Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പട നയിച്ച് ഗില്‍!! അക്ഷറും അടിപൊളി; ടീം ഇന്ത്യ ആകെ മാറി, ഒടുവില്‍ ഇംഗ്ലീഷ് മണ്ണില്‍ ജയം

ബെര്‍മിങ്ഹാം: ശ്രേയസ് അയ്യര്‍ മാറി പകരം ശുഭ്മന്‍ ഗില്‍ നായകസ്ഥാനത്തേക്കു വന്നതോടെ ടീം ഇന്ത്യയുടെ തലവരയും തെളിഞ്ഞു. ടി20യില്‍ തോറ്റ്, തോറ്റ് മതിയായ ടീം ഇന്ത്യ ഒടുവില്‍ യുകെ പര്യടനത്തില്‍ ആദ്യ വിജയവും കൊയ്തിരിക്കുകയാണ്.

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം വ്യാഴാഴ്ച കാര്‍ഡിഫില്‍ നടക്കും.

GILL ROHIT

ആദ്യം അയര്‍ലാന്‍ഡിനോടു ടി20 പരമ്പരയില്‍ 0-2നു തൂത്തുവാരപ്പെട്ട ഇന്ത്യയെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 4-0നു ഇംഗ്ലണ്ടും നാണംകെടുത്തിയിരുന്നു. പക്ഷെ ശ്രേയസിനെ കൊണ്ട് സാധിക്കാതെ പോയത് ഗില്‍ ആദ്യ ശ്രമത്തില്‍ തന്നെ നടത്തി കാണിച്ചിരിക്കുകയാണ്.

നായകന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നും പട നയിച്ച ഗില്‍ (80, റിട്ടയേര്‍ഡ് ഹര്‍ട്ട്) തന്നെയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഹീറോയും. നാലു വിക്കറ്റിനൊപ്പം അപരാജിത ഫിഫ്റ്റിയുമായി അക്ഷര്‍ പട്ടേലും (57*) മിന്നിച്ചു. അക്ഷറാണ് കളിയിലെ താരം.

259 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ഹാരി ബ്രൂക്കും സംഘവും ഇന്ത്യക്കു മുന്നില്‍ വച്ചത്. വെറു 45.2 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ വിജയ റണ്‍സും കുറിക്കുകയായിരുന്നു. 75 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. അക്ഷര്‍ 52 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും പായിച്ചു.

വാഷിങ്ടണ്‍ സുന്ദറാണ് 52* (63 ബോള്‍, 4 ഫോര്‍, 1 സിക്‌സ്) മറ്റൊരു പ്രധാന സ്‌കോറര്‍. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് 35 റണ്‍സും നേടി. 53 ബോളില്‍ വെറും രണ്ടു ഫോര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

മുന്‍ നായകരും ഇതിഹാസ ജോടികളുമായ രോഹിത് ശര്‍മയും (11) വിരാട് കോലിയും (5) ബാറ്റിങില്‍ തികഞ്ഞ പരാജയായി മാഫി. കെഎല്‍ രാഹുലും (1) കാര്യമായ സംഭാവന നല്‍കിയില്ല.

ഓപ്പണിങ് വിക്കറ്റില്‍ ഭേദപ്പെട്ട തുടക്കത്തിനു ശേഷം അടുത്തടുത്ത ഓവറുകളില്‍ രോഹിത്തും കോലിയും മടങ്ങിയതോടെ ഇന്ത്യ രണ്ടു വിക്കറ്റിനു 48 റണ്‍സെന്ന നിലയില്‍ ബാക്ക്ഫൂട്ടിലായി. തുടര്‍ന്നായിരുന്നു മല്‍സരവിധി നിര്‍ണയിച്ച കൂട്ടുകെട്ട്.

മൂന്നാം വിക്കറ്റില്‍ ഗില്‍- ശ്രേയസ് സഖ്യം 103 ബോളില്‍ നേടിയ 101 റണ്‍സ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിടുകയായിരുന്നു. എന്നാല്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതിനു പിന്നാലെ ടീമിനു അപ്രതീക്ഷിത തകര്‍ച്ച നേരിട്ടു.

ശ്രേയസും ഗില്ലും തുടരെ മടങ്ങിയപ്പോള്‍ ഇന്ത്യ നാലിന് 160. തുടര്‍ന്ന് അക്ഷര്‍- വാഷി സഖ്യം 105 ബോളില്‍ 102 റണ്‍സുമായി ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.

പൊരുതിക്കയറി ഇംഗ്ലണ്ട്

ആദ്യം ബാറ്റിങിനങ്ങിയ ഇംഗ്ലണ്ടിനെ 50 ഓവര്‍ പോലും ക്രീസില്‍ തുടരാന്‍ ഇന്ത്യ അനുവദിച്ചില്ല. 47.5 ഓവറില്‍ 258 റണ്‍സിന് അവര്‍ ഓള്‍ഔട്ടായിരുന്നു. ഈ ടോട്ടലിലേക്കു ഇംഗ്ലണ്ടിനെ എത്തിച്ചത് പ്രധാനമായും രണ്ടു പേരാണ്. ജോ റൂട്ട് പുറത്താവാതെ 76 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് ലിയാം ഡോസന്‍ 68 റണ്‍സു നേടി. ഓപ്പണര്‍ ബെന്‍ ഡക്കെറ്റും (43) നിര്‍ണായത സംഭാവനകള്‍ നല്‍കി.

AXAR PATEL

76 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കമാണ് റൂട്ട് ടീമിന്റെ അമരക്കാരനായത്. ഡോസന്‍ 83 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടിച്ചു. മികച്ച തുടക്കമാണ് ഡക്കെറ്റ്- ജേക്കബ് ബെതെല്‍ ജോടി ഇംഗ്ലണ്ടിനു നല്‍കിയത്.

ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സുമായി മുന്നേറവെയാണ് ഒരോവറില്‍ ഇരുവരും പുറത്തായത്. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും (1) മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 64ലേക്കു വീണു.

ജോസ് ബട്‌ലര്‍ (5), സാം കറെന്‍ (0) എന്നിവരും ഫ്‌ളോപ്പായപ്പോള്‍ 17ാം ഓവറില്‍ ഇംഗ്ലണ്ട് അഞ്ചിനു 80ലേക്കു കൂപ്പുകുത്തി. വില്‍ ജാക്‌സും (20) വൈകാതെ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ആറിന് 107.

എന്നാല്‍ എട്ടാം വിക്കറ്റില്‍ റൂട്ട്- ഡോസന്‍ സഖ്യം 134 ബോളില്‍ നേടിയ 121 റണ്‍സാണ് വന്‍ നാണക്കേടില്‍ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ നാലും പ്രസിദ്ധ് കൃഷ്ണയും ഗുര്‍നൂര്‍ ബ്രാറും രണ്ടു വിക്കറ്റ് വീതവും നേടി.

എജ്ബാസ്റ്റണില്‍ ടോസിനു ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിങിനെയും ഒഴിവാക്കിയ ഇന്ത്യ ശിവം ദുബെയെയും ഗുര്‍നൂര്‍ ബ്രാറിനെയും കളിപ്പിക്കുകയും ചെയ്തു.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട്- ജേക്കബ് ബെഥേല്‍, ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, വില്‍ ജാക്സ്, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്.

Story first published: Tuesday, July 14, 2026, 12:05 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+