പൃഥ്വി പ്രതിഭ, പക്ഷെ ബാറ്റിങ്ങില്‍ ഒരു പ്രശ്‌നമുണ്ട്-അഭിപ്രായപ്പെട്ട് സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യയുടെ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വലം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സജീവമല്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് പൃഥ്വി ഷാ. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ശൈലിയാണ് പൃഥ്വിയുടേത്.
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടി മിന്നിക്കാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ പ്രതീക്ഷിച്ചിരിക്കവെയാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് പൃഥ്വിക്ക് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നത്.
ഈ കാലയളവില്‍ ഫിറ്റ്‌നസ് നഷ്ടപ്പെട്ടതോടെ പൃഥ്വിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ നായകനായും ബാറ്റ്‌സ്മാനായും മുംബൈക്കായി മികവ് കാട്ടിയ പൃഥ്വിയെ ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പൃഥ്വിക്ക് പ്ലേയിങ് 11 ഇടം ലഭിക്കുമോയെന്നത് കണ്ടറിയാം. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്ക് ലഭിച്ച വെടിക്കെട്ട് ഓപ്പണറായിട്ടും ഇന്ത്യ എന്തുകൊണ്ടാണ് പൃഥ്വിക്ക് കൂടുതല്‍ അവസരം നല്‍കാത്തതെന്ന ചോദ്യം സജീവമാണ്.
പൃഥ്വി പ്രതിഭയുള്ള ബാറ്റ്‌സ്മാനാണെങ്കിലും പൃഥ്വിയുടെ ബാറ്റിങ്ങില്‍ ഒരു പ്രശ്‌നമുണ്ടെന്നും അതാണ് താരത്തെ പിന്നോട്ടടിക്കാനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനായ സല്‍മാന്‍ ബട്ട്.

നിലയുറപ്പിക്കും മുമ്പ് ആക്രമിക്കാന്‍ ശ്രമിക്കും
പൃഥ്വി ഷാ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ആക്രമണം തുടങ്ങുന്നത് നിലയുറപ്പിക്കുന്നതിന് മുമ്പാണെന്നും ഇത് താരത്തിന്റെ പ്രശ്‌നമാണെന്നുമാണ് സല്‍മാന്‍ ബട്ട് പറയുന്നത്. 'പൃഥ്വി ഷാ പ്രതിഭയുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി പൃഥ്വി മികവ് കാട്ടുന്നു.
നിരവധി ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ് പൃഥ്വി. ഇത് തന്നെയാണ് അവന്റെ പ്രശ്‌നവും. നിലയുറപ്പിക്കും മുമ്പ് വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവും. എന്നാല്‍ തുടക്കത്തിലേ ഇത് ക്ലിക്കായാല്‍ വലിയ സ്‌കോറിലേക്ക് നീങ്ങുകയും ചെയ്യും'-സല്‍മാന്‍ പറഞ്ഞു.

ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍
ഇന്ത്യ ടി20യിലേക്കും ഏകദിനത്തിലേക്കും പരിഗണിക്കേണ്ട താരമാണ് പൃഥ്വിയെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരം ഒരു ബൗളറേയും ഭയക്കുന്നില്ല. മാനസികമായി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പൃഥ്വിക്ക് മികവുണ്ട്.
തുടക്കത്തിലേ റണ്‍സുയരുമ്പോള്‍ എതിര്‍ ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെടും. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ പൃഥ്വിക്ക് അസാധ്യ മികവുണ്ടെന്ന് പറയാം. എന്നാല്‍ ടീമിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ പൃഥ്വിക്ക് കഴിവില്ല.
പ്രധാന മത്സരങ്ങളില്‍ വിക്കറ്റ് വലിച്ചെറിയുന്നത് താരത്തിന്റെ പ്രശ്‌നമാണ്. പിച്ചിന്റെ സ്വഭാവത്തോട് പൊരുത്തപ്പെടാന്‍ ശ്രമിക്കില്ല. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് തവണ ക്ലീന്‍ബൗള്‍ഡായതോടെയാണ് പൃഥ്വിയെ ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞത്.
Also Read:ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങുന്നു
ഇന്ത്യ പൃഥ്വിയെ ഏറെ നാള്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും തുടര്‍ച്ചയായി ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയതോടെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ആസാമിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടി മിന്നിക്കാന്‍ പൃഥ്വിക്ക് സാധിച്ചു.
10 ഇന്നിങ്‌സില്‍ നിന്ന് മുംബൈക്കായി 595 റണ്‍സാണ് പൃഥ്വി നേടിയത്. ഇന്ത്യക്കായി തിളങ്ങാന്‍ പൃഥ്വിക്ക് മുന്നില്‍ ഇനിയും അവസരമുണ്ട്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പൃഥ്വിയെ പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ 2024ലെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ താരത്തിന് സാധിച്ചേക്കും.
എന്നാല്‍ ഐപിഎല്ലിലും ഇന്ത്യക്കൊപ്പം ലഭിക്കുന്ന അവസരങ്ങളിലും മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ പൃഥ്വിക്ക് സാധിക്കേണ്ടതായുണ്ട്. അതിന് പൃഥ്വിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications