IPL 2023: സഞ്ജുവും സൂര്യയുമില്ല! കീപ്പര്‍ റിഷഭ്, ഐപിഎല്ലിലെ ബെസ്റ്റ് അഗ്രസീവ് 11 ഇതാ

ഐപിഎല്ലിന്റെ 16ാം സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മിനി താരലേലം പൂര്‍ത്തിയായതിനാല്‍ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. അവസാന സീസണുകളിലെ പിഴവുകള്‍ നികത്തി ശക്തമായ തിരിച്ചുവരവാണ് ടീമുകള്‍ പ്രതീക്ഷിക്കുന്നത്.
ഐപിഎല്ലില്‍ വെടിക്കെട്ട് താരങ്ങള്‍ക്കാണ് താരമൂല്യം. തുടക്കം മുതല്‍ കടന്നാക്രമിക്കേണ്ടത് ടി20യില്‍ അത്യാവശ്യം. ഈ കഴിവ് അധികം താരങ്ങള്‍ക്കില്ലെന്നതാണ് വസ്തുത. കൈക്കരുത്തിനൊപ്പം ഭയമില്ലാത്ത മനസും ഇതിന് ആവിശ്യം.
ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍-വീരേന്ദര്‍ സെവാഗ്
ആരാധകര്‍ എന്നെന്നും കാണാന്‍ ആഗ്രഹിച്ചതും സാധ്യമാവാത്തതുമായ ഓപ്പണിങ് കൂട്ടാണ് ക്രിസ് ഗെയ്‌ലിന്റേതും വീരേന്ദര്‍ സെവാഗിന്റേതും. രണ്ടുപേരും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്നവരാണ്.
ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ്. 151ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള താരമാണ് ഗെയ്ല്‍. സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് വിളിക്കുന്നത് വെടിക്കെട്ട് ബാറ്റിങ് മികവുകൊണ്ടാണ്. 155.4 ആണ് സെവാഗിന്റെ സ്‌ട്രൈക്കറേറ്റ്.
രണ്ട് പേരും ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ടി20 ഫോര്‍മാറ്റില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരങ്ങളാണ് ഇരുവരും.

എബി ഡിവില്ലിയേഴ്‌സ്, റിഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍
മൂന്നാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനാണ് സ്ഥാനം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന എബിഡി ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്. ഡല്‍ഹിയിലൂടെ തുടങ്ങുകയും ആര്‍സിബിയുടെ സൂപ്പര്‍ താരമായി കരിയര്‍ അവസാനിപ്പിക്കുകയും ചെയ്ത താരമാണ് അദ്ദേഹം.
വിക്കറ്റ് കീപ്പറായി നാലാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. സമീപകാലത്തെ പരിമിത ഓവറിലെ പ്രകടനം മോശമാണെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് റിഷഭ്. വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ അപാരമായ കഴിവ് റിഷഭിനുണ്ട്.
അഞ്ചാം നമ്പറില്‍ ഓസീസിന്റെ ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് അവസരം. ടി20യില്‍ എല്ലാവരും ഭയപ്പെടുന്ന താരമാണ് മാക്‌സ് വെല്‍. നിലയുറപ്പിച്ചാല്‍ ഏത് ബൗളിങ് നിരയേയും കണ്ണീരണിയിക്കാന്‍ മാക്‌സിക്ക് കഴിവുണ്ട്. സ്പിന്‍ ബൗളറെന്ന നിലയിലും ടീമിന് ഉപകാരി.

ഹര്‍ദിക് പാണ്ഡ്യ, ആന്‍ഡ്രേ റസല്‍, കറെന്‍ പൊള്ളാര്‍ഡ്
ആറാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ താരവും നിലവിലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനുമായ ഹര്‍ദിക് പാണ്ഡ്യയാണുള്ളത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരം മീഡിയം പേസുകൊണ്ട് വിറപ്പിക്കാനും കരുത്തുള്ളവന്‍.
ഏഴാം നമ്പറില്‍ ആന്‍ഡ്രേ റസലിനാണ് അവസരം. വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൈക്കരുത്തുകൊണ്ട് വിറപ്പിക്കുന്നവനാണ്. മൈതാനത്തിന്റെ പുറത്തേക്ക് നീളുന്ന വമ്പന്‍ സിക്‌സുകള്‍ പറത്തുന്ന റസല്‍ പന്തുകൊണ്ടും മത്സരം അനുകൂലമാക്കുന്നവനാണ്.
എട്ടാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡിനാണ് അവസരം. മാച്ച് വിന്നറായ ഓള്‍റൗണ്ടറാണ് പൊള്ളാര്‍ഡ്. അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച പൊള്ളാര്‍ഡ് ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ്.
Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

ഇമ്രാന്‍ താഹിര്‍, യുസ് വേന്ദ്ര ചഹാല്‍, ലസിത് മലിംഗ
ഒമ്പതാം നമ്പറില്‍ മുന്‍ സിഎസ്‌കെ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണുള്ളത്. കറക്കി വീഴ്ത്താന്‍ കഴിവുള്ള സ്പിന്നറാണ് താഹിര്‍. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള താരം മധ്യ ഓവറുകളില്‍ കളി പിടിക്കാന്‍ മികവുള്ളവനാണ്.
10ാം നമ്പറില്‍ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. ആര്‍സിബിക്കായി ഏറെ നാള്‍ തിളങ്ങിയ ചഹാല്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. ടി20യില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ചിട്ടുള്ള താരമാണ് ചഹാലെന്ന് പറയാം.
ലസിത് മലിംഗയാണ് പ്രധാന പേസര്‍. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസറായിരുന്ന മലിംഗ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കനാണ്. മലിംഗയുടെ യോര്‍ക്കറുകള്‍ക്ക് പകരം വെക്കാന്‍ കഴിവുള്ള ഒരു ബൗളറില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications