17ാമത് ഐപിഎല്‍ സീസണിനായി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതു മുതല്‍ പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മയെ നീക്കി ഹാര്‍ദിക്കിനെ നായകനാക്കിയത് ആരാധകരെ സംബന്ധിച്ച് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ വലിയ ആരാധക രോഷമാണ് മുംബൈ ടീം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇതിനിടെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രോഹിത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരില്‍ ചിലര്‍ ട്രേഡ് വിന്‍ഡോയില്‍ ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. ഇവരിലൊരാളെ വാങ്ങാന്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ശ്രമിക്കുന്നതായി സൂചനകളും വന്നിരുന്നു. ഇപ്പോഴിതാ ഇവയോടു പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

ഐപിഎല്ലിലെ താരലേലത്തിനു വേണ്ടി ദുബായിലെത്തിയ ശേഷം ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് മുംബൈ ഇന്ത്യന്‍സില്‍ സിഎസ്‌കെ റെയ്ഡ് നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു അദ്ദേഹം മറുപടി നല്‍കിയത്. കളിക്കാരെ ഫ്രഞ്ചൈസികള്‍ പരസ്പരം വാങ്ങുകയും വില്‍ക്കുകയുമെന്ന രീതിയോടു തങ്ങള്‍ക്കു യോജിപ്പില്ലെന്നാണ് കാശി വിശ്വനാഥന്‍ പറയുന്നത്.
ഞങ്ങള്‍ കളിക്കാരെ ട്രേഡ് ചെയ്യാറില്ല. മുംബൈ ഇന്ത്യന്‍സുമായി ട്രേഡ് നടത്താന്‍ ഞങ്ങള്‍ക്കു താരങ്ങളുമില്ല. ഞങ്ങള്‍ അവരെ സമീപിച്ചിട്ടില്ല, അതിന്റെ ഉദ്ദേശവുമില്ലെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി. ഇതോടെ മുംബൈയില്‍ നിന്നും ഒരു വമ്പന്‍ താരം ട്രേഡ് വിന്‍ഡോയില്‍ സിഎസ്‌കെയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.
അതിനിടെ രോഹിത്തിനെ ടീമിലേക്കു കൊണ്ടു വരാന്‍ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും മുംബൈയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇതു മുംബൈ തള്ളുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതിന്റെ പേരില്‍ മുംബൈ ടീമിനകത്തു തകര്‍ക്കങ്ങളുണ്ടെന്നും സീനിയര്‍ കളിക്കാര്‍ അസംതൃപ്തരാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മുഖ്യ കോച്ചും മുന്‍ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ മാര്‍ക്ക് ബൗച്ചര്‍ തള്ളിയിരിക്കുകയാണ്. തങ്ങള്‍ എടുത്ത വലിയ തീരുമാനവുമായി ബന്ധപ്പെട്ടുള്ള വികാരങ്ങള്‍ മനസ്സിലാക്കുന്നതായും പക്ഷെ ഇതു ടീമിനെ സംബന്ധിച്ചു മാറ്റത്തിന്റെ ഘട്ടമാണെും ബൗച്ചര്‍ വ്യക്തമാക്കി.
ഗ്രൂപ്പിലെ നേതൃനിരയുമായും ടീമിലെ ചില താരങ്ങളുമായും ഇതേക്കുറിച്ചു ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതു തികച്ചും ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടമാണെന്നും ഞാന്‍ കരുതുന്നു. ഇതു ക്രിക്കറ്റെന്ന ഗെയിമാണ്. മുംബൈ ഇന്ത്യന്‍സ് മുന്നോട്ടാണ് പോവുന്നത്. രോഹിത് ഞങ്ങളെ സംബന്ധിച്ച് വളരെ മികച്ച ഒരു ക്യാപ്റ്റനായിരുന്നു.

മുംബൈ ഇന്ത്യന്‍സിലെ കരുത്തനായ സാന്നിധ്യവുമാണ് അദ്ദേഹം. വളരെ നന്നായി തന്റെ റോള്‍ നിര്‍വഹിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. പുതിയ ക്യാപ്റ്റനോടൊപ്പം മുന്നോട്ടു പോവാനും മാറ്റത്തിന്റെ ഘട്ടത്തിലേക്കു കടക്കാനും ഞങ്ങള്‍ എടുത്ത തീരുമാനമാണിത്. എല്ലാ വികാരങ്ങളെയും മറ്റുള്ള കാര്യങ്ങളെയുമെല്ലാം മാറ്റി നിര്‍ത്തിയാല്‍ എല്ലാം വളരെ സിംപിളാണെന്നും ബൗച്ചര്‍ വിശദമാക്കി.
സോഷ്യല്‍ മീഡിയ വഴി അഭ്യൂഹങ്ങളെക്കുറിച്ചും മറ്റു പലതിനെക്കുറിച്ചും ഞാനും കേട്ടിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ഈ തരത്തിലുള്ള കാര്യങ്ങളൊന്നും ഞാന്‍ വലിയ ഗൗരവത്തോടെ എടുക്കാറില്ല. കഴിയാവുന്നത്രയും നല്ല രീതിയിലാണ് ഞങ്ങള്‍ കാര്യങ്ങളെ കൈകാര്യം ചെയ്തതെന്നു എനിക്കു പറയാന്‍ സാധിക്കും.
ഞങ്ങള്‍ക്കു പുറത്തു നിന്നുള്ള വികാരങ്ങളെയും മറ്റു കാര്യങ്ങളെയും കുറിച്ചെല്ലാം മനസ്സിലാവും. പക്ഷെ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചു ഇതൊരു മാറ്റത്തിന്റെ ഘട്ടമാണ്. മുന്നോട്ടു പോവുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നമ്മള്‍ അവിടെയാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നതെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.