം പ്രതീക്ഷിച്ച അത്ര ഉയര്‍ന്നില്ല. തുടക്കം വളരെ പതിയെയായിരുന്നു. ആദ്യത്തെ ആറ് ഓവറിലെ വ്യത്യാസം വളരെ വലുതായിരുന്നു. അവര്‍ നന്നായി കളിച്ചു. ഡല്‍ഹിക്കെതിരേ തോറ്റെങ്കിലും സിഎസ്‌കെയുടെ ബാറ്റിങ് മികച്ചതായിരുന്നു. സമ്മര്‍ദ്ദം സൃഷ്ടിക്കാനും നന്നായി ബാറ്റുചെയ്യാനുമായി. ഹൈദരാബാദിനെതിരേ 20 റണ്‍സ് ഞങ്ങള്‍ക്ക് കുറവായിരുന്നു. ടി20യില്‍ 20 റണ്‍സിന് വലിയ വിലയുണ്ട്' ഫ്‌ളമിങ് കൂട്ടിച്ചേര്‍ത്തു.
സിഎസ്‌കെ പെട്ടെന്ന് ഒരു ടീമിനേയും തള്ളിപ്പറയുന്ന ടീമല്ല. ഫോമിലേക്കെത്തുന്നതുവരെ താരങ്ങളെ പിന്തുണക്കുന്നവരാണ് സിഎസ്‌കെ ടീം. റുതുരാജ് ഗെയ്ക് വാദിനെ നായകനെന്ന നിലയില്‍ സിഎസ്‌കെ ഇനിയും പിന്തുണക്കുകയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. നിലവിലെ രണ്ട് തോല്‍വികള്‍ റുതുരാജിനെ തളര്‍ത്തുമെന്ന് കരുതാനാവില്ല. ശാന്തതയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരമാണ് റുതുരാജ്.
എന്നാല്‍ വളരാന്‍ സമയം ആവശ്യമാണ്. നിലവില്‍ എംഎസ് ധോണിയെന്ന നായകന് കീഴില്‍ വളര്‍ന്ന ടീമാണ് സിഎസ്‌കെ. ഈ മികവിന് ഒപ്പമെത്തുകയെന്നത് വളരെ പ്രയാസമാണ്. ആരാധകര്‍ റുതുരാജിനെ താരതമ്യപ്പെടുത്തുന്നത് ധോണിയുടെ മികവുമായാണ്. അതുകൊണ്ടുതന്നെ റുതുരാജിന് ആ നിലവാരത്തിനൊപ്പം എത്താന്‍ കൂടുതല്‍ അനുഭവസമ്പത്ത് ആവശ്യമാണ്. നിലവില്‍ ധോണിയാണ് എല്ലാ പ്രധാന തീരുമാനങ്ങളുമെടുക്കുന്നത്. റുതുരാജിന് സ്വന്തം തീരുമാനമെടുത്ത് വളരാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്.