IND vs NZ: സൂപ്പര്‍ ഫിനിഷിങ്ങുമായി സുന്ദര്‍, സാക്ഷാല്‍ കപിലിന്റെ റെക്കോഡ് തകര്‍ത്തു

ഓക്ക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍. ഇടം കൈ ബാറ്റ്‌സ്മാനും വലം കൈ സ്പിന്നറുമായ സുന്ദര്‍ ഏഴാമനായി ക്രീസിലെത്തിയ 16 പന്തില്‍ 37 റണ്‍സുമായി പുറത്താവാതെ നിന്നു. 3 വീതം സിക്‌സും ഫോറും പറത്തിയ സുന്ദര്‍ അത്ഭുത ഷോട്ടുകളുമായാണ് കളം നിറഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടപ്പോഴാണ് സുന്ദറിന്റെ സൂപ്പര്‍ ഫിനിഷിങ്.
ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചത് സുന്ദറിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ സുന്ദര്‍ കിവീസ് ബൗളര്‍മാരെ നന്നായി വെള്ളം കുടിപ്പിച്ചു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ താനുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് സുന്ദര്‍ കാഴ്ചവെച്ചത്. വെടിക്കെട്ട് ഫിനിഷിങ് നടത്തിയ സുന്ദര്‍ തകര്‍പ്പന്‍ ചില റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കപിലിനേയും റെയ്‌നയേയും മറികടന്നു
ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനം നടത്തിയ സുന്ദറിന്റെ സ്‌ട്രൈക്കറേറ്റ് 231.25 ആയിരുന്നു. ഇതോടെ ന്യൂസീലന്‍ഡില്‍ ഏകദിനത്തില്‍ 30 പ്ലസ് സ്‌കോര്‍ നേടിയവരില്‍ കൂടുതല്‍ സ്‌ട്രൈക്കറേറ്റുള്ള ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സുന്ദര്‍ സ്വന്തം പേരിലാക്കിയത്. ഇതുവരെ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ പേരിലായിരുന്നു ഈ റെക്കോഡ്. 2009ല്‍ 211.11 സ്‌ട്രൈക്കറേറ്റ് കുറിക്കാന്‍ റെയ്‌നക്കായിരുന്നു. ഈ റെക്കോഡാണ് സുന്ദറിപ്പോള്‍ സ്വന്തം പേരിലാക്കിയത്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവിന്റെ സ്‌ട്രൈക്കറേറ്റ് 206.25 ആയിരുന്നു. 1992ലാണ് അദ്ദേഹം ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഈ റെക്കോഡിനെയും യുവതാരം മറികടന്നിരിക്കുകയാണ്.
Also Read: IND vs NZ T20:ധോണിക്കും കോലിക്കും രോഹിത്തുനുമില്ല! അപൂര്‍വ്വ റെക്കോഡുമായി ഹര്‍ദിക്

പ്രകടനത്തെക്കുറിച്ച് സുന്ദര്‍ പറഞ്ഞതിങ്ങനെ
ഞാന്‍ കഠിനമായി മുന്നൊരുക്കം നടത്തിയാണ് ഇറങ്ങിയത്. അവസാന ഓവറുകളില്‍ റണ്‍സ് നേടാന്‍ സാധിച്ചതില്‍ സന്തോഷം. എന്റെ ഷോട്ടുകളില്‍ വിശ്വാസം അര്‍പ്പിച്ചു. ടൈമിങ് ലഭിച്ചുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചു. നന്നായി പന്തെറിയാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുന്ന സ്‌കോറാണിത്- ഇന്ത്യയുടെ ബാറ്റിങ്ങിന് പിന്നാലെ സുന്ദര്‍ പ്രതികരിച്ചു. 2023ലെ ഏകദിന ലോകകപ്പിലേക്ക് തന്റെയും പേരുണ്ടാവുമെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് സുന്ദര്‍ കാഴ്ചവെച്ചത്.

ഇടം കൈ ബാറ്റ്‌സ്മാനെന്നത് മുന്‍തൂക്കം
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള പ്രധാന പ്രശ്‌നം മികച്ച ഇടം കൈ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ്. രവീന്ദ്ര ജഡേജക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യമാണ്. കരിയറിന്റെ അവസാന കാലഘട്ടത്തിലേക്കാണ് ജഡേജ കടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പകരക്കാരനെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഈ വിടവ് നികത്താന്‍ സുന്ദറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്നത്തെ പ്രകടനം സുന്ദറിന് പ്രതീക്ഷ നല്‍കുന്നതാണ്. ഈ മികവ് തുടരാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

ഇന്ത്യക്ക് മികച്ച സ്‌കോര്‍
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 306 എന്ന മികച്ച സ്‌കോര്‍ നേടാനായി. ശ്രേയസ് അയ്യരാണ് (76 പന്തില്‍ 80) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വീതം സിക്‌സും ഫോറും താരം പറത്തി. ശിഖര്‍ ധവാന്‍ (72), ശുബ്മാന്‍ ഗില്‍ (50) എന്നിവര്‍ ഇന്ത്യക്കായി ഫിഫ്റ്റി നേടി. ഓപ്പണിങ്ങില്‍ 124 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. 2023ലെ ഏകദിന ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനത്തിനായുള്ള പോര് കടുക്കുകയാണെന്ന് പറയാം. സഞ്ജു സാംസണ്‍ 36 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

വരവറിയിച്ച് ഉമ്രാന്‍ മാലിക്
ഇന്ത്യ പേസ് നിരയില്‍ ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കി. രണ്ട് പ്രധാന വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയ താരം നല്ല വേഗം കണ്ടെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ നിരയില്‍ അതിവേഗ പേസര്‍മാര്‍ കുറയുന്ന സാഹചര്യത്തില്‍ ഉമ്രാന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. വിദേശ പിച്ചുകളിലടക്കം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ഉമ്രാന്‍ മാറിയിട്ടുണ്ട്. നല്ല പരിശീലനവും പിന്തുണയും ലഭിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കിത്തരുന്ന പേസറാവാന്‍ ഉമ്രാന് സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications