IPL 2023: ഡല്‍ഹിയില്‍ റിഷഭിന് ആ റോള്‍ നല്‍കൂ, മിന്നിക്കും! പോണ്ടിങ്ങിനെ ഉപദേശിച്ച് ഹോഗ്

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ നടന്ന മെഗാ ലേലത്തില്‍ ടീമുകളെല്ലാം മികച്ച താരങ്ങളെ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ പ്രമുഖരായ പല ടീമുകള്‍ക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അതിലൊരു ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്തെന്ന നായകനും റിക്കി പോണ്ടിങ് എന്ന പരിശീലകനും ചേരുന്ന ഡല്‍ഹിക്കൊപ്പം കരുത്തുറ്റ താരനിരയുണ്ടെങ്കിലും കിരീടത്തിലേക്കെത്താനാവുന്നില്ല.
ഡല്‍ഹിക്ക് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. റിഷഭിനെ സംബന്ധിച്ചും കരിയറില്‍ നിര്‍ണ്ണായകമാണ് ഈ സീസണ്‍. സമീപകാലത്തെ റിഷഭിന്റെ ടി20യിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയെ സംബന്ധിച്ച് ആശങ്കകളേറെ.
ഇപ്പോഴിതാ റിഷഭിനെ ഫോമിലേക്കെത്തിക്കാനും ഡല്‍ഹിക്ക് മുന്നേറാനും പരിശീലകനായ റിക്കി പോണ്ടിങ്ങിന് മുന്നില്‍ നിര്‍ണ്ണായക നിര്‍ദേശം വെച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നറായ ബ്രാഡ് ഹോഗ്.

റിഷഭിനെ ഓപ്പണറാക്കൂ
റിഷഭിന്റെ പ്രകടനം ഡല്‍ഹിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ റിഷഭിനെ ഫോമിലേക്കെത്തിക്കേണ്ടത് ഡല്‍ഹിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിലവിലെ നാലാം നമ്പര്‍ സ്ഥാനം മാറ്റി റിഷഭിനെ ഓപ്പണറാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
'റിഷഭ് പന്ത് വെള്ളബോളില്‍ പ്രകടനം മെച്ചപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ ഞാന്‍ കാണാന്‍ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം. എന്നാല്‍ ഇപ്പോഴത് പല കാരണങ്ങളാല്‍ നടക്കുന്നില്ല. റിക്കി പോണ്ടിങ്ങിനൊപ്പം ടി20 കരിയര്‍ ഉയര്‍ത്താനുള്ള അവസരമാണ് റിഷഭിനുള്ളത്.
ഇത്തവണത്തെ ഐപിഎല്‍ റിഷഭിന് ഗംഭീര പ്രകടനം നടത്താനാവുമെന്നാണ് കരുതുന്നത്. അവന് വ്യത്യസ്തമായ റോള്‍ നല്‍കിയാല്‍ മത്സരത്തെ വ്യത്യസ്തമായി കൊണ്ടുപോകാനാവും. റിഷഭിനെ മധ്യനിരയില്‍ ഇറക്കുന്നതിന് പകരം ഓപ്പണിങ്ങില്‍ പോണ്ടിങ് പരീക്ഷിക്കുമെന്ന് കരുതുന്നു'-ഹോഗ് പറഞ്ഞു.

റിഷഭിന് കാര്യങ്ങള്‍ എളുപ്പമല്ല
ആത്മവിശ്വാസം നഷ്ടപ്പെട്ട താരമായാണ് ഇപ്പോള്‍ റിഷഭിനെ കാണുന്നത്. ഇന്ത്യന്‍ ടീമിനുള്ളില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി വലിയ സമ്മര്‍ദ്ദം റിഷഭ് നേരിടുന്നുണ്ട്. ഇത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
റിഷഭിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തിളങ്ങാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമിലെ സ്ഥാനമടക്കം അദ്ദേഹത്തിന് നഷ്ടമായേക്കും.
സഞ്ജു സാംസണും ഇഷാന്‍ കിഷനും തിളങ്ങുകയും റിഷഭ് നിരാശപ്പെടുത്തുകയും ചെയ്താല്‍ റിഷഭിന് ഇന്ത്യയുടെ പരിമിത ഓവറിലെ സ്ഥാനം നഷ്ടമായേക്കും.

ഓപ്പണറാക്കിയാല്‍ മെച്ചപ്പെടുമോ?
റിഷഭ് ഇന്ത്യക്കായി ഓപ്പണറായിരുന്നെങ്കിലും പ്രകടനം കാര്യമായി മെച്ചപ്പെട്ടെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ഡല്‍ഹി ഓപ്പണറാക്കിയാലും വലിയ പ്രതീക്ഷകളില്ലെന്ന് പറയാം. എന്നാല്‍ ഹോഗ് വിലയിരുത്തുന്നത് മറ്റൊരു തലത്തിലാണ്.
'പവര്‍പ്ലേയില്‍ റിഷഭ് എത്തിയാല്‍ രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമാവും സര്‍ക്കിളിന് പുറത്തുണ്ടാവുക. അതുകൊണ്ട് തന്നെ ടി20യിലെ ആറ് ഓവര്‍ മുതലാക്കാന്‍ റിഷഭിന് സാധിക്കും. അവനെ ഒന്ന് പരീക്ഷിച്ചുനോക്കൂ. മധ്യനിരയെക്കാള്‍ അവന് തിളങ്ങാനാവും'-ഹോഗ് പറഞ്ഞു.

റിഷഭ് ടെസ്റ്റില്‍ എപ്പോഴും അപകടകാരി
ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് എപ്പോഴും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി കളിക്കാന്‍ സാധിക്കുന്ന താരമാണ് റിഷഭ്. ബംഗ്ലാദേശിനെതിരായ അവന്റെ ബാറ്റിങ് നോക്കുക. മറ്റ് താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയാണ് റിഷഭ് ചെയ്യുന്നത്.
ടെസ്റ്റില്‍ ഇത്രയും മികവ് കാട്ടുന്ന അവന് ടി20യിലും തിളങ്ങാനാവും. എന്നാല്‍ ചില മോശം സമയത്തിന്റെ പ്രശ്‌നം മാത്രമാണുള്ളത്-ഹോഗ് കൂട്ടിച്ചേര്‍ത്തു.
Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

റിഷഭിന്റെ റോള്‍ മാറ്റിയേക്കില്ല
നിലവില്‍ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറുമാണ് ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍. രണ്ട് പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയുന്ന അനുഭവസമ്പന്നരായ ഓപ്പണര്‍മാരാണ് ഇരുവരും.
അതുകൊണ്ട് തന്നെ ഇതിനെ പൊളിച്ചെഴുതി റിഷഭിനെ ഓപ്പണിങ്ങിലേക്കെത്തിച്ചേക്കില്ല. റിഷഭ് നാലാം നമ്പറില്‍ത്തന്നെ തുടരാനാണ് സാധ്യത കൂടുതല്‍. താരത്തിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന സീസണാണിതെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications