മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റിയ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ മുതല്‍ മുംബൈ ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രോഹിത് ആരാധകരെല്ലാം മുംബൈ ടീമിന് എതിരായപ്പോള്‍ പല ആരാധകരും ടീമിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. മുംബൈ ടീമിനുള്ളില്‍ ഹാര്‍ദിക്കിന് വലിയ പിന്തുണയും ലഭിച്ചില്ല.
ഇതോടെ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ മുംബൈ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ടീം മാനേജ്‌മെന്റിന്റേയും സീനിയര്‍ താരങ്ങളുടേയും ഇടപെടല്‍ മൂലം മുംബൈ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയായിരുന്നു. ടീം പതിയെ വിജയ വഴിയില്‍ തിരിച്ചെത്തിയതോടെ മുംബൈ ടീമിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമായെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുംബൈ ടീമിനുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
മുംബൈയില്‍ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന മുഹമ്മദ് നബിയുടേയും ജസ്പ്രീത് ബുംറയുടേയും തുറന്ന് പറച്ചിലുകളാണ് പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന് ശേഷമാണ് ബുംറ ഹാര്‍ദിക്കിനെതിരേ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പവര്‍പ്ലേയില്‍ പന്തെറിയാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നാണ് ഹാര്‍ദിക് പറയുന്നത്. നേരത്തെ രോഹിത് ക്യാപ്റ്റനായിരിക്കെ മുംബൈയുടെ ഓപ്പണിങ് ബൗളറായിരുന്നു ബുംറ.
എന്നാല്‍ ഹാര്‍ദിക് നായകനായതോടെ പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമായി ബുംറയെ ഒതുക്കി. നാലാം ഓവറിലേക്ക് ബുംറ ഹാര്‍ദിക്കിനെ തഴയുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍ അവസാന മത്സരങ്ങളിലെല്ലാം രണ്ടാം ഓവറില്‍ ബുംറക്ക് ബൗളിങ് നല്‍കിയിട്ടുണ്ട്. പക്ഷെ പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമാണ് ഹാര്‍ദിക് ബുംറക്ക് നല്‍കുന്നത്. ഇതില്‍ സ്റ്റാര്‍ ബൗളര്‍ക്ക് അതൃപ്തിയുണ്ട്. ബുംറയെ മധ്യ ഓവറിലേക്കും ഡെത്തോവറിലേക്കും ഉപയോഗിക്കാനാണ് ഹാര്‍ദിക്കിന് താല്‍പര്യം.

മികച്ച ബൗളിങ് പ്രകടനത്തോടെ ബുംറ കൈയടി വാങ്ങുന്നുമുണ്ട്. നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ബുംറ. എന്നാല്‍ മുംബൈ ടീമിനുള്ളില്‍ ബുംറ സന്തോഷവാനല്ലെന്നതാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമാവുന്നത്. രോഹിത് - ഹാര്‍ദിക് ബന്ധം മെച്ചപ്പെട്ട് വരികെയാണ് ബുംറ ഹാര്‍ദിക്കിനെതിരേ എത്തിയിരിക്കുന്നത്. ഇത് മുംബൈ ടീമിനുള്ളില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മുഹമ്മദ് നബിയും പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമാണ് ഹാര്‍ദിക്കിന്റെ കീഴില്‍ കളിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കിയത്. പഞ്ചാബിനെതിരേ നബി പ്ലേയിങ് 11ല്‍ ഉണ്ടായിരുന്നെങ്കിലും ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് ഒരു ആരാധകന്‍ പങ്കുവെച്ച പോസ്റ്റ് ഉള്‍പ്പെടുത്തിയാണ് നബി ഹാര്‍ദിക്കിനോടുള്ള അതൃപ്തി വ്യക്തമാക്കിയത്.
'ചില നായകന്മാരുടെ തീരുമാനങ്ങള്‍ വിചിത്രമായതും അത്ഭുതപ്പെടുത്തുന്നതുമാണ്. എന്തുകൊണ്ടാണ് മുഹമ്മദ് നബിയെക്കൊണ്ട് പന്തെറിയിപ്പിക്കാത്തത്?' എന്നായിരുന്നു ആരാധകന്റെ പോസ്റ്റ്. ഇതാണ് നബി തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തി ആരാധകരുമായി പങ്കുവെച്ചത്. ഓള്‍റൗണ്ടറായ നബിയെ മുംബൈ വേണ്ടവിധം ഉപയോഗിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണിങ് ബൗളറായി നബിയെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഒരോവറിന് ശേഷം പിന്നീട് അദ്ദേഹത്തിന് ഓവര്‍ നല്‍കിയിട്ടില്ല.
ഇതില്‍ നബിക്ക് അതൃപ്തിയുണ്ട്. പഞ്ചാബിനെതിരായ മത്സരശേഷം നബി പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയായി. വിവാദം കത്തിയതോടെ നബി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നബിയുടേയും ബുംറയുടേയും പ്രതികരണങ്ങള്‍. 7 മത്സരത്തില്‍ നിന്ന് 3 ജയം മാത്രം നേടിയ മുംബൈക്ക് വരുന്ന മത്സരങ്ങളെല്ലാം വളരെ നിര്‍ണ്ണായകമാണ്. അല്ലാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല.
ഈ സാഹചര്യത്തില്‍ ടീമിനുള്ളിലെ പുതിയ പ്രശ്‌നങ്ങള്‍ മുംബൈയെ പിന്നോട്ടടിക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്തായാലും മുംബൈ ടീമില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് വ്യക്തം.