IND vs SL: ശ്രീലങ്കയെ പൊളിച്ചടുക്കി! ലോക റെക്കോഡിട്ട് ഇന്ത്യ- മറ്റൊരു ടീമിനുമില്ലാത്ത നേട്ടം

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ ശ്രീലങ്കയെ നാണംകെടുത്തി ഇന്ത്യക്ക് ലോക റെക്കോഡ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ ജയം നേടിയതോടെയാണ് രോഹിത് ശര്‍മയും സംഘവും ലോക റെക്കോഡ് സ്വന്തമാക്കിയത്.
ഏകദിനത്തില്‍ 300ലധികം റണ്‍സിന് ജയം നേടുന്ന ആദ്യത്തെ ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. അയര്‍ലന്‍ഡിനെതിരേ ന്യൂസീലന്‍ഡ് നേടിയ 290 റണ്‍സ് ജയത്തിന്റെ റെക്കോഡാണ് രോഹിത്തും സംഘവും തകര്‍ത്തത്.
ഓസ്‌ട്രേലിയ 275 റണ്‍സിന് അഫ്ഗാനിസ്ഥാനെയും ദക്ഷിണാഫ്രിക്ക 272 റണ്‍സിന് സിംബാബ് വെയും തോല്‍പ്പിച്ചിട്ടുണ്ട്. ഈ റെക്കോഡുകളെയെല്ലാം പൊളിച്ചടുക്കിയാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ വമ്പന്‍ ജയം നേടിയെടുത്തത്.

കോലിയും ഗില്ലും കസറി
ഇന്ത്യയുടെ ഗംഭീര ജയത്തില്‍ ബാറ്റുകൊണ്ട് കസറിയത് വിരാട് കോലിയും ശുബ്മാന്‍ ഗില്ലുമാണ്. കോലി 110 പന്തില്‍ 13 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 166 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ശുബ്മാന്‍ ഗില്‍ 97 പന്തില്‍ 14 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സാണ് നേടിയത്.
ശ്രീലങ്കയുടെ ബൗളര്‍മാരെ നാണംകെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. 85 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് കോലി കൂടുതല്‍ ആക്രമിച്ച് കളിച്ചത്. അവസാന നാല് ഏകദിന ഇന്നിങ്‌സില്‍ നിന്ന് കോലിയുടെ മൂന്നാമത്തെ സെഞ്ച്വറി പ്രകടനമാണിത്.
Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

സിറാജിന് കൈയടിക്കണം
ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. തിരിച്ചടിക്കാനിറങ്ങിയ ശ്രീലങ്കയെ തുടക്കത്തിലേ തറ പറ്റിച്ചത് സിറാജാണ്. നാല് വിക്കറ്റും നിര്‍ണ്ണായകമായ ഒരു റണ്ണൗട്ടുമാണ് സിറാജ് ഇന്ത്യക്ക് നേടിക്കൊടുത്തത്.
ന്യൂബോളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി സിറാജ് മാറിയിരിക്കുകയാണ്. അവിഷ്‌ക ഫെര്‍ണാണ്ടോ (1), നുവനിഡു ഫെര്‍ണാണ്ടോ (19) കുശാല്‍ മെന്‍ഡിസ് (4), വനിന്‍ഡു ഹസരങ്ക (1) എന്നിവരുടെ വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ചമിക കരുണരത്‌നയെ (1) ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കുകയും ചെയ്തു.
ഇൗ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ പേസ് നിരയില്‍ ഒരു സീറ്റ് തനിക്കുണ്ടെന്ന് പ്രകടനത്തിലൂടെ തെളിയിക്കുകയാണ് സിറാജ്.

പരമ്പരയും തൂത്തുവാരി
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചതാണ്. മൂന്നാം മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യ അത് ഏറ്റവും ഗംഭീരമായിത്തന്നെ നേടിയെടുത്തിരിക്കുകയാണ്.
ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്. അടുത്തതായി ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ് നടക്കാന്‍ പോകുന്നത്. കരുത്തരായ കിവീസിനെതിരേ ധൈര്യത്തോടെ ഇറങ്ങാന്‍ ഇന്ത്യയെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേട്ടം സഹായിക്കും.
Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

കുല്‍ദീപ് യാദവിന് കൈയടിക്കണം
ഇന്ത്യയുടെ സൂപ്പര്‍ ജയത്തില്‍ കുല്‍ദീപ് യാദവും കൈയടി അര്‍ഹിക്കുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ കുല്‍ദീപിനെ കളിപ്പിച്ചിരുന്നില്ല. പിന്നീട് കളിപ്പിച്ച രണ്ട് മത്സരത്തിലും ഇന്ത്യക്കായി തിളങ്ങാന്‍ കുല്‍ദീപിനായിരിക്കുകയാണ്.
കാര്യവട്ടത്ത് അഞ്ച് ഓവറില്‍ 1 മെയ്ഡനടക്കം 16 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് കുല്‍ദീപ് നേടിയത്. ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും വേണമെന്ന് ശക്തമായി ആവിശ്യപ്പെടുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.
നിലവിലെ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനമാണ് മെച്ചപ്പെടേണ്ടത്. പ്രധാനമായും അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനം മോശമാണ്. സ്ഥിരതയോടെ ഡെത്ത് ഓവറില്‍ ഇന്ത്യ റണ്‍സുയര്‍ത്തേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications