എഡ്ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ബുധനാഴ്ച ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ തുടക്കമാവുകയാണ്. ലീഡ്‌സിലെ ഒന്നാമങ്കത്തിലേറ്റ അഞ്ചു വിക്കറ്റിന്റെ പരാജയം മറന്നാണ് രണ്ടാം ടെസ്റ്റിനു ശുഭ്മന്‍ ഗില്ലും സംഘവും കച്ചമുറുക്കുന്നത്. ഈ ടെസ്റ്റില്‍ സംഭവിച്ച ചില പിഴവുകള്‍ തിരുത്താനായാല്‍ എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കാന്‍ ഗില്ലിനും സംഘത്തിനുമായേക്കും.
അതിനിടെ എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ചരിത്രനേട്ടത്തിനു അരികില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ലീഡ്‌സിലേതു പോലെ ഇവിടെയും മറ്റൊരു മാജിക്കല്‍ പ്രകടനം പുറത്തെടുക്കാനായാല്‍ ഡബ്ല്യുടിസിയിലെ (ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്) പുതിയ കിങ്ങായി അദ്ദേഹം മാറുകയും ചെയ്യും.

റെക്കോര്‍ഡിടാന്‍ ബുംറ
2019ല്‍ ഐസിസി തുടക്കമിട്ട ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും ഫൈഫറുകള്‍ക്ക് (അഞ്ചു വിക്കറ്റ് നേട്ടം) അവകാശിയാവുന്ന ബൗളറെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായിരുന്ന ആര്‍ അശ്വിനൊപ്പം പങ്കിടുകയാണ് അദ്ദേഹം.
11 വീതം ഫൈഫറുകളാണ് ബുംറയുടെയും അശ്വിന്റെയും പേരിലുള്ളത്. ഇനി എഡ്ബാസ്റ്റണിലെ അടുത്ത ടെസ്റ്റില്‍ ഏതെങ്കിലുമൊരു ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കാനായാല്‍ അശ്വിനെ പിന്തള്ളി റെക്കോര്‍ഡിന്റെ ഏക അവകാശിയായി അദ്ദേഹം മാറും. നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ബുംറ ഫൈഫര്‍ നേടിയിരുന്നു. ഇതോടെയാണ് അശ്വിനൊപ്പം അദ്ദേഹം എത്തുകയും ചെയ്തത്.
ഡബ്ല്യുടിസിയില്‍ 41 ടെസ്റ്റുകളിലാണ് അശ്വിന്‍ 11 ഫൈഫര്‍ കുറിച്ചതെങ്കില്‍ ബുംറയ്ക്കു ഇതിനായി 36 ടെസ്റ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. പക്ഷെ വിക്കറ്റ് കൊയ്ത്തില്‍ അശ്വിനാണ് മുന്നില്‍. 195 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ബുംറയാവട്ടെ 161 വിക്കറ്റുകളും നേടി.
ബുംറ കളിക്കുമോ?
ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കു വേണ്ടി കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ജോലി ഭാരം കുറയ്ക്കുന്നതിനായി അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയേക്കുമെന്നും ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ മാത്രമേ ഇനി കളിക്കാനിടയുള്ളൂവെന്നും നേരത്തേ അഭ്യൂഹങ്ങള്‍ വന്നിരുന്നു.

എന്നാല്‍ ഞായറാഴ്ച നടന്ന ടീമിന്റെ പരിശീലന സെഷനില്‍ ബുംറ വളരെ തീവ്രതയോടെ ബൗളിങ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പുറത്തു വന്നിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിലേത് അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ ബുംറയെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. അദ്ദേഹത്തെ അമിതമായി ഉപയോഗിക്കുകയാണെങ്കില്‍ പരിക്കുകളേല്‍ക്കാനും പുറത്തു പോവാനുമുള്ള സാധ്യതയും കൂടുതാണ്.
ഏറ്റവും അവസാനമായി ഓസ്‌ട്രേലിയയില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ടീം മാനേജ്‌മെന്റ് കാണിച്ച അബദ്ധം കാരണം ബുംറയ്ക്കു കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു.
ഓസ്‌ട്രേലിയയില്‍ തുടരെ അഞ്ചു ടെസ്റ്റുകളിലും കളിപ്പിച്ചതോടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതു കാരണം അവസാന ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ബുംറ കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് മടങ്ങിയെത്തിയത്.
അതിനു ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇവിടെയും തുടര്‍ച്ചയായി അഞ്ചു ടെസ്റ്റുകളില്‍ കളിച്ചാല്‍ അതു ബുംറയ്ക്കു വീണ്ടും പരിക്കേല്‍ക്കാന്‍ കാരണമായേക്കും. അങ്ങനെ വന്നാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പുള്‍പ്പെടെ അദ്ദേഹത്തിനു നഷ്ടമാവാനുമിടയുണ്ട്.