ധരംശാല: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റിന്റെ മൂന്നാംദിനം തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയുമായി കൈയടി നേടിയിരിക്കുകയാണ് ഇന്ത്യയുടെ താല്‍ക്കാലിക നായകനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ. പുറംവേദന കാരണം രോഹിത് ശര്‍മ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ ഗ്രൗണ്ടിലിറങ്ങിയില്ല. ഇതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന ബുംറയ്ക്കു താല്‍ക്കാലിക ചുമതല ലഭിച്ചത്. കിടിലന്‍ ക്യാപ്റ്റന്‍സിയുമായി അദ്ദേഹം മികവ് തെളിയിക്കുകയും ചെയ്തു.
ബുംറയുടെ അപ്രതീക്ഷിത നീക്കമാണ് ഇംഗ്ലണ്ട് മുന്‍നിരയെ തകര്‍ത്തത്. 259 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിനെ ലഞ്ച് ബ്രേക്കിനു പിരിയുമ്പോഴേക്കും അഞ്ചു വിക്കറ്റിനു 103 റണ്‍സെന്ന നിലയില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു. അഞ്ചു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 156 റണ്‍സ് കൂടി വേണം. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നു തന്നെ ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്യാനുള്ള സാധ്യത കൂടുതലാണ്.

ഇംഗ്ലണ്ടിനെ കളിയില്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം പ്രതിരോധത്തിലാക്കിയത് ബുംറയുടെ മൂര്‍ച്ചയേറിയ ക്യാപ്റ്റന്‍സിയാണ്. ന്യൂബോളില്‍ അദ്ദേഹം സര്‍പ്രൈസ് നീക്കമാണ് നടത്തിയത്. തനിക്കൊപ്പം ന്യൂബോള്‍ കൈകാര്യം ചെയ്യാന്‍ ബുംറ തിരഞ്ഞെടുത്തത് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയായിരുന്നു. ഈ നീക്കം കളിയിലെ ടേണിങ് പോയിന്റാവുകയും ചെയ്തു.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ബുംറയ്‌ക്കൊപ്പം ന്യൂബോള്‍ കൈകാര്യം ചെയ്യാന്‍ രോഹിത് നിയോഗിച്ചത് പേസര്‍ മുഹമ്മദ് സിറാജിനൊണ്. ഓപ്പണിങ് വിക്കറ്റില്‍ സാക്ക് ക്രോളി- ബെന്‍ ഡക്കെറ്റ് ജോടി 64 റണ്‍സിന്റെ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷെ ബുംറ ഈ പ്ലാന്‍ പൊളിച്ചാണ് തനിക്കൊപ്പം ന്യൂബോള്‍ എറിയാന്‍ അശ്വിനെ കൊണ്ടുവന്നത്.
ഒരു എന്‍ഡില്‍ ബുംറയും മറുഭാഗത്ത് അശ്വിനും മാറി മാറി എറിഞ്ഞതോടെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ വരിഞ്ഞുകെട്ടിയ അവസ്ഥയിലാവുകയും ചെയ്തു. ഇതേ തുടര്‍ന്നു സമ്മര്‍ദ്ദത്തിലേക്കു വീണ അവര്‍ റിസ്ക്കുള്ള ഷോട്ടുകള്‍ക്കു ശ്രമിച്ച് വിക്കറ്റുകള്‍ കൈവിട്ടുകൊണ്ടിരുന്നു. ബുംറയുടെ ഫീല്‍ഡ് ക്രമീകരണവും എടുത്തു പറയേണ്ടതാണ്. ക്ലോസ് ഫീല്‍ഡര്‍മാരെ തുടക്കത്തില്‍ തന്നെ അദ്ദേഹം നിയോഗിച്ചതോടെ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ വളരെ കടുപ്പമായി തീര്‍ന്നു.
ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറില്‍ തന്നെ അശ്വിന്‍ ഇന്ത്യക്കു ബ്രേക്ക്ത്രൂ സമ്മാനിച്ചിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ഡക്കെറ്റ് രണ്ടു റണ്‍സ് മാത്രമെടുത്ത് ബൗള്‍ഡാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയ ക്രോളി രണ്ടാമിന്നിങ്‌സില്‍ പക്ഷെ ശരിക്കും പതറി. 16 ബോളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത ക്രോളിയെ ആറാം ഓവറില്‍ അശ്വിന്‍ പുറത്താക്കുകയും ചെയ്തു.

ഷോര്‍ട്ട് ലെഗില്‍ കെണിയൊരുക്കിയാണ് ക്രോളിയെ ബുംറ വീഴ്ത്തിയത്. ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച ക്രോളിയുടെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സര്‍ഫറാസിന്റെ കൈകളിലെത്തുകയായിരുന്നു. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത ഓലി പോപ്പിനെയും (19) അശ്വിന്‍ മടക്കിയതോടെ ഇംഗ്ലണ്ട് മൂന്നിന് 36 റണ്‍സിലേക്കു വീണു. സ്വീപ്പ് ഷോട്ടിനു തുനിഞ്ഞ പോപ്പിനെ യശസ്വി ജയ്‌സ്വാളാണ് മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ മടക്കിയത്.
പിന്നാലെ ബൗളിങില്‍ നിന്നും സ്വയം പിന്‍മാറിയ ബുംറ 13ാം ഓവറില്‍ രവീന്ദ്ര ജഡേജയെ കൊണ്ടുവരികയായിരുന്നു. അശ്വിനു തല്ലുകിട്ടാന്‍ തുടങ്ങിയതോടെ ബുംറ വീണ്ടും പ്ലാന്‍ മാറ്റി. ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയ കുല്‍ദീപ് യാദവിനെ 18ാം ഓവറില്‍ പരീക്ഷിച്ചു.
കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങ് കാഴ്ചവച്ച അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോയെ (39) കുല്‍ദീപ് നാലാമത്തെ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു. നാലോവറുകള്‍ക്കു ശേഷം അശ്വിനെ തിരികെ വിളിച്ച ബുംറ ഇംഗ്ലണ്ടിനു അടുത്ത പ്രഹരമേല്‍പ്പിച്ചു. നായകന്‍ ബെന്‍ സ്റ്റോക്‌സിനെ (2) അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതാടെ ഇംഗ്ലണ്ട് അഞ്ചിനു 103ലേക്കും കൂപ്പുകുത്തി.