IND vs SL: ജനുവരി 15 'കോലി ഡേ' ആയി പ്രഖ്യാപിക്കണം! ഈ റെക്കോഡുകള്‍ ഞെട്ടിക്കും-അറിയാം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ത്യ ലോക റെക്കോഡോടെയാണ് വിജയിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 22 ഓവറില്‍ 73 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
317 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയമെന്ന റെക്കോഡാണ് ഇന്ത്യ നേടിയെടുത്തത്. വിരാട് കോലിയുടെയും (166*) ശുബ്മാന്‍ ഗില്ലിന്റെയും (116) സെഞ്ച്വറി പ്രകടനവും മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഇതില്‍ വിരാട് കോലിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കാന്‍ കോലിക്ക് സാധിച്ചു. തുടക്കം മുതല്‍ ആക്രമണോത്സകത കാട്ടിയ കോലി സെഞ്ച്വറിക്ക് പിന്നാലെയാണ് കൂടുതല്‍ മികവ് കാട്ടിയത്.
ഇപ്പോഴിതാ ജനുവരി 15 കോലിയുടെ ദിവസമായി പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ജനുവരി 15ന് കോലി നടത്തിയ പ്രകടനങ്ങളുടെ കണക്ക് നിരത്തിയാണ് ആരാധകര്‍ കോലിയെ വാഴ്ത്തുന്നത്.

ജനുവരി 15ല്‍ നാല് സെഞ്ച്വറി
ജനുവരി 15 വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ്. ജനുവരി 15ന് നടന്ന ഒട്ടുമിക്ക മത്സരങ്ങളിലും കോലി തിളങ്ങിയിട്ടുണ്ടെന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2017 ജനുവരി 15ന് ഇംഗ്ലണ്ടിനെതിരേ 102 പന്തില്‍ 122 റണ്‍സാണ് കോലി നേടിയത്.
2018ലേക്ക് വരുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ 217 പന്ത് നേരിട്ട് കോലി 153 റണ്‍സ് നേടിയത് ജനുവരി 15നാണ്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ 112 പന്തില്‍ 104 റണ്‍സും കോലി നേടി. ഇപ്പോഴിതാ ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരേയും സെഞ്ച്വറി.
Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

സച്ചിന്റെ റെക്കോഡ് തകര്‍ക്കും
ക്രിക്കറ്റില്‍ ഒരിക്കലും ആരും തകര്‍ക്കില്ലെന്ന് കരുതിയിരുന്ന റെക്കോഡുകളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ്. 49 സെഞ്ച്വറികളുമായി സച്ചിന്‍ അടക്കിഭരിച്ച ഈ സിംഹാസനത്തിന് വൈകാതെ കോലി ഇരിക്കുമെന്നുറപ്പ്.
ഇതിനോടകം കോലിക്ക് 46 ഏകദിന സെഞ്ച്വറിയുണ്ട്. നാല് സെഞ്ച്വറിയകലെ കോലിക്ക് സച്ചിനെ മറികടക്കാം. അവസാന നാല് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറി നേടിയ കോലിയുടെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഏകദിന ലോകകപ്പിന് മുമ്പ് തന്നെ അദ്ദേഹം ഈ റെക്കോഡ് സ്വന്തം പേരിലാക്കിയേക്കും.

കോലിയുടെ അവിസ്മരണീയ പ്രകടനം
എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെയുള്ള പ്രകടനമാണ് വിരാട് കോലി കാര്യവട്ടത്ത് കാഴ്ചവെച്ചത്. പിഴവുകളില്ലാത്ത ഇന്നിങ്‌സെന്ന് തന്നെ വിശേഷിപ്പിക്കാം. 85 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അദ്ദേഹം 110 പന്തില്‍ 13 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് 166 റണ്‍സുമായി പുറത്താവാതെ നിന്നത്.
അല്‍പ്പം കൂടി പന്തുകളുണ്ടായിരുന്നെങ്കില്‍ കോലിയുടെ ഏകദിനത്തിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറി പ്രകടനം തന്നെ കാണാന്‍ സാധിക്കുമായിരുന്നു. അത്രത്തോളം സാങ്കേതിക മികവുള്ള ഇന്നിങ്‌സാണ് കോലി കാര്യവട്ടത്ത് കാഴ്ചവെച്ചത്.
Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

കാണികള്‍ കുറഞ്ഞുപോയതില്‍ യുവിക്ക് നിരാശ
ഇന്ത്യയുടെ ബാറ്റിങ് പ്രകടനവും വമ്പന്‍ ജയവുമെല്ലാം ആഘോഷമാക്കുമ്പോഴും കളി കാണാന്‍ ആളുകള്‍ വളരെ കുറഞ്ഞുപോയത് എല്ലാവരും ശ്രദ്ധിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ് ഇത് ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
സെഞ്ച്വറികള്‍ക്കിടയിലും ഞാന്‍ ശ്രദ്ധിച്ചത് ഒഴിഞ്ഞ സ്‌റ്റേഡിയമാണ്. ഏകദിന ക്രിക്കറ്റ് മരണത്തിലേക്കോ എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്. കേരളത്തില്‍ പൊതുവേ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications