IPL 2023: എബിഡി ആര്‍സിബിയിലേക്ക് തിരിച്ചെത്തുന്നു!, ട്വിറ്ററില്‍ പങ്കുവെച്ച് താരം, സര്‍പ്രൈസ്

ബംഗളൂരു: ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന് ലോക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയാണുള്ളത്. ഹേറ്റേഴ്‌സില്ലാത്ത താരമാണ് എബിഡിയെന്ന് പറയാം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന എബിഡിക്ക് ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുമുണ്ട്. 2021 സീസണോടെ ഐപിഎല്ലിനോട് പൂര്‍ണ്ണമായി വിടപറഞ്ഞ ഡിവില്ലിയേഴ്‌സ് ഇപ്പോള്‍ ബംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തിലേക്ക് വീണ്ടുമെത്തുകയാണ്.
ട്വിറ്ററിലൂടെ എബിഡി തന്നെയാണ് തിരിച്ചുവരവ് വിവരം ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ കളിക്കാനല്ല എബിഡി എത്തുന്നത്. ഇത്രയും നാളും തന്നെ പിന്തുണച്ച ആര്‍സിബിയിലെ ആരാധകരോട് യാത്രയയപ്പ് പറയാനാണ് അദ്ദേഹം വീണ്ടും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കെത്താനൊരുങ്ങുന്നത്. ഇതുവരെ ആര്‍സിബിക്ക് കപ്പടിക്കാന്‍ സാധിച്ചിട്ടില്ല. പേരുകേട്ട താരങ്ങള്‍ ഒരുപാടുണ്ടായിട്ടും കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. ഇതിന് ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും എബിഡി പറഞ്ഞു.

അടുത്ത സീസണില്‍ ഞാന്‍ വരും
'ഞാന്‍ അടുത്ത വര്‍ഷം ചിന്ന സ്വാമി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തും. കളിക്കാനല്ല, കിരീടം നേടാന്‍ സാധിക്കാതെ പോയതില്‍ ആരാധകരോട് മാപ്പ് പറയാന്‍. ഇത്രയും നാള്‍ എന്നെ പിന്തുണച്ച ആരാധകരോട് നന്ദി പറയാന്‍. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഇനി വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല'-ട്വിറ്ററിലൂടെ എബിഡി അറിയിച്ചു. എബിഡി അടുത്ത സീസണില്‍ ആര്‍സിബിക്കായി കളിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുണ്ടാകില്ലെന്ന് എബിഡി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

360 ഡിഗ്രി താരം
മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് എബി ഡിവില്ലിയേഴ്‌സ്. വമ്പന്‍ ഷോട്ടുകള്‍ അനായാസമായി കളിക്കുന്നതിനാലാണ് അദ്ദേഹത്തെ 360 ഡിഗ്രി താരമെന്ന വിശേഷണത്തിലേക്കെത്തിച്ചത്. എബിഡിയുടെ കാലത്ത് എതിരിടാന്‍ എത്തിയ ബൗളര്‍മാരെല്ലാം അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞിട്ടുണ്ടെന്ന് പറയാം. ആര്‍സിബിയെ സംബന്ധിച്ച് എബിഡി ഇതിഹാസമാണ്. വിരാട് കോലിക്കൊപ്പം ടീം സ്ഥാനം നല്‍കിയിരുന്ന താരമാണ് എബിഡി.

വിടവാങ്ങല്‍ മത്സരം ലഭിച്ചില്ല
അര്‍ഹിച്ചൊരു വിടവാങ്ങല്‍ മത്സരം എബിഡിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊരു മികച്ച യാത്രയയപ്പ് നല്‍കാനാവും ആര്‍സിബി ശ്രമിക്കുക. വിരാട് കോലിയുമായി അടുത്ത ബന്ധമുള്ള താരമാണ് എബിഡി. കോലി മോശം ഫോമിലായിരുന്ന സമയത്തെല്ലാം വലിയ പിന്തുണ നല്‍കി എബിഡി കോലിയെ പിന്തുണച്ചിരുന്നു. കോലിയുമായി ഏറ്റവും അടുത്ത സുഹൃത് ബന്ധമുള്ള വിദേശ താരമാണ് എബിഡിയെന്ന് പറയാം.
എബിഡിയുടെ ബാറ്റിങ് വെടിക്കെട്ട് ഒരിക്കല്‍ക്കൂടി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഇനിയൊരു മടങ്ങിവരവിനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി എബിഡി വെടിക്കെട്ട് ലൈവായി കാണാനാവില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഇനി പരിശീലക വേഷത്തിലെത്തുമോയെന്നത് കാത്തിരുന്ന് കാണാം.
Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

കരിയര്‍ ഇങ്ങനെ
114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സുമാണ് ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ അദ്ദേഹം നേടിയത്. 184 ഐപിഎല്ലില്‍ നിന്നായി 5162 റണ്‍സും എബിഡി നേടിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ വേഗ ഫിഫ്റ്റി, സെഞ്ച്വറി, 150 എന്നീ റെക്കോഡുകളെല്ലാം അദ്ദേഹത്തിന്റെ പേരിലാണ്. ക്രിക്കറ്റില്‍ സ്വാഭാവിക കഴിവ് ലഭിച്ച അപൂര്‍വ്വം താരങ്ങളിലൊരാളാണ് അദ്ദേഹം. ഇത്തരമൊരു പ്രതിഭ ഇനി ലോക ക്രിക്കറ്റിലുണ്ടാവാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications