IND vs SL: കുല്‍ദീപ് സൂക്ഷിക്കണം, ഓവറാക്കേണ്ട! ടീം മാനേജ്‌മെന്റിനെ കളിയാക്കി മുന്‍ താരം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മാച്ച് വിന്നിങ് പ്രകടനവുമായി കളിയിലെ ഹീറോയായി മാറിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ദൊഡ്ഡ ഗണേഷ്. യുസ്വേന്ദ്ര ചഹലിനു പകരം ടീമിലേക്കു വിളിക്കപ്പെട്ട കുല്‍ദീപ് തനിക്കു ലഭിച്ച അവസരം നന്നായി മുതലെടുക്കുകയും ചെയ്തു. 10 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.
ഒരു ഘട്ടത്തില്‍ വലിയ സ്‌കോര്‍ നേടുമെന്നു കരുതിയ ലങ്കയെ വെറും 215ല്‍ പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചതും കുല്‍ദീപായിരുന്നു. റണ്‍ചേസില്‍ ഇന്ത്യ നാലു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീം മാനേജ്‌മെന്റിനെ പരോക്ഷമായി കളിയാക്കുന്ന തരത്തില്‍ കുല്‍ദീപിനു ദൊഡ്ഡ ഗണേഷ് മുന്നറിയിപ്പ് നല്‍കിയത്.

മൂന്നെണ്ണം മതി
കുല്‍ദീപ് ഇതു മതി. ഒരു പാട് വിക്കറ്റുകള്‍ വീഴ്ത്തരുത്. മൂന്നു വിക്കറ്റുകള്‍ നേടിയതിനാല്‍ അടുത്ത മല്‍സരത്തില്‍ നിങ്ങളെ ഇന്ത്യ പുറത്ത് ഇരുത്താനുള്ള സാധ്യത വളരെ ഉയര്‍ന്നതാണന്നായിരുന്നു ദൊഡ്ഡ ഗണേഷ് ട്വിറ്ററില്‍ കുറിച്ചത്.
ഇതേ രീതിയില്‍ ക്രിക്കറ്റ് പ്രേമികളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. മൂന്നു വിക്കറ്റുകളുമായി ഈ കളിയില്‍ തിളങ്ങിയതോടെ അടുത്ത മാച്ചില്‍ കുല്‍ദീപിനെ പുറത്ത് ഇരുത്തിയേക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്റിനെ പരോക്ഷമായി ട്രോളിക്കൊണ്ട് ചിലര്‍ ട്വീറ്റ് ചെയ്തത്.

നിര്‍ണായക വിക്കറ്റുകള്‍
ശ്രീലങ്കന്‍ നിരയിലെ മൂന്നു നിര്‍ണായക വിക്കറ്റുകളാണ് രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് യാദവ് പിഴുതത്. തൊട്ടുമുമ്പത്തെ കളിയില്‍ അപരാജിത സെഞ്ച്വറിയും നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ വിക്കറ്റും ഇതിലള്‍പ്പെടും.
ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ (34) വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് കുല്‍ദീപ് തുടങ്ങിയത്. പിന്നാലെ അപകടകാരിയായ ചരിത് അസെലന്‍കയെ (15) സ്വന്തം ബൗളിങില്‍ പിടികൂടി. അതിനു ശേഷം ഇന്ത്യയുടെ പേടിസ്വപ്‌നമാായ ഷനകയെ (2) കുല്‍ദീപ് ബൗള്‍ഡാക്കുകയും ചെയ്തു.
ലങ്കന്‍ മധ്യനിരയെ തകര്‍ത്തത് കുല്‍ദീപായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു വിക്കറ്റുകള്‍ ഒന്നിന് 101 റണ്‍സെന്ന നിലയിലായിരുന്ന ലങ്കയെ ആറിന് 126ലേക്ക് ഒതുക്കി. 43 ബോളുകളുടെ ഇടവേളയിലാണ് ലങ്കയുടെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ പിഴുതത്. മാത്രമല്ല ഒമ്പത് വിക്കറ്റുകള്‍ ലങ്ക കൈവിട്ടത് വെറും 113 റണ്‍സെടുക്കുന്നതിനിടെയായിരുന്നു.
Also Read ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

കുല്‍ദീപ് എങ്ങനെ ടീമില്‍?
യഥാര്‍ഥത്തില്‍ ഈ ഏകദിന പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചേക്കില്ലെന്നു കരുതപ്പെട്ടിരുന്ന താരമാണ് കുല്‍ദീപ് യാദവ്. കാരണം എത്ര തന്നെ ഫ്‌ളോപ്പായാലും ടീം മാനേജ്‌മെന്റിനു ഇപ്പോഴും വിശ്വാസം യുസ്വേന്ദ്ര ചഹലിനെയാണ്.
എന്നാല്‍ ചഹലിന്റെ അപ്രതീക്ഷിത പരിക്കാണ് കുല്‍ദീപിന് രണ്ടാമങ്കത്തില്‍ ടീമിലിടം നേടിക്കൊടുത്തത്. ആദ്യ ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെ ചഹലിന്റെ തോളിനു ചെറിയ പരിക്കേറ്റിരുന്നു.
ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു വിശ്രമം നല്‍കി കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ടീം മാനേജ്‌മെന്റ് അര്‍പ്പിച്ച വിശ്വാസം കുല്‍ദീപ് കാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications