
ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നപ്പോള്‍ ചുമ്മാ കീശ കാലിയാക്കിയ താരങ്ങളെയെല്ലാം ടീം മാനേജ്‌മെന്റ് പറഞ്ഞുവിട്ടു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നടന്ന ലേലത്തില്‍ ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ അടക്കം എട്ടു താരങ്ങളെ ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി കാശെറിഞ്ഞ് സ്വന്തമാക്കി.
21.5 കോടി രൂപയാണ് ലേലത്തില്‍ ബാംഗ്ലൂരിന് മൊത്തം ചിലവായത്. പണ്ടത്തെപ്പോല വമ്പന്‍ താരനിരയില്ലെങ്കിലും പുതിയ സീസണില്‍ ബാംഗ്ലൂരിന്റെ ടീം ഘടന കൂടുതല്‍ ദൃഢമാണ്. ക്രിസ് മോറിസും ആരോണ്‍ ഫിഞ്ചും ഒത്തുചേരുന്നതോടെ ബാംഗ്ലൂരിന്റെ ഓള്‍റൗണ്ടിങ് മികവ് കൂടും.

ആഭ്യന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച പവന്‍ ദേശ്പാണ്ഡെയും പുതിയ സീസണില്‍ ബാംഗ്ലൂരിനായി കളിക്കും. ബൗളിങ് വിഭാഗത്തില്‍ ഡെയ്ല്‍ സ്റ്റെയ്‌നൊപ്പം ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണും ഇടംകയ്യന്‍ പേസര്‍ ഇസുരു ഉഡാനയുമാണ് ടീമിലെത്തിയിരിക്കുന്നത്. രണ്ടു വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാന്മാര്‍ --- ഷഹബാസ് അഹമ്മദിനെയും ജോഷുവ ഫിലിപ്പിനെയും ബാംഗ്ലൂര്‍ വിളിച്ചെടുത്ത കാര്യം ശ്രദ്ധേയം. ചുരുക്കത്തില്‍ ടീമിലെ വിടവുകളെല്ലാം ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി നികത്തിയത് കാണാം. ഇനി കപ്പടിക്കണമെന്ന ദൗത്യം മാത്രം. ഈ അവസരത്തില്‍ 2020 ഐപിഎല്‍ കിരീടം ബാംഗ്ലൂര്‍ കയ്യടക്കുമെന്ന് പറയാന്‍ അഞ്ച് കാരണങ്ങള്‍ ചുവടെ പരിശോധിക്കാം.

ഇന്ത്യന്‍ കരുത്ത്
നാളിതുവരെ വിദേശ താരങ്ങളിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിശ്വാസമര്‍പ്പിച്ചത്. കപ്പടിക്കണമെങ്കില്‍ പേരുകേട്ട വിദേശ ബാറ്റ്‌സ്മാന്‍മാര്‍ ടീമില്‍ വേണമെന്ന് ടീം മാനേജ്‌മെന്റ് കരുതി. കെവിന്‍ പീറ്റേഴ്‌സണും മുതല്‍ ക്രിസ് ഗെയ്ല്‍ വരെ നീളും ബാംഗ്ലൂരിനായി കളിച്ച വമ്പന്മാര്‍. പക്ഷെ ഇവരാരും ബാംഗ്ലൂരിന് കപ്പ് നേടിക്കൊടുത്തില്ല.

എന്തായാലും പുതിയ സീസണിന് മുന്‍പ് റോയല്‍ ചലഞ്ചേഴ്‌സിന്റെ കാഴ്ച്ചപ്പാട് മാറി. ഇന്ത്യന്‍ താരങ്ങളെ കേന്ദ്രീകരിച്ച് ഐപിഎല്‍ കിരീടമെന്ന ചിരകാലമോഹം യാഥാര്‍ത്ഥ്യമാക്കാനാണ് ബാംഗ്ലൂരിന്റെ പുറപ്പാട്. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയപ്പോഴും ഇന്ത്യന്‍ താരങ്ങളെ ഫ്രാഞ്ചൈസി നിലനിര്‍ത്തി.
ഐപിഎല്‍ 13 ആം പതിപ്പില്‍ ശിവം ദൂബെയും വാഷിങ്ടണ്‍ സുന്ദറും ഗുര്‍കീറത് മന്നും ദേവ്ദത്ത് പടിക്കലുമെല്ലാം ബാംഗ്ലൂരിന്റെ അന്തിമ ഇലവനില്‍ പതിവുകാരാകാന്‍ സാധ്യതയേറെ. ഐപിഎല്‍ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ടീമുകള്‍ മാത്രമാണ് ഇതുവരെ കപ്പുയര്‍ത്തിയത്.

ബാറ്റിങ് ഫോം
മുന്‍കാലങ്ങളില്‍ കെവിന്‍ പീറ്റേഴ്‌സണ്‍, റോസ് ടെയ്‌ലര്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ ലോകോത്തര ബാറ്റ്‌സ്മാന്മാരെല്ലാം ബാംഗ്ലൂരിനായി കളിച്ചിട്ടുണ്ട്. വിരാട് കോലിയും എബി ഡിവില്ലേഴ്‌സും ഉള്ളതുകൊണ്ട് നിരയില്‍ ഇപ്പോഴും താരത്തിളക്കം കാണാം. ഇതൊക്കെയാണെങ്കിലും ഓരോ ഐപിഎല്‍ സീസണിലും പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ബാംഗ്ലൂര്‍ ഇരിക്കാറ്. നിറംമങ്ങിയ ബാറ്റ്‌സ്മാന്മാരാണ് ബാംഗ്ലൂരിന്റെ പതിവ് തലവേദന.

കഴിഞ്ഞ നാലു പതിപ്പുകളില്‍ കോലിയും ഡിവില്ലേഴ്‌സുമൊഴികെ ബാംഗ്ലൂര്‍ ടീമില്‍ മറ്റാരും സീസണില്‍ 400 റണ്‍സ് കടന്നിട്ടില്ല. ടൂര്‍ണമെന്റില്‍ ഉടനീളം കോലിയെയും ഡിവില്ലേഴ്‌സിനെയും മാത്രം ആശ്രയിച്ച് മുന്നേറുക അസാധ്യമാണെന്ന് പരിശീലകന്‍ മൈക്ക് ഹെസന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഫോമിലുള്ള ബാറ്റ്‌സ്മാന്മാരെ ലേലത്തില്‍ പിടിക്കാന്‍ ബാംഗ്ലൂര്‍ മുന്‍കയ്യെടുത്തത്.

ആരോണ്‍ ഫിഞ്ചാണെങ്കിലും ദേവ്ദത്ത് പടിക്കല്ലാണെങ്കിലും ജോഷ് ഫിലിപ്പാണെങ്കിലും ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തി കഴിവു തെളിയിച്ചവരാണ്. ഇതേ ഫോം ഐപിഎല്ലിലും ഇവര്‍ തുടര്‍ന്നാല്‍ ബാംഗ്ലൂരിന്റെ കിരീട സാധ്യത വര്‍ധിക്കും. ഒപ്പം, നായകന്‍ വിരാട് കോലിക്കും എബി ഡിവില്ലേഴ്‌സിനും സ്വതന്ത്രമായി കളിക്കാനും അവസരമൊരുങ്ങും.
Most Read: ഓസീസിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കുമോ ?ഏകദിന പരമ്പര ആരു നേടും... ഇര്‍ഫാന്റെ പ്രവചനം

ഓപ്ഷനുകള്‍ പരിമിതം
പൊതുവേ ട്വന്റി-20 ക്രിക്കറ്റില്‍ നിരവധി ഓപ്ഷനുകളുണ്ടെങ്കില്‍ നായകനും ടീമിനും ആശ്വാസമാണ്. അതുകൊണ്ടാണ് 25 മുതല്‍ 27 താരങ്ങളെ വരെ ഉള്‍പ്പെടുത്തി ഫ്രാഞ്ചൈസികള്‍ സ്‌ക്വാഡ് രൂപീകരിച്ചത്. പക്ഷെ ബാംഗ്ലൂരിന്റെ കാര്യത്തില്‍ മാത്രം ചിത്രമിതല്ല. ആകെ 21 കളിക്കാരെ ഇത്തവണ സ്‌ക്വാഡിലുള്ളൂ. നായകന്‍ വിരാട് കോലിയുടെ പില്‍ക്കാല ചരിത്രം വിലയിരുത്തുമ്പോള്‍ ചെറിയ സ്‌ക്വാഡിനെ നിലനിര്‍ത്തുന്നതാണ് ബാംഗ്ലൂരിന് എന്തുകൊണ്ടും നല്ലത്.

കാരണം വിപുലമായ സ്‌ക്വാഡാണെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അമിതമായ പരീക്ഷണങ്ങള്‍ക്ക് മുതിരും. 2019 ഐപിഎല്‍ സീസണ്‍ തന്നെ ഇതിനുദ്ദാഹരണം. കഴിഞ്ഞതവണ 25 സ്‌ക്വാഡിലെ 22 പേരെയും വിരാട് കോലി മാറി മാറി പരീക്ഷിച്ചിരുന്നു. ഫലമോ, ടൂര്‍ണമെന്റിന്റെ അവസാന ഭാഗത്തും ഒത്തിണക്കമുള്ള അന്തിമ ഇലവന് രൂപംകൊടുക്കാന്‍ കോലിക്കായില്ല.
ഈ അനുഭവമുള്ളതുകൊണ്ടാകണം ഐപിഎല്‍ 13 ആം എഡിഷന് 21 കളിക്കാരുമായി ബാംഗ്ലൂര്‍ തയ്യാറെടുക്കുന്നത്. ഓപ്ഷനുകള്‍ പരിമിതമായ സാഹചര്യത്തില്‍ പ്ലേയിങ് ഇലവനില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്താന്‍ കോലിക്ക് കഴിയില്ല.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ്
'ചെണ്ട' എന്ന ആക്ഷേപം ബാംഗ്ലൂര്‍ ബൗളര്‍ കാലങ്ങളായി കേള്‍ക്കുന്നു. സ്‌കോര്‍ബോര്‍ഡില്‍ 200 അടിച്ചാലും ജയിക്കാനാവാത്ത ദുര്‍വിധി. മുന്നില്‍ നിന്നും നയിക്കാന്‍ ശേഷിയുള്ള ലോകോത്തര ബൗളര്‍മാരുടെ അഭാവമാണ് ബാംഗ്ലൂരിന്റെ മറ്റൊരു പോരായ്മ. പരിക്ക് ഡെയ്ല്‍ സ്റ്റെയ്‌നെ വിടാതെ പിന്തുടരുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ്ങിന് മൂര്‍ച്ച കുറയുന്നു. അവസാന ഓവറുകളിലാണ് പ്രശ്‌നം ഗുരുതരം. റണ്ണൊഴുക്ക് തടയാനാകുന്നില്ല. കഴിഞ്ഞ സീസണില്‍ തലങ്ങും വിലങ്ങും സിക്‌സറുകള്‍ പായിച്ചപ്പോള്‍ നായകന്‍ വിരാട് കോലി നിരവധി തവണ തലയില്‍ കൈവെച്ചു പോയിട്ടുണ്ട്.

മുഹമ്മദ് സിറാജും മാര്‍ക്കസ് സ്‌റ്റോയിനിസും കൊണ്ട അടിക്ക് കയ്യും കണക്കുമില്ല. 2019 സീസണില്‍ 11.23 എന്ന കണക്കിലാണ് ടീമിന്റെ ഇക്കോണമി നിരക്ക് എത്തിനിന്നത്. ഇതേസമയം, 2018 സീസണിനെ അപേക്ഷിച്ച് ടീം 'ഒരല്‍പ്പം' ഭേദപ്പെട്ടു. അന്ന് ഇക്കോണമി നിരക്ക് 11.87 എന്ന കണക്കിലായിരുന്നു. എന്തായാലും ബൗളിങ്ങിലെ പ്രശ്‌നം ഫ്രാഞ്ചൈസി പരിഹരിച്ചതു കാണാം. ട്വന്റി-20 ക്രിക്കറ്റില്‍ പയറ്റിത്തെളിഞ്ഞ ക്രിസ് മോറിസും കെയ്ന്‍ റിച്ചാര്‍ഡ്‌സണും ബാംഗ്ലൂരിന്റെ ഡെത്ത് ഓവര്‍ പ്രശ്‌നം പരിഹരിക്കും. വേഗം കുറഞ്ഞ പന്തുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ കുഴക്കാന്‍ ഇസുരു ഉഡാനയുണ്ടെന്നതും ബാംഗ്ലൂരിന് മുതല്‍ക്കൂട്ടാണ്.

ഓള്‍റൗണ്ടിങ് വൈവിധ്യം
ഒരുകാലത്ത് ജാക്ക് കാലിസ്, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയ ഇതിഹാസ ഓള്‍റൗണ്ടര്‍മാര്‍ ബാംഗ്ലൂരിനാായി കളിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് എപ്പോഴോ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരിലും ഫാസ്റ്റ് ബൗളര്‍മാരിലും മാത്രമായി ഫ്രാഞ്ചൈസിയുടെ ശ്രദ്ധ. ഫലമോ, നിര്‍ണായക സാഹചര്യത്തില്‍ ടീമിന് മിക്കപ്പോഴും കാലിടറി. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പുറത്തായാല്‍ റണ്‍സ് വരാത്ത സാഹചര്യം. ബൗളിങ്ങിലും വൈവിധ്യമില്ലായ്മ ദൃശ്യമായി. എന്തായാലും ഡിസംബറിലെ ഐപിഎല്‍ ലേലത്തോടെ ഈ തെറ്റ് ഫ്രാഞ്ചൈസി തിരുത്തിയിട്ടുണ്ട്.
Most Read: ധോണിയുടെ ആ റോള്‍ ഏറ്റെടുക്കുമോ? ഒരിക്കലുമാവില്ല... തുറന്നു പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

ഇപ്പോള്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ശിവം ദൂബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന എന്നീ താരങ്ങളുണ്ട്. മോയീന്‍ അലിയും വാഷിങ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ ക്വോട്ട തികയ്ക്കും. ചുരുക്കത്തില്‍ കഴിഞ്ഞകാലങ്ങളിലെ പോരായ്മകളെല്ലാം വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരിഹിച്ചു കഴിഞ്ഞു. എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നെന്ന് ഇനി കളിക്കളത്തില്‍ ഇവര്‍ തെളിയിച്ചാല്‍ മതി.


Click it and Unblock the Notifications