ഇന്ത്യ vs വിന്‍ഡീസ്: കരീബിയന്‍ കശാപ്പിന് കോലിപ്പട... എല്ലാ കണ്ണും സഞ്ജുവില്‍, പന്തിന് ഡു ഓര്‍ ഡൈ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ പരമ്പര നേട്ടത്തിനു ശേഷം ടീം ഇന്ത്യ വീണ്ടും പോരാട്ടച്ചൂടിലേക്ക്. ഈ വര്‍ഷത്തെ അവസാനത്തെ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയോടു കൊമ്പുകോര്‍ക്കാനെത്തിയിരിക്കുന്നത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇരുടീമുകളും പോരടിക്കുക. ടി20 പരമ്പരയിലെ ആദ്യ മല്‍സരം വെള്ളിയാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച്ഡി 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, ഹോട്ട്‌സ്റ്റാര്‍ എന്നിവയില്‍ മല്‍സരം തല്‍സമയം കാണാം.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പരയടക്കം ഇനി നടക്കാനിരിക്കുന്ന എല്ലാ മല്‍സരങ്ങളും. ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

ബാറ്റിങ് പിച്ച്
ഹൈദരാബാദിലെ പിച്ച് ബാറ്റിങിന് അനുകൂലമായതിനാല്‍ റണ്‍മഴ തന്നെ കാണാനാണ് സാധ്യത. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഈ ഗ്രൗണ്ടില്‍ നടന്ന മല്‍സരങ്ങളില്‍ കൂറ്റന്‍ സ്‌കോറുകളാണ് പിറന്നത്. അതുകൊണ്ടു തന്നെ ഈ പിച്ച് ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറുകയും ചെയ്തിരുന്നു. കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന പിച്ച പിന്നീട് സ്പിന്നര്‍മാരെ തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം കാണിക്കുന്നത്.

കണക്കുകളില്‍ ഇന്ത്യ
ടി20 ക്രിക്കറ്റില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. 14 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ ഇന്ത്യ എട്ടെണ്ണത്തില്‍ ജയം കൊയ്തപ്പോള്‍ അഞ്ചു മല്‍സരങ്ങളില്‍
വിന്‍ഡീസിനായിരുന്നു വിജയം. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സഞ്ജു കളിക്കുമോ?
ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറ്റവുമധികം ആകാംക്ഷ ഉയര്‍ത്തുന്ന കാര്യം കേരള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നതാണ്. ബംഗ്ലാദേശിനെതിരായ തൊട്ടുമുമ്പത്തെ മൂന്നു കളികളുടെ ടി20 പരമ്പരയില്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.
വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കു കാരണം ടീമില്‍ നിന്നു പിന്‍മാറിയതോടെ സഞ്ജുവിനെ പകരക്കാരനായി ഉള്‍പ്പെടുത്തുകയായിരുന്നു.

പന്തിന് നിര്‍ണായകം
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഏറെ നിര്‍ണായകമാണ് വരാനിരിക്കുന്ന പരമ്പര. ലോകകപ്പിനു ശേഷം കളിച്ച മൂന്നു പരമ്പരകളിലും പന്ത് ഫ്‌ളോപ്പായിരുന്നു. ഇതോടെ താരത്തിനെതിരേ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ കൂടി നിറം മങ്ങിയാല്‍ പന്തിനെ ഒഴിവാക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.
ടി20 ലോകകപ്പ് ടീമില്‍ തന്റെ സ്ഥാനത്തിനു അവകാശ വാദമുന്നയിക്കാന്‍ പന്തിന് ഈ പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്.

സാധ്യതാ ടീം
ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
വെസ്റ്റ് ഇന്‍ഡീസ്- ലെന്‍ഡ്ല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ബ്രെന്‍ഡന്‍ കിങ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ഫാബിയെന്‍ അലെന്‍, ജാസണ്‍ ഹോള്‍ഡര്‍, കെസ്രിക്ക് വില്ല്യംസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഹെയ്ഡന്‍ വാല്‍ഷ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications