IPL 2023: ലേലത്തില്‍ അണ്‍സോള്‍ഡ്, പക്ഷെ പകരക്കാരായി തിരിച്ചെത്തിയേക്കും! അഞ്ച് പേര്‍

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. 405 താരങ്ങള്‍ പങ്കെടുത്ത ലേലത്തില്‍ നിന്ന് 80 താരങ്ങള്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. മറ്റ് താരങ്ങളെല്ലാം അണ്‍സോള്‍ഡായി.
ഇതുവരെയുള്ള ലേല ചരിത്രത്തിലെ എല്ലാ റെക്കോഡുകളും തകര്‍ക്കപ്പെടുന്ന തരത്തിലുള്ള ചില കരാറുകളും ഇത്തവണയുണ്ടായി. സാം കറെനെ 18.5 കോടിക്കാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍, നിക്കോളാസ് പൂരന്‍ എന്നിവര്‍ക്കെല്ലാം ഇത്തവണ വലിയ നേട്ടമുണ്ടാക്കാനായി.
അണ്‍സോള്‍ഡാവുമെന്ന വിലയിരുത്തപ്പെട്ട പല യുവതാരങ്ങള്‍ക്കും ഇത്തവണത്തെ മിനി ലേലത്തില്‍ കരാര്‍ ലഭിച്ചു. എന്നാല്‍ ചില സൂപ്പര്‍ താരങ്ങളെ വാങ്ങാന്‍ മിനി ലേലത്തില്‍ ആളുണ്ടായില്ല. നിലവില്‍ അണ്‍സോള്‍ഡായെങ്കിലും പകരക്കാരുടെ റോളില്‍ ചിലര്‍ തിരിച്ചെത്തിയേക്കും.
ഇത്തരത്തില്‍ ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ഇനിയും അവസരം ലഭിക്കാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സന്ദീപ് ശര്‍മ
ഇത്തവണത്തെ ലേലത്തില്‍ അണ്‍സോള്‍ഡാവുമെന്ന് ഒരിക്കലും കരുതിയ താരമല്ല സന്ദീപ് ശര്‍മ. തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പേസര്‍ക്ക് അവസാന സീസണില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഇത്തവണ അപ്രതീക്ഷിതമായി അണ്‍സോള്‍ഡായി.
ഇന്ത്യയുടെ അണ്ടര്‍റേറ്റഡായ പേസറാണ് സന്ദീപ് ശര്‍മയെന്ന് പറയാം. 104 ഐപിഎല്ലില്‍ നിന്ന് 114 വിക്കറ്റുകളാണ് താരം നേടിയത്. അതും 7.77 എന്ന മികച്ച ഇക്കോണമിയില്‍. ഇന്ത്യക്കായി രണ്ട് ടി20യും കളിച്ചിട്ടുണ്ട്. പല ടീമുകള്‍ക്കും മികച്ച ഇന്ത്യന്‍ പേസറെ ആവിശ്യമുള്ളതിനാല്‍ സന്ദീപ് തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

മുജീബുര്‍ റഹ്‌മാന്‍
അഫ്ഗാനിസ്ഥാന്‍ സ്പിന്നറാണ് മുജീബുര്‍ റഹ്‌മാന്‍. നേരത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മുജീബുര്‍ റഹ്‌മാന്‍ ഇത്തവണ അപ്രതീക്ഷിതമായാണ് അണ്‍സോള്‍ഡായത്.
നന്നായി ഗൂഗ്ലി എറിയാന്‍ കഴിവുള്ള മുജീബിനെ ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയില്ലെങ്കിലും പകരക്കാരന്റെ റോളില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ള താരമാണ് മുജീബ്. ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ കഴിവുള്ള സ്പിന്നറാണ് അദ്ദേഹം.

ഡേവിഡ് മലാന്‍
ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ അണ്‍സോള്‍ഡായത് അപ്രതീക്ഷിതമായിരുന്നു. ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയിട്ടുള്ള താരമാണ് മലാന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ റെക്കോഡുകള്‍ നോക്കിയാലും ഭേദപ്പെട്ടതാണെന്ന് പറയാം. എന്നാല്‍ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല.
ടോപ് ഓഡറില്‍ തിളങ്ങാന്‍ കഴിവുള്ള മലാന്‍ ഇനിയും ഐപിഎല്ലിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരമെന്ന നിലയില്‍ മലാന്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.

ജിമ്മി നിഷാം
ന്യൂസീലന്‍ഡിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജിമ്മി നിഷാം. മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് നിഷാം. എന്നാല്‍ സ്ഥിരത പ്രശ്‌നമാണ്. അവസാന സീസണില്‍ കാര്യമായ അവസരം ലഭിക്കാതെ പോയ താരം ഇത്തവണ അണ്‍സോള്‍ഡായി.
എന്നാല്‍ മധ്യനിരയില്‍ വമ്പനടി കാഴ്ചവെക്കാന്‍ കഴിവുള്ള നിഷാമിനെ പകരക്കാരന്റെ റോളില്‍ ഇനിയും ഏതെങ്കിലും ടീം തിരിച്ചെത്തിക്കാനാണ് സാധ്യത. അവസരം അര്‍ഹിക്കുന്ന താരമാണ് നിഷാമെന്ന് പറയാം.

ശ്രേയസ് ഗോപാല്‍
ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നനായ ശ്രേയസ് ഗോപാലിന് ലേലത്തില്‍ അവസരവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ താരത്തെ വാങ്ങാന്‍ ആളില്ലാതെ പോയി.
പല ടീമിനും ഇപ്പോഴും സ്പിന്നര്‍മാര്‍ ദൗര്‍ബല്യമാണ്. ഈ സാഹചര്യത്തില്‍ ശ്രേയസ് ഗോപാലിന് വീണ്ടും വിളിയെത്തിയേക്കും. 49 ഐപിഎല്ലില്‍ നിന്ന് 49 വിക്കറ്റാണ് ശ്രേയസ് നേടിയിട്ടുള്ളത്. ഇക്കോണമി 8.1. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കൊപ്പം ശ്രേയസ് കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications