IND vs SL: രണ്ടാമങ്കത്തില്‍ ഇന്ത്യ വരുത്തിയത് രണ്ട് പിഴവുകള്‍! ഒരു നീക്കം സൂപ്പര്‍, അറിയാം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ചെറിയ വിജയലക്ഷ്യം പൊരുതി നേടിയിരിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ആദ്യ കളിയില്‍ 373 റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യക്കു രണ്ടാമങ്കത്തില്‍ ജയിക്കാന്‍ വെറും 216 റണ്‍സ് മതിയായിരുന്നു. ഇന്ത്യ പാട്ടുംപാടി ജയിക്കുമെന്നുറപ്പിച്ച ആരാധകര്‍ പക്ഷെ നെഞ്ചിട്ടിപ്പോടെയാണ് കളി കണ്ടത്. 15 ഓവറെത്തുമ്പോഴേക്കും 86 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ പരാജയം മുന്നില്‍ കണ്ടു.
പക്ഷെ കെഎല്‍ രാഹുലിന്റെ (64*) അപരാജിത ഫിഫ്റ്റിയും ഹാര്‍ദിക് പാണ്ഡ്യയുടെ (36) പ്രകടനവും ഇന്ത്യക്കു നാലു വിക്കറ്റിന്റെ വിജയം സമ്മാനിക്കുകയായിരുന്നു. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ (21), കുല്‍ദീപ് യാദവ് (10*) എന്നിവരും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വിജയിച്ചതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും ഇന്ത്യ കൈക്കലാക്കിയിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ചെങ്കിലും വലിയ രണ്ടു പിഴവുകള്‍ ഈ മല്‍സരത്തില്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. കൂടാതെ ഒരു മാസ്റ്റര്‍ സ്‌ട്രോക്കും കാണാന്‍ സാധിച്ചു. പരിശോധിക്കാം.

ആദ്യ പിഴവ്- സ്പിന്നര്‍മാരെ വൈകിച്ചു
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒരു ഘട്ടത്തില്‍ 17 ഓവറില്‍ ഒരു വിക്കറ്റിനു 102 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ 25 ഓവറായപ്പോഴേക്കും ആറിന് 126 റണ്‍സിലേക്കു തകര്‍ന്നു.
കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, നുവാനിദു ഫെര്‍ണാണ്ടോ, ദസുന്‍ ഷനക, ചരിത് അസലെന്‍ക എന്നിവരെല്ലാം ഈ ഘട്ടത്തില്‍ പുറത്തായിരുന്നു. ഈ കാരണത്താലാണ് അവരുടെ സ്‌കോര്‍ 215 റണ്‍സിലൊതുങ്ങിയത്.
സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും അക്ഷര്‍ പട്ടേലിനെയും നായകന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചതോടെയാണ് മല്‍സരത്തിന്റെ ഗതി തന്നെ മാറിയത്. രണ്ടു പേരും കൂടി നാലു വിക്കറ്റുകള്‍ പങ്കിട്ടു. നിരന്തരം സ്റ്റുപകള്‍ ലക്ഷ്യമിട്ട് ബൗള്‍ ചെയ്ത ഇരുവരും ലങ്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ലങ്ക ഒന്നിന് 99 റണ്‍സില്‍ നില്‍ക്കെ 17ാം ഓവറിലാണ് കുല്‍ദീപ് ബൗള്‍ ചെയ്യാനെത്തിയത്.
സ്പിന്നര്‍മാരെ കുറച്ചുകൂടി നേരത്തേ ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നു. കുല്‍ദീപിന്റെ ആദ്യ ഓവറിനു മുമ്പ് ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 23ഉം ഉമ്രാന് മാലിക്ക് മൂന്നോവറില്‍ 30ഉം റണ്‍സ് വഴങ്ങിയിരുന്നു.

രണ്ടാമത്തെ പിഴവ്- വിക്കറ്റുകള്‍ അനായാസം കൈവിട്ടു
ഇന്ത്യന്‍ ടീം വരുത്തിയ രണ്ടാമത്തെ പിഴവ് ഇന്നിങ്‌സിലുടനീളം വിക്കറ്റുകള്‍ വളരെ അനായാസം നഷ്ടപ്പെടുത്തിയെന്നതായിരുന്നു. 216 റണ്‍സിന്റെ ചെറിയ ലക്ഷ്യം എളപ്പത്തില്‍ ഇന്ത്യ മറികടക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
ഇന്നിങ്‌സ് ബ്രേക്കിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ 40 ഓവറിനകം ഇന്ത്യ വിജയം പൂര്‍ത്തിയാക്കുമെന്നായിരുന്നു മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവര്‍ പ്രവചിച്ചത്. പക്ഷെ അങ്ങനെയൊരു ഈസി വാക്കോവറല്ല ഇന്ത്യക്കു ലഭിച്ചത്.
ലങ്കന്‍ ബൗളര്‍മാര്‍ കൃത്യമായ ലൈനിലും ലെങ്ത്തിലും തന്നെ ബൗള്‍ ചെയ്‌തെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ലൂസ് ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. വിജയലക്ഷ്യം 216 ആയതിനാല്‍ ഇന്ത്യക്കു റിസ്‌ക്ക് ഏറ്റെടുക്കേണ്ട ആവശ്യമില്ലായിരുന്നു. മോശം ബോളുകളില്‍ മാത്രം റണ്‍സെടുത്താല്‍ അനായാസം കളി ജയിക്കാമായിരുന്നു.
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മോശം ഷോട്ടുകള്‍ക്കു മുതിര്‍ന്നാണ് പുറത്തായത്. വിരാട് കോലി മാത്രമാണ് വളരെ മികച്ച ഒരു ബോളില്‍ ക്രീസ് വിട്ടത്. ഏറെക്കുറെ ഷോട്ട് കളിക്കാന്‍ അസാധ്യമായ ബോളായിരുന്നു ലഹിരു കുമാരയുടേത്. ശങ്കിച്ചു നിന്ന കോലി ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയും ചെയ്തു. ബാറ്റിങില്‍ ഇന്ത്യയുടെ അഗ്രസീവ് ശൈലി സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും പുറത്താവലുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്.
Also Read IND vs NZ: ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, സഞ്ജുവിന് സാധ്യത കുറവ്! ബുംറയുമില്ല

മാസ്റ്റര്‍ സ്‌ട്രോക്ക്- കുല്‍ദീപിനെ കളിപ്പിച്ചു
രണ്ടാം ഏകദിനത്തിലും യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ടാണ് ചഹലിനു പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ തിരിച്ചുവിളിച്ചത്. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കാവുകയും ചെയ്തു.
ആദ്യ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ ചഹലിനു നിസാര പരിക്കേറ്റിരുന്നു. തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് ഇവരില്‍ ആരെന്നതായിരുന്നു ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. സമീപകാലത്തു അവസരം ലഭിച്ചപ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള കുല്‍ദീപിനെ ഇന്ത്യ തിരഞ്ഞെടുക്കുകയായിരുന്നു. ഈ നീക്കം വിജയമാവുകയും ചെയ്തു.
മധ്യ ഓവറുകളില്‍ മൂന്നു പ്രധാനപ്പെട്ട വിക്കറ്റുകള്‍ പിഴുത് ലങ്കയെ ബാക്ക്ഫൂട്ടിലാക്കിയത് കുല്‍ദീപായിരുന്നു. അപകടകാരിയായ കുശാല്‍ മെന്‍ഡിസിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അദ്ദേഹം നായകന്‍ ദസുന്‍ ഷനകയെ ബൗള്‍ഡുമാക്കി. പിന്നാലെ വമ്പനടികള്‍ക്കു പേരുകേട്ട ചരിത് അസെലന്‍കയെ സ്വന്തം ബൗളിങിലും പിടികൂടി. ഈ പ്രകടനം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു നേടിക്കൊടുത്തു.
ചഹലിനേക്കാള്‍ മികച്ച ഓപ്ഷന്‍ താന്‍ തന്നെയാണെന്നു ഈ കളിയിലൂടെ കുല്‍ദീപ് തെളിയിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും അദ്ദേഹത്ത തീര്‍ച്ചയായും ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications