IND vs SL: ഇന്ത്യക്ക് പിഴച്ചതെവിടെ? മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തണം! അറിയാം

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് അടിതെറ്റി. സന്ദര്‍ശകരോട് 16 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നോട്ട് വെച്ച് 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 190 റണ്‍സാണ് നേടാനായത്.
അക്ഷര്‍ പട്ടേലും (65) സൂര്യകുമാര്‍ യാദവും (51) ശിവം മാവിയും (16) വിജയലക്ഷ്യം നേടാന്‍ പൊരുതിനോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ആദ്യ മത്സരം ഇന്ത്യ 2 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക വിജയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്.
ഇതോടെ മൂന്നാം മത്സരം നിര്‍ണ്ണായകമായി മാറും. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ ശ്രീലങ്കയോട് തട്ടകത്തില്‍ പരമ്പര തോറ്റാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായിരിക്കുമെന്നുറപ്പ്. പൂനെയില്‍ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാം.

പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനായില്ല
പൂനെയില്‍ ശ്രീലങ്കയുടെ തുടക്കം ഗംഭീരമായതാണ് ടീമിന് കരുത്തായി മാറിയത്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവര്‍ സൃഷ്ടിച്ചത്. പവര്‍പ്ലേയിലെ ഇന്ത്യയുടെ ബൗളിങ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി പറയാം. അര്‍ഷദീപ് സിങ്ങിന്റെ ഹാട്രിക് നോബോള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ബൗളിങ് നിര പവര്‍പ്ലേയില്‍ ഫ്‌ളോപ്പായി.
ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ 55 റണ്‍സാണ് ഇന്ത്യ പവര്‍പ്ലേയില്‍ വഴങ്ങിയത്. ഇന്ത്യയുടെ പവര്‍പ്ലേയിലെ ബൗളിങ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അനുവദിക്കാതെ ശ്രീലങ്കയെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കായില്ലെന്ന് തന്നെ പറയാം.
Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

ഡെത്ത് ഓവറിലും തല്ലുകൊണ്ടു
നിര്‍ണ്ണായകമായ അവസാന ഓവറുകളിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണക ഉള്‍പ്പെടെ ഇന്ത്യയുടെ ബൗളര്‍മാരെ കടന്നാക്രമിച്ചു. ആറ് സിക്‌സും രണ്ട് ഫോറുമാണ് ഷണക ഡെത്ത് ഓവറുകളില്‍ പറത്തിയത്.
ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി നാല് ഓവറില്‍ വിക്കറ്റ് വീഴ്ത്താതെ 53 റണ്‍സാണ് വഴങ്ങിയത്. അര്‍ഷദീപ് സിങ് 2 ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ നാല് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്താണ് ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് നേടിയത്.
ഇന്ത്യയുടെ ബൗളര്‍മാര്‍ റണ്ണൊഴുക്ക് തടയാന്‍ മിടുക്കുകാട്ടാത്ത പക്ഷം തോല്‍വിയില്‍ അത്ഭുതമില്ല. അനുഭവസമ്പത്ത് കുറവുള്ള ഇന്ത്യയുടെ പേസ് നിര പൂനെയില്‍ ദുരന്തമായിരുന്നു എന്ന് തന്നെ പറയാം. ഇത് തോല്‍വിയുടെ പ്രധാന കാരണമായി മാറി.

ടോപ് ഓഡറിന്റെ ബാറ്റിങ്
ഇന്ത്യയുടെ ടോപ് ത്രീ പെട്ടെന്ന് പുറത്തായത് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി പറയാം. ഇഷാന്‍ കിഷന്‍ (2), ശുബ്മാന്‍ ഗില്‍ (5), രാഹുല്‍ ത്രിപാഠി (5) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഹര്‍ദിക് പാണ്ഡ്യയും (12) വലിയ മിടുക്കുകാട്ടിയില്ല.
പവര്‍പ്ലേയ്ക്കുള്ളില്‍ ഇന്ത്യയുടെ നാല് ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കയറിയത്. ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പവര്‍പ്ലേക്കുള്ളില്‍ നാല് പ്രമുഖ ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായതോടെ ടീം തോല്‍വി ഉറപ്പിക്കുകയായിരുന്നു.
57 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യ എട്ട് വിക്കറ്റിന് 190 എന്ന നിലയിലേക്കെത്തിയത് എന്നത് തന്നെ വലിയ ആശ്വാസം.
Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

തലയുയര്‍ത്തി അക്ഷര്‍
തോല്‍വിയിലും ഇന്ത്യക്ക് അഭിമാനിക്കാന്‍ സാധിക്കുന്നത് അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ്ങാണ്. 100നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച ഇന്ത്യയെ 190 എന്ന മികച്ച നിലയിലേക്കെത്തിച്ചത് അക്ഷറിന്റെ വെടിക്കെട്ടാണ്.
20 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ അക്ഷര്‍ 31 പന്തില്‍ 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സാണ് നേടിയത്. 209.67 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. പന്തുകൊണ്ടും താരം തിളങ്ങി. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications