IND vs NZ: ത്രില്ലറിലെ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ഇന്ത്യയുടെ 2 പേര്‍ ഫ്ളോപ്പ്! അറിയാം

ലോക ഒന്നാം നമ്പര്‍ ടീം ന്യൂസിലാന്‍ഡുമായുള്ള ത്രില്ലറില്‍ ഒരു വിധം വിജയവുമായി രക്ഷപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. അനായാസം ജയിക്കുമെന്നു കരുതിയ പോരാട്ടത്തില്‍ അവസാന ഓവറുകളില്‍ ഇന്ത്യ ശരിക്കും വിയര്‍ത്തു. എങ്കിലും ചില മിന്നുന്ന ബൗളിങ് പ്രകടനങ്ങള്‍ ഇന്ത്യക്കു 12 റണ്‍സിന്റെ വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ നിര്‍ണായക ലീഡും കൈക്കലാക്കിയിരിക്കുകയാണ്.
ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിനു 349 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. യുവതാരം ശുഭ്മാന്‍ ഗില്ലിന്‍റെ (208) കന്നി ഡബിള്‍ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വലിയ ടോട്ടലിലെത്തിച്ചത്. 149 ബോളുകള്‍ നേരിട്ട താരം 19 ബൗണ്ടറികളും ഒമ്പതും സിക്‌സറുകളുമടിച്ചു.
മറുപടിയില്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെ 337 റണ്‍സെടുത്ത് കിവികള്‍ പൊരുതി വീഴുകയായിരുന്നു. ഏഴാം നമ്പറില്‍ ഇറങ്ങിയ മൈക്കല്‍ ബ്രേസ്വെല്ലാണ് (140) അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യത്തിനു കൈയെത്തുംദൂരത്തു ടീമിനെ എത്തിച്ചത്. വെറും 78 ബോളില്‍ 12 ബൗണ്ടറികളും 10 സിക്‌സറുകളും താരം പറത്തി.
ആറിന് 131ലേക്കു വീണ ന്യൂസിലാന്‍ഡിനെ തിരിച്ചുകൊണ്ടുവന്നത് ബ്രേസ്വെല്‍- സാന്റ്‌നര്‍ സഖ്യം ചേര്‍ന്നെടുത്ത 162 റണ്‍സാണ്. എന്നാല്‍ ഈ ജോടിയെ തകര്‍ത്ത് ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. കാണികളെ ഹരം കൊള്ളിച്ച ഈ മല്‍സരത്തില്‍ ഹിറ്റുകളും ഫ്‌ളോപ്പുകളുമായി മാറിയ ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മുഹമ്മദ് ഷമി (ഫ്‌ളോപ്പ്)
ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് കളിയില്‍ ഫ്‌ളോപ്പായി മാറിയ ഒരാള്‍. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ശേഷം അദ്ദേഹം നാലു ഏകദിനങ്ങളിലാണ് കളിച്ചത്. ഇവയിലെല്ലാം ഷമിയുടെ പ്രകടനം നിരാശാജനകമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച പരമ്പരയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ന്യൂസിലാന്‍ഡുമായുള്ള ആദ്യ കളിയിലും യഥാര്‍ഥ ഷമിയുടെ നിഴല്‍ മാത്രമാണ് കാണപ്പെട്ടത്.
തന്റെ ന്യൂബോള്‍ പങ്കാളിയായ മുഹമ്മദ് സിറാജ് ഒരിക്കല്‍ക്കൂടി മാസ്മരിക ബൗളിങ് കാഴ്ചവച്ചപ്പോള്‍ ഷമിയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 69 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. മുന്‍ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ന്യൂബോളില്‍ ഷമി നന്നായി തുടങ്ങിയിരുന്നു.
ആദ്യ ഏഴോവറില്‍ 29 റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയിരുന്നുള്ളൂ. പക്ഷെ ഡെത്ത് ഓവറുകളില്‍ ഷമി തികഞ്ഞ പരാജയമായി മാറി. 43ാം ഓവറില്‍ 14ഉം 48ാം ഓവറില്‍ 17ഉം റണ്‍സുമാണ് അദ്ദേഹം വിട്ടുകൊടുത്തത്.

വിരാട് കോലി (ഫ്‌ളോപ്പ്)
ശ്രീലങ്കയ്‌ക്കെതിരേ പ്ലെയര്‍ ഓഫ് ദി സീരീസായതിന്റെ ആവേശത്തില്‍ ഇറങ്ങിയ വിരാട് കോലി ഈ മല്‍സരത്തില്‍ ഫ്‌ളോപ്പായി തീര്‍ന്നു. 10 ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സ് മാത്രമെടുത്ത കോലിയെ മിച്ചെല്‍ സാന്‍റ്നര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
സ്പിന്നര്‍മാര്‍ക്കെതിരേ അത്ര മികച്ച റെക്കോര്‍ഡില്ലാത്ത അദ്ദേഹം ഈ കളിയിലും ഈ വീക്ക്‌നെസ് തുറന്നു കാണിക്കുകയായിരുന്നു. ഓഫ്‌സ്റ്റംപിന് തൊട്ടുപുറത്ത് പിച്ച് ചെയ്ത സാന്റ്‌നറുടെ ബോള്‍ കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അകത്തേക്കു വരികയും സ്റ്റംപുകളില്‍ പതിക്കുകയുമായിരുന്നു.
ഫ്രണ്ട് ഫൂട്ടില്‍ കളിക്കേണ്ടിയിരുന്ന ബോളായിരുന്നു അത്. പക്ഷെ കോലി അതിനു ശ്രമിക്കാതെ ബാക്ക്ഫൂട്ടില്‍ നിന്നതോടെ ബോള്‍ അനായാസം അകത്തേക്കു കയറുകയും ചെയ്തു.
Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

ശുഭ്മാന്‍ ഗില്‍ (ഹിറ്റ്)
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഈ കളിയിലെ ഏറ്റവും വലിയ ഹിറ്റ്. തന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ഈ മല്‍സരത്തില്‍ അദ്ദേഹം കളിച്ചത്. ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് ഗില്‍ തന്റെ കന്നി ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത്. അല്‍പ്പം സമയമെടുത്താണ് താരം തുടങ്ങിയത്.
പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയ ശേഷമായിരുന്നു ഗില്‍ ഷോട്ടുകള്‍ കളിച്ചത്. ക്രീസിന്റെ മറുവശത്ത് തന്റെ ബാറ്റിങ് പങ്കാളികള്‍ വീണുകൊണ്ടിരുന്നെങ്കിലും ഗില്‍ പതറിയില്ല.ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച് താരം അവസാന ഓവറുകളില്‍ മാത്രമേ റിസ്‌കി ഷോട്ടുകള്‍ക്കു മുതിര്‍ന്നുള്ളൂ.
സെഞ്ച്വറിക്കു ശേഷമാണ് താരം കൂടുതല്‍ അഗ്രസീവായി കളിച്ചത്. 150 കടന്ന ശേഷം ഗില്‍ തന്റെ സ്‌കോറിങിനു വേഗത കൂട്ടുകയും ചെയ്തു. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ 49ാം ഓവറില്‍ ഹാട്രിക്ക് സിക്‌സറുകളടിച്ചാണ് താരം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിള്‍ സെഞ്ച്വറി വീരനായി 23 കാരന്‍ മാറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications