IPL 2023: ഇവര്‍ക്ക് 'പൊന്നുംവില', ലേലത്തില്‍ വന്‍ ഡിമാന്റുള്ള വിദേശ ഓള്‍റൗണ്ടര്‍മാരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണിലെ പിഴവുകളില്‍ നിന്ന് കരകയറാന്‍ ഫ്രാഞ്ചൈസികള്‍ കണക്കുകൂട്ടലുകളുമായി ഇറങ്ങുകയാണ്.
ഇത്തവണ പല വമ്പന്‍ താരങ്ങളും ലേലത്തിലുണ്ട്. അവസാന സീസണോടെ നായകനെയടക്കം പല ടീമുകളും പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ ലേലത്തില്‍ വാശിക്ക് കുറവുണ്ടാകില്ലെന്നുറപ്പ്. 991 പേര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നിന്ന് 405 പേരുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടുകഴിഞ്ഞു.
ഒട്ടുമിക്ക ടീമിനും മികച്ച ഓള്‍റൗണ്ടര്‍മാരെയാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഓള്‍റൗണ്ടര്‍മാര്‍ക്ക് ലേലത്തില്‍ വന്‍ ഡിമാന്റാണുള്ളത്. ഫ്രാഞ്ചൈസികള്‍ താല്‍പര്യം അറിയിച്ച 369 താരങ്ങളുടെ പട്ടികയായുമായിട്ടുണ്ട്.
ലേലത്തില്‍ എത്തുന്ന 405 താരങ്ങളില്‍ 273 പേരും ഇന്ത്യക്കാരാണ്. 132 താരങ്ങള്‍ വിദേശികളും. 119 ക്യാപ്പഡ് താരങ്ങളും 282 അണ്‍ക്യാപ്പഡ് താരങ്ങളുമാണുള്ളത്. ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള അഞ്ച് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

സാം കറെന്‍
ഇത്തവണ ലേലത്തില്‍ വലിയ ഡിമാന്റുള്ള താരമാണ് ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ സാം കറെന്‍. അവസാന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ കരുത്ത് പകര്‍ന്നത് കറെനായിരുന്നു.
ഫൈനലിലെ താരമാകാനും കറെന് സാധിച്ചിരുന്നു. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കറെന് മികവുണ്ട്. ടോപ് ഓഡറിലും ബാറ്റ് ചെയ്യാനും ഫിഫ്റ്റി നേടാനും കറെന് സാധിച്ചിട്ടുണ്ട്. പവര്‍പ്ലേയിലാണ് കറെന്‍ ബൗളിങ്ങില്‍ കൂടുതല്‍ മികവ് കാട്ടുന്നത്.
ഡെത്ത് ഓവറില്‍ വലിയ വിശ്വസ്തനല്ലെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ കറെന്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നുറപ്പ്. അതുകൊണ്ട് തന്നെ പല വമ്പന്മാരും കറെനായി രംഗത്തെത്തിയേക്കും. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരെല്ലാം കറെനെ നോട്ടമിടുന്നു.
ഇത്തവണ 10 കോടിയിലധികം പ്രതിഫലത്തിലേക്കുയരാന്‍ സാധ്യതയുള്ള താരമാണ് കറെന്‍. റെക്കോഡ് പ്രതിഫലത്തിലേക്ക് താരമെത്തിയാലും അത്ഭുതപ്പെടാനാവില്ല.
Also Read: നാട്ടില്‍ നാണംകെട്ട് പാക് പട, തലകുനിച്ച് ബാബര്‍, ഇനി താരതമ്യം വേണ്ടെന്ന് കോലി ഫാന്‍സ്

കാമറൂണ്‍ ഗ്രീന്‍
ഓസ്‌ട്രേലിയയുടെ പേസ് ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീന്‍ ഇതിനോടകം എല്ലാവരുടെയും നോട്ടപ്പുള്ളിയാണ്. ഇന്ത്യക്കെതിരേ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഗ്രീന്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ടോപ് ഓഡറില്‍ ആക്രമം അഴിച്ചുവിടാന്‍ ഗ്രീനിനാവും.
ഇന്ത്യന്‍ പിച്ചുകളില്‍ മിടുക്കുകാട്ടാന്‍ സാധിക്കുന്ന ശൈലിയാണ് ഗ്രീനിന്റേത്. അനായാസം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നു എന്നതിലുപരിയായി ഭയമില്ലാതെ ബാറ്റ് ചെയ്യാനാവും എന്നതും ഗ്രീനിന്റെ സവിശേഷതയാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും ഗ്രീന്‍ മിടുക്കന്‍.
ഉയര്‍ന്ന ശാരീരിക ക്ഷമതയും ഗ്രീനിനുണ്ട്. അതുകൊണ്ട് തന്നെ സിക്‌സുകള്‍ പായിക്കാന്‍ ഗ്രീനിന് സാധിക്കും. പവര്‍പ്ലേ മുതലാക്കാന്‍ കഴിവുള്ള ഗ്രീനിന് ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ബെന്‍ സ്റ്റോക്‌സ്
ഇത്തവണ ഏറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടം നടക്കുക ബെന്‍ സ്‌റ്റോക്‌സിനുവേണ്ടിയാവും. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. അവസാന ടി20 ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സ്റ്റോക്‌സിനെ ഇത്തവണ എല്ലാവരും നോട്ടമിടുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നു എന്നതിലുപരിയായി സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ളവനാണ് സ്റ്റോക്‌സ്. ഒറ്റക്ക് മത്സരത്തെ കൈപ്പിടിയിലാക്കാന്‍ സ്റ്റോക്‌സിന് കഴിവുണ്ട്. മധ്യനിരയിലോ ടോപ് ഓഡറിലോ എവിടെ വേണമെങ്കിലും കളിപ്പിക്കാനാവും.
ബൗളിങ്ങില്‍ ഡെത്ത് ഓവറിലും ന്യൂബോളിലും ഒരുപോലെ ഉപകാരി. അനുഭവസമ്പന്നനായ താരമാണ് സ്റ്റോക്‌സ്. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ താരം അവസാന രണ്ട് സീസണുകളില്‍ കളിച്ചിരുന്നില്ല. ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലത്തിലേക്ക് സ്റ്റോക്‌സ് എത്തുമെന്നുറപ്പ്.

ജേസന്‍ ഹോള്‍ഡര്‍
അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വേണ്ടവിധം ഉപയോഗിക്കാതെ തഴഞ്ഞ താരമാണ് ജേസന്‍ ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടര്‍ക്ക് പന്തുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാനാവും.
അതുകൊണ്ട് തന്നെ ഹോള്‍ഡര്‍ക്ക് ഇത്തവണ വലിയ പ്രതിഫലം ലഭിച്ചേക്കും. മധ്യനിരയില്‍ ഫിനിഷര്‍ റോളിലടക്കം പരിഗണിക്കാവുന്ന താരമാണ് ഹോള്‍ഡര്‍. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി കളിക്കുന്ന ഹോള്‍ഡര്‍ക്കായി പ്രമുഖ ടീമുകള്‍ രംഗത്തെത്തുമെന്നുറപ്പ്.
Also Read: വലിയ ഇടവേള വന്നു, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഈ മൂന്ന് പേരെ അറിയണം

സിക്കന്തര്‍ റാസ
ഐപിഎല്ലില്‍ ഇതുവരെ കളിക്കാത്ത സിംബാബ് വെയുടെ സിക്കന്തര്‍ റാസക്ക് ഇത്തവണ അവസരം ലഭിക്കാന്‍ സാധ്യതയേറെ. സ്പിന്‍ ഓള്‍റൗണ്ടറായ സിക്കന്തര്‍ അവസാന ടി20 ലോകകപ്പിലടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
മധ്യനിരയില്‍ ബാറ്റ് ചെയ്യാനും മധ്യ ഓവറുകളില്‍ സ്പിന്നുകൊണ്ട് വിക്കറ്റ് വീഴ്ത്താനും റാസ മിടുക്കന്‍. അതുകൊണ്ട് തന്നെ റാസക്കായി ഇത്തവണ ആരെങ്കിലും രംഗത്തെത്തിയേക്കും. അര്‍ഹിച്ച പരിഗണന ഇതുവരെ ലഭിക്കാത്ത താരമാണ് സിക്കന്തര്‍ റാസയെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications