IND vs AUS: ഇതിഹാസങ്ങള്‍ക്കൊപ്പം കോലി- എലൈറ്റ് ലിസ്റ്റില്‍, ഒമ്പതാമത്തെ ഇന്ത്യന്‍ താരം
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയതോടെ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യന്‍ ജഴ്‌സിയില്‍ കോലിയുടെ 250ാമത്തെ മല്‍സരമായിരുന്നു ഇത്. ഈ നേട്ടത്തിന് അവകാശിയായ ഒമ്പതാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തു.

നേരത്തേ ഇന്ത്യക്കു വേണ്ടി 250 മല്‍സരങ്ങളില്‍ കൂടുതല്‍ കളിച്ചവരെല്ലാം ഇതിഹാസങ്ങളായിരുന്നുവെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (463 ഏകദിനങ്ങള്‍), എംഎസ് ധോണി (350), രാഹുല്‍ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304), അനില്‍ കുംബ്ലെ (271), വീരേന്ദര്‍ സെവാഗ് (251) എന്നിവരുള്‍പ്പെട്ട എലൈറ്റ് ക്ലബ്ബിലാണ് കോലിയും അംഗമായത്.
2008ല്‍ ശ്രീലങ്കയ്‌ക്കെതിരേ ദാംബുള്ളയില്‍ നടന്ന ഏകദിനത്തിലൂടെയായിരുന്നു കോലിയുടെ അരങ്ങേറ്റം. 59.14 ശരാശരിയില്‍ 11,888 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 43 സെഞ്ച്വറികളാണ് കോലി ഇതിനകം വാരിക്കൂട്ടിയത്. 49 സെഞ്ച്വറികളുമായി സച്ചിന്‍ മാത്രമേ ലോക ക്രിക്കറ്റില്‍ തന്നെ കോലിക്കു മുന്നിലുള്ളൂ.
ഏകദിന ക്രിക്കറ്റിലെ കണക്കുകള്‍ നോക്കിയാല്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഒരു താരവും കോലിക്ക് അരികിലെത്തില്ല. മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക താരം കൂടിയാണ് കോലി. ഇന്ത്യയെ 89 ഏകദിനങ്ങളിലാണ് അദ്ദഹം ഇതുവരെ നയിച്ചത്. ഇവയില്‍ 62 എണ്ണത്തില്‍ ടീമിനെ വിജയിപ്പിച്ച അദ്ദേഹത്തിനു കീഴില്‍ 24 മല്‍സരങ്ങളാണ് ഇന്ത്യ തോറ്റത്.,
ഓസീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ മറ്റൊരു റെക്കോര്‍ഡ് കോലിയെ കാത്തിരിക്കുന്നുണ്ട്. 112 റണ്‍സ് ഈ പരമ്പരയില്‍ നേടാന്‍ കഴിഞ്ഞാല്‍ ഏകദിനത്തില്‍ സച്ചിന് ശേഷം 12,000 റണ്‍സസ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമായി കോലി മാറും.
സച്ചിനെക്കൂടാതെ ലോക ക്രിക്കറ്റില്‍ 12000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത് നാലു കളിക്കാരാണ്. ഇവരില്‍ മൂന്നു പേരും ശ്രീലങ്കന്‍ താരങ്ങളാണ്. കുമാര്‍ സങ്കക്കാര (14,234 റണ്‍സ്), റിക്കി പോണ്ടിങ് (13,704), സനത് ജയസൂര്യ (13,430), മഹേല ജയവര്‍ധനെ (12,650) എന്നിവരാണ് ഈ താരങ്ങള്‍.
ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയായ കോലിക്കുള്ളത്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് അദ്ദേഹം. അഞ്ചു സെഞ്ച്വറികളടക്കം 38.16 ശരാശരിയില്‍ 5878 റണ്‍സ് കോലി നേടിയിട്ടുണ്ട്. 2016ലെ ഐഐപിഎല്ലില്‍ മാത്രം 1000ത്തിനു അടുത്ത് റണ്‍സാണ് കോലി വാരിക്കൂട്ടിയത്. നാലു സെഞ്ച്വറികളടക്കം 81.08 ശരാശരിയില്‍ 973 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications