ക്വെബെറ: ഇന്ത്യന്‍ ടി20 ബൗളിങില്‍ നിലവിലെ ഏറ്റവും വലിയ ദുരന്തം താന്‍ തന്നെയാണെന്നു ദയനീയ പ്രകടനത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് യുവ പേസര്‍ അര്‍ഷ്ദീപ് സിങ്. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയപ്പോള്‍ ഇതിന്റെ പ്രധാനപ്പെട്ട കാരണക്കാരില്‍ ഒരാള്‍ അര്‍ഷ്ദീപായിരുന്നു. പവര്‍പ്ലേയില്‍ ലക്കും ലഗാനുമില്ലാതെ ബൗള്‍ ചെയ്ത് റണ്‍സ് വാരിക്കോരി നല്‍കുകയെന്ന പതിവ് ഈ കളിയിലും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
രണ്ടോവര്‍ മാത്രമേ അര്‍ഷ്ദീപിനെക്കൊണ്ട് നായകന്‍ സൂര്യകുമാര്‍ യാദവ് ബൗള്‍ ചെയ്യിച്ചുള്ളൂ, ഇതില്‍ 15.5 ഇക്കോണമി റേറ്റില്‍ വിട്ടുനല്‍കിയത് 31 റണ്‍സാണ്. 24 റണ്‍സും ഒരോവറില്‍ തന്നെയായിരുന്നു. നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അര്‍ഷ്ദീപിനെ തേടിയെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഒരു വര്‍ഷം ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറി. 30നു മുകളില്‍ ഓവര്‍ ബൗള്‍ ചെയ്തവരില്‍ ഇത്ര മോശം പ്രകടനം മറ്റൊരു ഇന്ത്യന്‍ ബൗളറും കാഴ്ചവച്ചിട്ടില്ല.

ഈ വര്‍ഷം ടി20യില്‍ അര്‍ഷ്ദീപിന്റെ ഇക്കോണമി റേറ്റ് 9.34 ആണ്. നേരത്തേ മുന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ പേരിലായിരുന്നു ഈ നാണക്കേട്. കഴിഞ്ഞ വര്‍ഷം 9.3 ഇക്കോണമി റേറ്റായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ വര്‍ഷം ഇന്ത്യക്കു ഇനി ഒരു ടി20 ബാക്കിനില്‍ക്കെ ഹര്‍ഷലിനെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ചെണ്ടയായി അര്‍ഷ്ദീപ് മാറിയിരിക്കുകയാണ്. അര്‍ഷ്ദീപും ഹര്‍ഷലും കഴിഞ്ഞാല്‍ ഈ നാണക്കേടില്‍ മൂന്നാംസ്ഥാനത്തു പേസര്‍ ആവേശ് ഖാനാണ്. കഴിഞ്ഞ വര്‍ഷം 9.1 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്.
ഒരൊറ്റ ഓവര്‍ കൊണ്ടാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അര്‍ഷ്ദീപ് ഇന്ത്യയുടെ കഥ കഴിച്ചത്. ലോകകപ്പ് ഫൈനലിനു ശേഷം ആദ്യമായി കളിച്ച മുഹമ്മദ് സിറാജായിരുന്നു ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. മൂന്നു ഫോറുകളടക്കം 14 റണ്‍സ് അദ്ദേഹം ഈ ഓവറില്‍ വഴങ്ങിയതോടെ ഇന്ത്യ പതറി.

തുടര്‍ന്നാണ് അര്‍ഷ്ദീപ് അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ഇതാവട്ടെ അതിലും വലിയ ദുരന്തമാവുകയും ചെയ്തു. 24 റണ്‍സാണ് അദ്ദേഹം ഈ ഓവറില്‍ സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. രണ്ടു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. മാത്യു ബ്രീസ്‌കെയ്‌ക്കെതിരേ ഡോട്ട് ബോളുമായാണ് അര്‍ഷ്ദീപ് ഈ ഓവറിനു തുടക്കമിട്ടത്. പക്ഷെ അടുത്ത ബോളില്‍ എക്‌സ്ട്രാ കവര്‍ ഏരിയയില്‍ അദ്ദേഹം ബൗണ്ടറി വഴങ്ങി.
അടുത്ത ബോള്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ ബ്രീസ്‌കെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. നാലാമത്തെ ബോളില്‍ മൂന്നു റണ്‍സ്. അടുത്ത ബോള്‍ വൈഡായിരുന്നു. അഞ്ചാമത്തെ ബോളില്‍ ലെഗ് ബൈയായി റീസ്സ ഹെന്‍ഡ്രിക്‌സിനെതിരേ അര്‍ഷ്ദീപ് ബൗണ്ടറി വഴങ്ങി. ഇതുകൊണ്ടും അര്‍ഷ്ദീപിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.
അവസാന ബോളില്‍ സിക്‌സറും വിട്ടുകൊടുത്താണ് പേസര്‍ ഈ ഓവര്‍ തീര്‍ത്തത്. റൗണ്ട് ദി വിക്കറ്റെറിഞ്ഞ അര്‍ഷ്ദീപിനു സിക്‌സറിലൂടെയാണ് ഹെന്‍ഡ്രിക്‌സ് മറുപടി നല്‍കിയത്. ക്രീസില്‍ നിന്നും മുന്നോട്ടിറങ്ങിയ അദ്ദേഹം ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ അതു ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചു പറത്തുകയായിരുന്നു. തുടര്‍ന്നു പുതിയ ബോള്‍ എടുക്കേണ്ടതായി വരികയും ചെയ്തു.