
ഇതു എന്റെ അവസാനത്തെ ഐപിഎല്‍ ആയിരിക്കുമെന്നു ഞാന്‍ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. വളരെ മനോഹരമായ സമയമാണ് ഇവിടെ കളിച്ചപ്പോള്‍ ഞാന്‍ ചെലവഴിച്ചത്. 13 വര്‍ഷം രണ്ടു മഹത്തായ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ എനിക്കു സാധിക്കുകയും ചെയ്തു. ഈ മനോഹരമായ യാത്രയ്ക്കു മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളോടു ആത്മാര്‍ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്- ഇങ്ങനെയായിരുന്നു അമ്പാട്ടി റായുഡു ട്വീറ്റ് ചെയ്തത്.

അതേസമയം, അമ്പാട്ടി റായുഡു വിരമിക്കില്ലെന്നാണ് സിഎസ്‌കെ സിഇഒയെ ഉദ്ധരിച്ച് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റ് അവസാനിക്കുന്നതിനു മുമ്പ് തന്നെ റായുഡുവിന്റെ ഇങ്ങനെയൊരു ട്വീറ്റ് സിഎസ്‌കെ മാനേജ്‌മെന്റിനെ ആശ്ചര്യപ്പെടുത്തിയെന്നാണ് വിവരം.
ഈ സീസണില്‍ ചെന്നൈയ്ക്കു ഇനിയും മല്‍സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ റായുഡുവിന്റെ അപ്രതീക്ഷി പ്രഖ്യാപനം സിഎസ്‌കെ മാനേജ്‌മെന്റിനെ ആശങ്കയിലാക്കി. ഇതേ തുടര്‍ന്ന് എത്രയും പെട്ടെന്നു ട്വീറ്റ് നീക്കം ചെയ്യണമെന്നു റായുഡുവിനോടു മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്നമാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമ്പാട്ടി റായുഡുഡുവിനു ഈ സീസണില്‍ ചെന്നൈയ്ക്കായി ശരാശരി പ്രകടനമാണ് ഇതുവരെ കാഴ്ചവയ്ക്കാനായത്. 12 മല്‍സരങ്ങളില്‍ നിന്നും 27 ശരാശരിയില്‍ 271 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. റായുഡുവിന്റെ സ്‌ട്രൈക്ക് റേറ്റ് 124 ആണ്. ഇതു അദ്ദേഹത്തിന്റെ കരിയര്‍ സ്‌ട്രൈക്ക് റേറ്റിനേക്കാള്‍ കുറവാണ്.
അതേസമയം, ഈ സീസണില്‍ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇതിനകം അസ്തമിച്ചു കഴിഞ്ഞു. അവസാന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടു തോറ്റതോടെയാണ് സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.

2010ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് അമ്പാട്ടി റായുഡു ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 10 വര്‍ഷം അദ്ദേഹം മുംബൈയുടെ കടുംനീല ജഴ്‌സിയിലുണ്ടായിരുന്നു. ടീമിലെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയായിരുന്നു റായുഡു. 2017ലാണ് അദ്ദേഹത്തെ മുംബൈ കൈവിടുന്നത്.
തുടര്‍ന്ന് 2018ലെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റായുഡുവിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു. അതിനു ശേഷം രണ്ടു തവണ സിഎസ്‌കെയ്‌ക്കൊപ്പം കിരീട വിജയത്തില്‍ അദ്ദേഹം പങ്കാളിയാവുകയും ചെയ്തു.


Click it and Unblock the Notifications











