
അര്‍ജുന്റെ ബൗളിങ് വേഗത
നിലവില്‍ മീഡിയം പേസറുടെ റോളിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ബൗളിങ് വേഗത 125 കിമി മുതല്‍ 135 കിമി വരെയാണ്.
പക്ഷെ ഈ വേഗത പോരെന്നാണ് അര്‍ജുന്റെ പക്ഷം. ഇതേ തുടര്‍ന്നു ബൗളിങിലെ വേഗത വര്‍ധിപ്പിച്ച് വരാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വലിയ ഇംപാക്ടുണ്ടാക്കാനുള്ള താരത്തിന്റെ ശ്രമം.
പക്ഷെ വേഗത വര്‍ധിപ്പിക്കുമ്പോള്‍ തന്റെ സ്വിങും ഇപ്പോഴത്തെ ലൈനും ലെങ്തുമൊന്നും നഷ്ടാവുന്നില്ലെന്നും അര്‍ജുന്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. ഇതിനു അര്‍ജുനെ സഹായിക്കുന്നതാവട്ടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങാണ്. സച്ചിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അര്‍ജുനെ പരിശീലിപ്പിക്കാനും ഒപ്പം ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും സഹായിക്കാമെന്നു യോഗ്‌രാജ് സമ്മതം മൂളിയത്.
Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

വഴികാട്ടിയായി സച്ചിന്‍
അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പാഷന്‍ മനസ്സിലാക്കി മികച്ചൊരു ക്രിക്കറ്റായി മാറ്റിയെടുക്കുന്നതിനു വേണ്ടി താങ്ങും തണലുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലായ്‌പ്പോഴും കൂടെയുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലനവനില്‍ കയറിപ്പറ്റാന്‍ അര്‍ജുന് മുന്‍ സീസണുകളില്‍ സാധിക്കാതെ പോയതിന്റെ പ്രധാന കാരണം കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പുറത്തിരിക്കാനായിരുന്നു യോഗം. വലപ്പോഴും മാത്രമേ താരത്തിനു ചില മല്‍സരങ്ങള്‍ ലഭിച്ചുള്ളൂ. ഇതു മനസ്സിലാക്കിയ സച്ചിന്‍ കഴിഞ്ഞ വര്‍ഷം മകനോടു മുംബൈ വിട്ട് ഗോവന്‍ ടീമിലേക്കൂ കൂടുമാറാന്‍ ഉപദേശിക്കുകയായിരുന്നു.
വലിയ താരനിരയില്ലാത്ത ഗോവന്‍ ടീമിലെത്തിയതോടെ അര്‍ജുന് കൂടുതല്‍ അവസരങ്ങളും നിരന്തരം ലഭിക്കാന്‍ തുടങ്ങി. ഇതു ക്രിക്കറ്ററെന്ന നിലയില്‍ താരത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

അരങ്ങേറ്റത്തില്‍ സെഞ്ച്വറി
രഞ്ജി ട്രോഫിയില്‍ തന്റെ ടീമായ ഗോവയ്ക്കു വേണ്ടി അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റം സ്വപ്‌നതുല്യമായിരുന്നു. ഗോവയ്ക്കായുള്ള കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി താന്‍ ആരാണെന്നു അര്‍ജുന്‍ ആരാധകര്‍ക്കു കാണിച്ചുകൊടുത്തു. നേരത്തേ സച്ചിനും തന്റെ ഫസ്റ്റ് ക്ലാസിലെ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയോടെ കസറിയിരുന്നു.
ഗോവയ്ക്കായി ഇതിനകം മൂന്നു ഫോര്‍മാറ്റിലും അര്‍ജുന്‍ മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞു. 2022-23ലെ ആഭ്യന്തര സീസണില്‍ ഗോവയ്ക്കായി ഏഴു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 223 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
രാജസ്ഥാനെതിരേ അരങ്ങേറ്റ മല്‍സരത്തില്‍ നേടിയ 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങില്‍ 12 വിക്കറ്റുകളും താരം വീഴ്ത്തി. കൂടാതെ ഏഴ് ലിസ്റ്റ് എ മല്‍സരങ്ങളില്‍ എട്ടും ഒമ്പത് ടി20കളില്‍ നിന്നും 12ഉം വിക്കറ്റുകള്‍ അര്‍ജുന്‍ പിഴുതിട്ടുണ്ട്.


Click it and Unblock the Notifications












