IND vs SL: ഞാനും വിരാടുമല്ലാതെ ഇന്ത്യന്‍ ടീമില്‍ മൂന്നു നായകര്‍ വേറെയും! രോഹിത് പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നേതൃശേഷിയുള്ള ഒന്നിലേറെ പേരുണ്ടെന്നും അതുകൊണ്ടു തന്നെ അടുത്ത ക്യാപ്റ്റനെ കണ്ടെത്തുകയെന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നു നായകന്‍ രോഹിത് ശര്‍മ. താനും വിരാട് കോലിയും കൂടാതെ നേതൃശേഷിയുള്ള മൂന്നു പേര്‍ കൂടി ടീമിലുണ്ടെന്നാണ് ഹിറ്റ്മാന്‍ പറയുന്നത്. അവര്‍ക്കു ഒരുപാട് ഉപദേശങ്ങളുടെയൊന്നും ആവശ്യമില്ലെന്നും സ്വയം തീരുമാനമെടുക്കാനുള്ള ശേഷി അവര്‍ക്കുണ്ടെന്നും രോഹിത് ചൂണ്ടിക്കാട്ടി.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരിക്കുകാരണം കെഎല്‍ രാഹുലിനു പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് ബുംറയ്ക്കു ഇന്ത്യ ഈ റോള്‍ നല്‍കിയത്.

കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരാണ് തന്നെയും വിരാട് കോലിയെയും കൂടാതെ ഇന്ത്യന്‍ ടീമിലുള്ള മറ്റു ലീഡര്‍മാരെന്നു രോഹിത് ശര്‍മ പറയുന്നു. ദേശീയ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങളാണ് മൂന്നു പേരുമെന്നതു ശ്രദ്ധേയമാണ്. കോലി സ്ഥാനമൊഴിഞ്ഞ ശേഷം രോഹിത് ക്യാപ്റ്റന്‍സിയേറ്റെടുത്തപ്പോള്‍ രാഹുലിനെയായിരുന്നു വൈസ് ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിച്ചത്.

ഓരോ കാര്യങ്ങളെക്കുറിച്ചും ഈ മൂന്നു പേരോടും എനിക്കു പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഇവരെല്ലാം പക്വതയുള്ളവരാണ്. ഇവരെ വഴികാണിക്കാന്‍ ആരെങ്കിലുമൊരാള്‍ കൂടെ വേണമെന്നു മാത്രമേയുള്ളൂ. അതു ചെയ്യാന്‍ എനിക്കു സന്തോഷമേയുള്ളൂ. ഞങ്ങളും ഇങ്ങനൊണ് ഇത്തരമൊരു പദവിയിലേക്കു വന്നത്. മറ്റാരൊക്കെയോ ഞങ്ങളെയും വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു. ഇതു സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. എല്ലാവരും ഇതിലൂടെ കടന്നുപോവുകയും ചെയ്യുമെന്നും രോഹിത് ശര്‍മ വിശദമാക്കി.

ഇന്ത്യയുടെ വിജയങ്ങളില്‍ വലിയ റോള്‍ വഹിക്കേണ്ടവരാണ് ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നീ താരങ്ങള്‍. അവരെയും നേതാക്കളായി തന്നെയാണ് കാണുന്നത്. തങ്ങളുടെ ചുമലില്‍ ഉത്തരവാദിത്വമുണ്ടെന്നു അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഇവര്‍ ഞങ്ങളെ സംബന്ധിച്ച് നിര്‍ണായക താരങ്ങളായതിനാല്‍ തന്നെ അവര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഗെയിം ആസ്വദിക്കുകയും സ്വന്തം കഴിവ് പ്രകടിപ്പിക്കുകയും ചെയ്യണമെന്നു മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍മാരെ രോഹിത് ശര്‍മയിലേക്കാണ് ടീം മാനേജ്‌മെന്റ് നോക്കുന്നതെന്നു കഴിഞ്ഞയാഴ്ച സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ പറഞ്ഞിരുന്നു. രോഹിത്തിനെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിക്കവെയായിരുന്നു ഇത്.
കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിചയസമ്പന്നനായ രോഹിത്തിനെ സെലക്ടര്‍മാര്‍ ചുമതലയേല്‍പ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീമിനെ നയിച്ചാണ് റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നായകനായി ഹിറ്റ്മാന്റെ അരങ്ങേറ്റം.

ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം ഒരു തോല്‍വി പോലുമറിയാതെ കുതിക്കുകയാണ് രോഹിത് ശര്‍മ. തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനു വിജയം സമ്മാനിച്ചത്. മൂന്നു പരമ്പരകള്‍ ഇതിലുള്‍പ്പെടുന്നു. ഐസിസിയുടെ ടി20 ലോകകപ്പിനു പിന്നാലെ കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് ഹിറ്റ്മാന് കീഴില്‍ ഇന്ത്യ തുടങ്ങിയത്.

പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ഇന്ത്യയെ നയിക്കാനായില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് നായകസ്ഥാനത്തു തിരിച്ചെത്തി. ഫലമാവട്ടെ ഇന്ത്യ 3-0ന് പരമ്പര തൂത്തുവാരി. ഏകദിനത്തില്‍ വിന്‍ഡീസിനെ തൂത്തുവാരിയ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും ഇതോടെ അദ്ദേഹം മാറി. പിന്നാലെ വിന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും തൂത്തുവാരാന്‍ രോഹിത്തിനു സാധിച്ചു. ഇനി ശ്രീലങ്കയ്‌ക്കെതിരേയും വിജയക്കുതിപ്പ് തുടരാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications