IND vs SL: ലങ്ക വരുന്നു, ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? 5 പേര്‍ പുറത്താവും

ബംഗ്ലാദേശ് പര്യടനം പൂര്‍ത്തിയാവുന്നതോടെ ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ മല്‍സരങ്ങള്‍ അവസാനിക്കും. നിലവില്‍ ബംഗ്ലാദേശുമായുള്ള രണ്ടാത്തെയും അവസാനത്തെയും ടെസ്റ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജനുവരി ആദ്യ വാരം തന്നെ ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക ഇന്ത്യയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിക്കാനെത്തും.
മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. തിരുവനന്തപുരമടക്കം ആറു വ്യത്യസ്ത വേദികളിലായിട്ടാണ് മല്‍സരങ്ങള്‍. ബംഗ്ലാദേശുമായുള്ള അവസാനത്തെ ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. ബംഗ്ലാദേശില്‍ കളിച്ച സംഘത്തിലെ ചിലരെ ലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യ ഒഴിവാക്കും. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

ശിഖര്‍ ധവാന്‍
സമീപകാലത്തു മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. ഒരു സമയത്തു ദേശീയ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം ഇപ്പോള്‍ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ ഒമ്പത് ഏകദിനങ്ങളില്‍ എട്ടിലും ധവാന്‍ ബാറ്റിങില്‍ നിരാശപ്പെടുത്തി.
ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2019ല്‍ 100 പ്ലസ് സ്‌ട്രൈക്ക് റേറ്റ് ധവാനുണ്ടായിരുന്നു. ഈ വര്‍ഷം ഇതു 75ലേക്കു കുറഞ്ഞിരിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച ഇഷാന്‍ കിഷനെ ലങ്കയ്‌ക്കെതിരേയും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ ധവാനു പുറത്തു പോവേണ്ടതായി വരും.

റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തു പോയേക്കാവുന്ന മറ്റൊരു താരം. മോശം തന്നെയാണ് അദ്ദേഹത്തിനും തിരിച്ചടിയാവുന്നത്. കരിയറിലെ കന്നി ഏകദിന ഡബിള്‍ സെഞ്ച്വറി കുറിച്ചതോടെ റിഷഭ് പന്തിനെ മറികടന്ന് ഇഷാന്‍ കിഷന്‍ മുന്നിലേക്കു വന്നു കഴിഞ്ഞു.
നിരവധി അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നിട്ടും അവയൊന്നും മുതലാക്കാന്‍ റിഷഭിനായിട്ടില്ല.
ഇഷാനെക്കൂടാതെ സഞ്ജു സാംസണിന്റെ മികച്ച ഫോമും റിഷഭിനു ഭീഷണിയാണ്.
സമീപകാലത്തു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. ഈ വര്‍ഷം ഒമ്പത് ഏകദിനങ്ങളിലാണ് റിഷഭ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടിക്കുകയും ചെയ്തു.

കുല്‍ദീപ് സെന്‍
ബംഗ്ലാദേശുമായുളള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍. കന്നി മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളുമായി വരവറിയിരിക്കുകയും ചെയ്തു. പക്ഷെ പുറംവേദനയെ തുടര്‍ന്ന് പിന്നീടുള്ള മല്‍സരങ്ങള്‍ കുല്‍ദീപിനു നഷ്ടമാവുകയായിരുന്നു.
രണ്ടു വിക്കറ്റുകള്‍ നേടിയെങ്കിലും അരങ്ങേറ്റ മല്‍സരത്തില്‍ താരത്തിന്റെ സ്‌പെല്‍ അത്ര മികച്ചതായിരുന്നില്ല. കുല്‍ദീപിന്റെ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസ് നേടിയ രണ്ടു സിക്‌സറുകളാണ് ബംഗ്ലാദേശിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്.
അപരാജിതമായ പത്താം വിക്കറ്റില്‍ മെഹ്ദി- മുസ്തഫിസുര്‍ റഹ്മാന്‍ ജോടി 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി അവര്‍ക്ക് നാടകീയ വിജയം സമ്മാനിക്കുകയും ചെയ്തു.

മുഹമ്മദ് ഷമി
വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ഏകദിന ടീമിലുണ്ടാവാന്‍ സാധ്യതയില്ലാത്ത നാലാമത്തെ താരം. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പായിരുന്നു പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ തോളിനു പരിക്കേറ്റത്. തുടര്‍ന്ന് പരമ്പര നഷ്ടമായ ഷമി നിലവില്‍ എന്‍സിഎയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുളള ശ്രമത്തിലാണ്.
അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് ഷമി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ധൃതി പിടിച്ച് തിരികെ കൊണ്ടു വരാന്‍ ഇന്ത്യ ശ്രമിക്കില്ല. ലങ്കയ്‌ക്കെതിരേ ഷമിയെ ഒഴിവാക്കാന്‍ തന്നെയാണ് സാധ്യത.
Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

ഷഹബാസ് അഹമ്മദ്
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയില്ലാത്ത അഞ്ചാമത്തെ താരം. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായിട്ടാണ് ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഷഹബാസിനെ ടീമിലെടുത്തത്.
ആദ്യ ഏകദിനത്തില്‍ താരത്തിനു കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ബൗളിങിലോ, ബാറ്റിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല. ഷഹബാസിനെ ഡെക്കായി ഷാക്വിബുല്‍ ഹസന്‍ പുറത്താക്കുകയായിരുന്നു.
ബൗളിങില്‍ ഒമ്പതോവറുകള്‍ താരം ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റൊനനും ലഭിച്ചില്ല. 39 റണ്‍സായിരുന്നു വിട്ടുകൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications