IND vs SL: പതറി, പിന്നെ പൊരുതി, രണ്ടാമങ്കവും ജയിച്ച് പരമ്പര ഇന്ത്യക്ക്
കൊല്‍ക്കത്ത: ടി20 പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി 2023ന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ലോ സ്‌കോറിങ് മാച്ചില്‍ നാലു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ പൊരുതി നേടിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ പോക്കറ്റിലുമാക്കി. അവസാന മല്‍സരം ഞായറാഴ്ച തിരുവനന്തപുരത്തു നടക്കും.
650ന് മുകളില്‍ റണ്ണൊഴുകിയ ആദ്യ ഏകദിനത്തെപ്പോലെ രണ്ടാം ഏകദിനത്തിലും റണ്‍മഴ കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശപ്പെടേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 215ല്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 6.2 ഓവറുകള്‍ ബാക്കിനില്‍ക്കെ വിജയവും പരമ്പരയും വരുതിയിലാക്കുകയായിരുന്നു.

രക്ഷിച്ചത് രാഹുല്‍-ഹാര്‍ദിക് ജോടി
216 റണ്‍സെന്ന ചെറിയ വിജയക്ഷ്യം ഇന്ത്യന്‍ ടീം വളരെ അനായാസം മറികടക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ മുന്‍നിരയെ ലങ്ക തകര്‍ത്തതോടെ ഇന്ത്യ പതറി. ഓപ്പണിങ് വിക്കറ്റില്‍ 32 റണ്‍സ് പിറന്നെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി.
15 ഓവറായപ്പോഴേക്കും ഇന്ത്യ നാലിനു 86ലേക്കു വീണു. നായകന്‍ രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവരെല്ലാം കാര്യമായ സംഭാവനയില്ലാതെ മടങ്ങി.
പക്ഷെ പിന്നീട് ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ഹാര്‍ദിക് പാണ്ഡ്യ ജോടി 75 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷിച്ചു. ടീം സ്‌കോര്‍ 161ലാണ് ഈ ജോടി വേര്‍പിരിഞ്ഞത്. ഹാര്‍ദിക് (36) മടങ്ങിയെങ്കിലും രാഹുല്‍ (64*) മികച്ച ഇന്നിങ്‌സുമായി ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 103 ബോളില്‍ ആറു ബൗണ്ടറികളടിച്ചു.
അക്ഷര്‍ പട്ടേല്‍ 21 റണ്‍സിനു പുറത്തായപ്പോള്‍ കുല്‍ദീപ് യാദവ് 10 റണ്‍സോടെ പുറത്താവാതെ നിന്നു. ലങ്കയ്ക്കായി ലഹിരു കുമാരയും ചാമിക കരുണരത്‌നെയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

എറിഞ്ഞൊതുക്കി ബൗളര്‍മാര്‍
ടോസിനു ശേഷം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 300 പ്ലസ് അവര്‍ നേടുമെന്നു കരുതിയെങ്കിലും മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകളെടുത്ത് ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ഒന്നിനു 101 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ലങ്ക വളരെ പെട്ടെന്നാണ് ആറിന് 126ലേക്കു കൂപ്പുകുത്തിയത്.
വാലറ്റക്കാരായ ദുനിത് വെല്ലലെഗെ (32), വനിന്ദു ഹസരംഗ (21), ചാമിക കരുണരത്‌നെ (17), കസുന്‍ രജിത (17) എന്നിവരാണ് ലങ്കന്‍ സ്‌കോര്‍ 215ലെത്തിച്ചത്. 39.4 ഓവറില്‍ 215നു ലങ്ക കൂടാരം കയറുകയായിരുന്നു. അരങ്ങേറ്റക്കാരനും ഓപ്പണറുമായ നുവനിദു ഫെര്‍ണാണ്ടോയാണ് (50) അവരുടെ ടോപ്‌സ്‌കോററായത്. കുശാല്‍ മെന്‍ഡിസ് 34 റണ്‍സെടുത്തു.
നായകന്‍ ദസുന്‍ ഷനകയ്ക്കു (2) തിളങ്ങാനായില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും ചേര്‍ത്താണ് ലങ്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റെടുത്ത ഉമ്രാന്‍ മാലിക്ക് മികച്ച പിന്തുണയേകി.
Also Read: IND vs AUS: ഓസീസിനെതിരേ ടെസ്റ്റ് ഓപ്പണറായി പൃഥ്വി വേണം, ആരെ മാറ്റും? രണ്ടിലൊരാള്‍

ടീമില്‍ ഒരു മാറ്റം
ടോസിനു ശേഷം ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകായിരുന്നു. ആദ്യ ഏകദിനത്തില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. യുസ്വന്ദ്രേ ചഹലിനു പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
ലങ്കന്‍ ടീമിലാവട്ടെ രണ്ടു മാറ്റങ്ങളും വരുത്തി. പതും നിസങ്ക, പരിക്കേറ്റ ദില്‍ഷന്‍ മധുഷങ്ക എന്നിവര്‍ക്കു പകരം അരങ്ങേറ്റക്കാരന്‍ നുവാനിദു ഫെര്‍ണാണ്ടോ, ലഹിരു കുമാര എന്നിവരെ ലങ്ക കളിപ്പിക്കുകയായിരുന്നു.
ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിങ് മികവിലായിരുന്നു ഗുവാഹത്തിയില്‍ നടന്ന ആദ്യ കളിയില്‍ ഇന്ത്യ ജയിച്ചുകയറിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- കുസല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, നുവാനിദു ഫെര്‍ണാണ്ടോ, ദസുന്‍ ഷനക(ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, ലഹിരു കുമാര, കസുന്‍ രജിത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications