IPL 2022: അതു എന്റെ സ്‌കൂള്‍, അവിടേക്കു തിരിച്ചുപോവണം- ആഗ്രഹം തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള ലേലം അടുത്ത മാസം നടക്കാനിരിക്കെ താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റില്‍ നിന്നും ഇപ്പോള്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കും മടങ്ങിവന്നിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലും അശ്വിന്‍ കളിച്ചിരുന്നു. വൈകാതെ ഏകദിന ടീമിലേക്കും അദ്ദേഹം തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അശ്വിന്‍. ഹോം ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ന്നീ ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. കഴിഞ്ഞ സീസണില്‍ ഡിസിയുടെ ഭാഗമായിരുന്നു അശ്വിന്‍. പക്ഷെ ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ ഡിസി ഒഴിവാക്കുകയായിരുന്നു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അടുത്ത മെഗാ ലേലത്തില്‍ അശ്വിനു വലിയ ഡിമാന്റുണ്ടാവാന്‍ സാധ്യതയുണ്ട്.

സിഎസ്‌കെയിലേക്കു തിരിച്ചുപോവണം
ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി വീണ്ടും കളിക്കുകയാണ് തന്റെ ആഗ്രഹമെന്നു അശ്വിന്‍ വ്യക്തമാക്കി. സിഎസ്‌കി ഫ്രാഞ്ചൈസി എന്റെ ഹൃദയത്തോടു വളരെയധികം ചേര്‍ന്നു നില്‍ക്കുന്ന ടീമാണ്. സിഎസ്‌കെ സ്‌കൂള്‍ പോലെയാണ്. അവിടെയാണ് ഞാന്‍ പ്രി കെജിയും എല്‍കെജിയും യുകെജിയും പ്രൈമറി സ്‌കൂളുമെല്ലാം പൂര്‍ത്തിയാക്കിയത്. മിഡില്‍ സ്‌കൂളും ഹൈസ്‌കൂളുമെല്ലാം ഇവിടെയായിരുന്നു.
10ാം ക്ലാസിനു ശേഷം 11, 12 ക്ലാസുകള്‍ ഞാന്‍ പുറത്തുള്ള മറ്റൊരു സ്‌കൂളിലായിരുന്നു. പിന്നീട് കുറച്ചു കാലം ജൂനിയര്‍ കോളേജില്‍ തുടര്‍ന്നു. പക്ഷെ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഒരാള്‍വീട്ടിലേക്ക് അല്ലേ തിരിച്ചുവരേണ്ടത്? അതുകൊണ്ടു തന്നെ ഞാനും വീട്ടിലേക്കു മടങ്ങിയെത്താനാണ് ആഗ്രഹിക്കുന്നത്. പക്ഷെ ലേലത്തില്‍ എന്തൊക്കെ സംഭവിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും അശ്വിന്‍ മനസ്സ്തുറന്നു.

ലേലത്തില്‍ എന്തും സംഭവിക്കാം
ലേലമെന്നത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ഗെയിമാണെന്നത് ഞാന്‍ മനസ്സിലാക്കുന്നു. 10 ടീമുകളാണ് അവിടെയുള്ളത്, വ്യത്യസ്ത തന്ത്രങ്ങളുമായിട്ടാവും അവര്‍ ലേലത്തെ സമീപിക്കുക. അവര്‍ എല്ലാവരും വ്യത്യസ്തമായി ചിന്തിക്കുന്നവരായിരിക്കും. നമ്മള്‍ ഏതു ടീമിന്റെ പ്ലെയിങ് ഇലവനിലാണ് യോജിക്കുകയെന്ന് നമുക്കറിയില്ല. അതിനാല്‍ തന്നെ ലേലത്തില്‍ എന്താണ് സംഭവിക്കുകയെന്നു നമുക്കു നോക്കാം.
ഒരു പ്രൊഫഷണലെന്ന നിലയില്‍ എവിടേക്കു പോയാലും ഒരുപോലെയായിരിക്കും ഞാന്‍ ചിന്തിക്കുന്നത്. ഒരു ഫ്രാഞ്ചൈസി നിങ്ങളെ വിശ്വസിക്കുകയും ടീമിലെത്തിക്കാന്‍ ഒരുപാട് പണം ചെലവഴിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കു വേണ്ടി എന്റെ ജീവിതം മുഴുവന്‍ ഞാന്‍ നല്‍കുകയും അവരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

2015 വരെ സിഎസ്‌കെയോടൊപ്പം
2008ലെ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം ചേര്‍ന്ന അശ്വിന്‍ 2015ല്‍ ടീം സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതു വരെ ഒപ്പമുണ്ടായിയിരുന്നു. ഈ കാലയളവില്‍ 94 മല്‍സരങ്ങളില്‍ നിന്നും 24.2 ശരാശരിയില്‍ 90 വിക്കറ്റുകള്‍ നേടുകയും ചെയ്തു. ഇതേ സമയത്തു തന്നെയായിരുന്നു സിഎസ്‌കെയുടെ തന്നെ നായകനായ എംഎസ് ധോണിക്കു കീഴില്‍ അശ്വിന്‍ ഇന്ത്യക്കു വേണ്ടിയും അരങ്ങേറിയത്. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ കന്നി മല്‍സരം.
വൈകാതെ മൂന്നു ഫോര്‍മാറ്റുകളിലും ധോണിയുടെ തുറുപ്പുചീട്ടായി അശ്വിന്‍ മാറുകയും ചെയ്തു. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ന്യൂബോളറായും ഡെത്ത് ഓവറിലുമെല്ലാം അദ്ദേഹത്തെ ധോണി പരീക്ഷിച്ചിരുന്നു.
2015ല്‍ സിഎസ്‌കെ രണ്ടു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായി മാറി. 16, 17 സീസണുകളില്‍ 14 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും വീഴ്ത്തി. 2018ലെ മെഗാ ലേലത്തില്‍ അശ്വിനെ തിരിച്ചുകൊണ്ടു വരാന്‍ സിഎസ്‌കെ ശ്രമിച്ചില്ല. ഇതോടെ അദ്ദേഹം പഞ്ചാബ് കിങ്‌സിലെത്തി. 2019ല്‍ ടീമിന്റെ നായകനുമായിരുന്നു അശ്വിന്‍. 2020ല്‍ അദ്ദേഹത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങുകയായിരുന്നു. ഡിസിക്കു വേണ്ടി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ അശ്വിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications