IND vs SL: ടി20 പരമ്പര ആരു നേടും? മൂന്ന് താരപോരാട്ടങ്ങള്‍ നിര്‍ണായകം
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര ഈയാഴ്ച നടക്കാനിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും ദസുന്‍ ഷനകയുടെ ശ്രീലങ്കയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. തുടര്‍ച്ചയായി രണ്ടു പരമ്പരകള്‍ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാനും സംഘവും. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യ അവസാനമായി തൂത്തുവാരിയത്.
അതേസമയം, ശ്രീലങ്കയാവട്ടെ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച ടി20 പരമ്പരയില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യയിലെത്തുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-4നായിരുന്നു ലങ്കയുടെ തോല്‍വി. ചില താര പോരാട്ടങ്ങള്‍ ഇന്ത്യയും ലങ്കയും തമ്മിലുള്ള ടി20 പരമ്പരയുടെ വിധി തീരമാനിക്കുന്നതില്‍ നിര്‍ണായകമായി മാറും. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ x ചമീര
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കിഷന്‍ തന്നെ തുടരാനാണ് സാധ്യത. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും താരം കളിച്ചിരുന്നെങ്കിലും ബാറ്റിങില്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് എത്താനായിരുന്നില്ല. പേസും ബോളിന്റെ മൂവ്‌മെന്റുമെല്ലാം ഇഷാനെ വലച്ചിരുന്നു.

അതുകൊണ്ടു തന്നെ ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെ നേരിടുകയെന്നത് അദ്ദേഹത്തിനു കടുപ്പമാവും. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ചമീര മികച്ച പ്രകടനം നടത്തിയിരുന്നു. അഞ്ചു ടി20കളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മികച്ച വേഗവും പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റെടുക്കാനുള്ള കഴിവും ചമീരയെ അപകടകാരിയാക്കും.

ബുംറ x നിസങ്ക
ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസങ്കയും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടമാണ് അടുത്തത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ഏകദിന, ടി20 പരമ്പരകളില്‍ വിശ്രമം അനുവദിക്കപ്പെട്ട ബുംറ ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ബുംറയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഒരു ടി20 പോലും അദ്ദേഹം കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ തുടക്കത്തില്‍ തന്നെ ബുംറ ശരിയായ ട്രാക്കിലേക്ക് എത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ലങ്കയുടെ ഇടംകൈയന്‍ ബാറ്ററായ നിസങ്ക കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു അദ്ദേഹം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 184 റണ്‍സാണ് നിസങ്ക സ്‌കോര്‍ ചെയ്തത്. ലങ്കന്‍ ഇന്നിങ്‌സില്‍ ആങ്കറുടെ റോളില്‍ താരം തിളങ്ങുകയും ചെയ്തു.

സൂര്യകുമാര്‍ x ഹസരംഗ
ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയിലെ ഏറ്റവും നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. അതുപോലെ തന്നെ ശ്രീലങ്കയുടെയും തുറുപ്പുചീട്ടാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു പേര്‍ക്കും അനുഭവസമ്പത്ത് കുറവാണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ള സ്വന്തം ടീമില്‍ വലിയ ഇംപാക്ടുണ്ടാക്കിയവരുമാണ്.അഞ്ചാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യ കാഴ്ചവയ്ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു.

ഏതു പ്രതികൂല സാഹചര്യത്തിനും ഇന്നിങ്‌സ് നിയന്ത്രിക്കാനും പിന്നീട് ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച് എതിരാളികളുടെ മേല്‍ക്കൈ നഷ്ടപ്പെടുത്താനും ശേഷിയുള്ള താരമാണ് സൂര്യ. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളെന്ന നിലയിലേക്കു അദ്ദേഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏതു ബൗളര്‍ക്കെതിരേയും 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാനുള്ള അസാധാരണമായ കഴിവ് സൂര്യക്കുണ്ട്്.

ഹസരംഗയിലേക്കു വന്നാല്‍ ലങ്കന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലാണ് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ടു താരപദവിയിലേക്കുയര്‍ന്ന ഹസരംഗ നിലവില്‍ ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ കൂടിയാണ്. ഹസരംഗയെ സൂര്യ എങ്ങനെ നേരിടുമെന്നത് ഇന്ത്യയെ സംബന്ധിച്ച് പരമ്പരയില്‍ വളരെ നിര്‍ണായകമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications