ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം പുരോഗമിക്കുകയാണ്. ടെസ്റ്റ് പരമ്പരയിലാണ് രോഹിത് ശര്‍മയും സംഘവും കളിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം ഈയാഴ്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും. അതു കഴിഞ്ഞാല്‍ അടുത്ത മാസം അഞ്ചു ടി20കളുടെ പരമ്പരയോടെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം അവസാനിക്കും. അതിനു പിന്നാലെ ഇന്ത്യന്‍ ടീം നേരെ പറക്കുക യൂറോപ്യന്‍ രാജ്യമായ അയര്‍ലാന്‍ഡിലേക്കാണ്. അവിടെ മൂന്നു ടി20കളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇവയ്ക്കുള്ള ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. വിന്‍ഡീസുമായുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കിടെയായിരിക്കും അജിത് അഗാര്‍ക്കറുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക. ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കുള്ള ടീമിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി നിലവില്‍ അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിലുണ്ട്.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ള ചില പ്രമുഖ താരങ്ങള്‍ക്കു അയര്‍ലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവായിരിക്കും പകരം ഇന്ത്യയെ നയിച്ചേക്കുക. അനുഭവസമ്പത്ത് കുറഞ്ഞ യുവനിരയെയായിരിക്കും അയര്‍ലാന്‍ഡിനെതിരേ ഇന്ത്യ പരീക്ഷിക്കുക.
അതുകൊണ്ടു തന്നെ സീനിയര്‍ കളിക്കാര്‍ അവസരം പ്രതീക്ഷിക്കേണ്ടതുമില്ല. ഐറിഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു പിന്നാലെ ചില താരങ്ങള്‍ക്കു ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിക്കലും പ്രഖ്യാപിക്കാവുന്നതാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.
വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ആദ്യത്തെയാള്‍. നിലവില്‍ അദ്ദേഹം ടി20 പ്ലാനിന്റെ ഭാഗമല്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് അശ്വിന്‍ അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. ആറു വിക്കറ്റുകളാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അശ്വിന്റെ സെലക്ഷന്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
യുസ്വേന്ദ്ര ചഹല്‍ ടീമിലുണ്ടായിട്ടും ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിപ്പിക്കാതെയാണ് അശ്വിനില്‍ ഇന്ത്യ വിശ്വാസമര്‍പ്പിച്ചത്. പക്ഷെ അതിനോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല. ഇതേ തുടര്‍ന്നു അശ്വിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. അതിനു ശേഷം ടീമില്‍ നിന്നും ഒഴിവക്കപ്പെട്ട താരത്തെ തുടര്‍ന്നും പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ടി20 മതിയാക്കുന്നതായിരിക്കും 36 കാരനായ അശ്വിനു നല്ലത്.

സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാവുന്ന രണ്ടാമത്തെ താരം. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ അദ്ദേഹം ടി20 ടീമിന്റെ ഭാഗമായിരുന്നു. ടി20 ലോകകപ്പിനു ശേഷം നവംബറില്‍ ന്യൂസിലാന്‍ഡുമായി നടന്ന ടി20 പരമ്പരയിലാണ് ഭുവി അവസാനമായി കളിച്ചത്. അതിനു ശേഷം ഒരു പരമ്പരയിലേക്കും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ വര്‍ഷം ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരകളില്‍ ഭുവിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ബിസിസിഐയുടെ മുഖ്യ കരാറിലും ഉള്‍പ്പെട്ടിട്ടില്ലാത്ത 32 കാരനായ പേസറുടെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഭുവി ഇനി ഇന്ത്യക്കായി കളിക്കുകയുള്ളൂ. അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഭുവി തീര്‍ച്ചയായും ടീമിലുണ്ടാവില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വന്നാല്‍ വിരമിക്കുകയാവും അദ്ദേഹത്തിനു മുന്നിലുള്ള ബെസ്റ്റ് ഓപ്ഷന്‍.
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് ടി20 ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാവുന്ന മൂന്നാമത്തെയാള്‍. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ദീര്‍ഘകാലം അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ 2022ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തിയതോടെ ഡിക്കെയെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. ടി20യില്‍ ഫിനിഷറുടെ റോള്‍ തന്നെയായിരുന്നു അദ്ദേഹത്തിനു നല്‍കിയത്. പക്ഷെ ആര്‍സിബിയിലെ പ്രകടനമാവര്‍ത്തിക്കാന്‍ കാര്‍ത്തിക്കിനായില്ല.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. മൂന്നു മല്‍സരങ്ങളിലായിരുന്നു ഡിക്കെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഇവയിലെല്ലാം ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയും ചെയ്തു. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ പിന്നെ തിരികെ വിളിച്ചിട്ടുമില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ഡിക്കെ ഫ്‌ളോപ്പായി മാറിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍ണമായി അവസാനിക്കുകയും ചെയ്തിരിക്കുകയാണ്.