IND vs ENG: ഇതെന്ത് കീപ്പിങ്? ഫ്രീ നല്‍കിയത് 16 റണ്‍സ്!!! ദുരന്തമായി രാഹുല്‍, സഞ്ജുവിനെ വിളിക്കൂ
ബെര്‍മിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ഒന്നാം ഏകദിനത്തിലെ ദയനീയ വിക്കറ്റ് കീപ്പിങ് കാരണം എയറിലായിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. കളിയില്‍ പല തവണയാണ് അദ്ദേഹത്തിന്റെ കൈകള്‍ ചോര്‍ന്നത്. അനായാസം കൈയ്ക്കുള്ളിലാക്കേണ്ട ബോളുകള്‍ പോലും രാഹുല്‍ കളഞ്ഞുകുളിക്കുകയായിരുന്നു.
16 റണ്‍സാണ് കീപ്പിങിലെ അബദ്ധങ്ങളിലൂടെ മാത്രം അദ്ദേഹം ഇംഗ്ലീഷ് ടീമിനു ദാനം ചെയ്തത്. നാലു ബൗണ്ടറികളൂടെ രൂപത്തിലായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യക്കു 259 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. രാഹുലിന്റെ പിഴവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലീഷ് ടീമിനെ 242 റണ്‍സിലൊതുക്കാനും ഇന്ത്യക്കു കഴിഞ്ഞേനെ.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് രാഹുല്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിലും അദ്ദേഹമാണ് വിക്കറ്റിനു പിന്നിലെങ്കില്‍ ഇന്ത്യക്കു മുട്ടന്‍ പണിയുറപ്പാണെന്നും പകരം സഞ്ജു സാംസണിനെ കീപ്പിങ് ഏല്‍പ്പിക്കണമെന്നും പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.
രൂക്ഷവിമര്‍ശനം
ഇന്ത്യന്‍ ടീം ഏകദിനത്തില്‍ തുടര്‍ന്നും കെഎല്‍ രാഹുലിനെ തന്നെ വിക്കറ്റ് കീപ്പിങ് ഏല്‍പ്പിച്ചാല്‍ വലിയ തിരിച്ചടികള്‍ ഉറപ്പാണെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
'കെഎല്‍ രാഹുല്‍ വിക്കറ്റിനു പിന്നില്‍ വളരെ മടിയനാണ്. ലോകകപ്പ് വേദിയായ സൗത്താഫ്രിക്കന്‍ പിച്ചുകളിലെ ബൗണ്‍സുള്ള പിച്ചുകളില്‍ കീപ്പിങിലെ കഴിവില്ലായ്മ കാരണം അദ്ദേഹമായിരിക്കും ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണി'.
'എന്തൊരു വെറുപ്പുളവാക്കുന്ന വിക്കറ്റ് കീപ്പിങാണ് ഈ മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ കാഴ്ചവച്ചത്. പാകിസ്താന്റെ മുന്‍ താരം ഉമര്‍ അക്മലിനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ കീപ്പിങ്'.
'ഒരൊറ്റ നല്ല ക്യാച്ചിന്റെ പേരില്‍ കെഎല്‍ രാഹുലിനു അദ്ദേഹത്തിന്‍െ ആരാധകര്‍ അനാവശ്യ ഹൈപ്പ് നല്‍കുകയാണ്. കീപ്പിങ് പിഴവുകളിലൂടെ മാത്രം നാലോളം ബൗണ്ടറികളാണ് അദ്ദേഹം വഴങ്ങിയത്. ഇന്ത്യയില്‍ ഇപ്പോഴുള്ള ടോപ്പ് ഫൈവ് വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ പോലും രാഹുല്‍ വരുന്നില്ല. പാര്‍ട്ട് ടൈം കീപ്പറായ ആംഗ്രിഷ് രഘുവംശി പോലും ഇതിലും മിടുക്കനാണ്'.
'കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി, ദിനേഷ് കാര്‍ത്തിക്, മറ്റു കമന്റേറ്റര്‍മാര്‍ തുടങ്ങിയവരെല്ലാം കെഎല്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിങിനെ പഞ്ഞിക്കിടുകയാണ്. ഇതു വളരെ ദയനീയ വിക്കറ്റ് കീപ്പിങ് തന്നെയാണ്. രാഹുലിനു പകരം സഞ്ജു സാംസണിനെ കീപ്പിങ് ഏല്‍പ്പിക്കണം. സൗത്താഫ്രിക്കയില്‍ വളരെ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്'.
'മൂന്ന് ബൈയുള്‍പ്പെടെ നാലു ഫോറുകളാണ് വിക്കറ്റിനു പിന്നില്‍ കെഎല്‍ രാഹുല്‍ വഴങ്ങിയത്. ഇതു വളരെ ദയനീയ വിക്കറ്റ് കീപ്പിങ് തന്നെയാണ്. അടുത്ത വര്‍ഷം സൗത്താഫ്രിക്കയിലാണ് ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്.
അവിടെ രാഹുലാണ് കീപ്പറെങ്കില്‍ നമ്മള്‍ തീര്‍ന്നു. 2023ലെ ലോകകപ്പ് ഫൈനലില്‍ അദ്ദേഹത്തിന്റെ കീപ്പിങ് പിഴവ് ഇപ്പോഴും മറന്നിട്ടില്ല. രാഹുലിനെ മാറ്റി സഞ്ജു സാംസണിനെ ഏകദിനത്തിലും കീപ്പാറാക്കൂ'.

'കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നത് ക്രിക്കറ്റിനോടു ചെയ്യുന്ന ക്രൈമാണ്. ദയനീയ കീപ്പിങ് തന്നെയാണ് ഈ കളിയിലേത്'.
'ഏകദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും കെഎല്‍ രാഹുലിനെ എത്രയും വേഗത്തില്‍ തന്നെ മാറ്റണം. സ്പഷ്യലിസ്റ്റ് ബാറ്ററായി മാത്രം അദ്ദേഹത്തെ കളിപ്പിച്ചാല്‍ മതി. രാഹുല്‍ ഒരിക്കലും മികച്ച കീപ്പറല്ല. ലോകകപ്പില്‍ അദ്ദേഹത്തിന് ഈ റോള്‍ നല്‍കിയാല്‍ വലിയ വില നല്‍കേണ്ടിയും വരും. പകരം കീപ്പിങ് ദൗത്യം സഞ്ജു സാംസണിനെയോ, ഇഷാന്‍ കിഷനെയോ ഏല്‍പ്പിക്കൂ'.
'സഞ്ജു സാംസണ്‍ ഒരു കളിയില്‍ ക്യാച്ച് പാഴാക്കുന്നത് അപൂര്‍വ്വമായി മാത്രമേ നമുക്കു കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഏറെക്കുറെ എല്ലാ മല്‍സരങ്ങളിലും കെഎല്‍ രാഹുല്‍ 3-4 ക്യാച്ചുകളെങ്കിലും പാഴാക്കി കൊണ്ടിരിക്കുകയാണ്. സഞ്ജുവിനെ കീപ്പിങ് ഏല്‍പ്പിച്ചാല്‍ മാത്രമേ അടുത്ത ലോകകപ്പില്‍ ഇന്ത്യക്കു പ്രതീക്ഷ വേണ്ടതുള്ളൂ'- എന്നിങ്ങനെയായിരുന്നു വിവിധ ആരാധക പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

