IND vs BAN: ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' ശൈലി ഇന്ത്യക്ക് ചേരുമോ? എളുപ്പമല്ല! കാര്‍ത്തിക് പറയുന്നു

മുംബൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 278 എന്ന ഭേദപ്പെട്ട നിലയിലാണ്. വലിയ സ്‌കോര്‍ ലക്ഷ്യമിട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യക്ക് പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം.
കെ എല്‍ രാഹുല്‍ (22) ശുബ്മാന്‍ ഗില്‍ (20) വിരാട് കോലി (1) എന്നീ ടോപ് ഓഡര്‍ താരങ്ങള്‍ക്ക് തിളങ്ങാനാവാത്തത് ഇന്ത്യക്ക് വലിയ ക്ഷീണമായി. മത്സരത്തിന് മുമ്പ് ആക്രമണ ശൈലിയില്‍ കളിക്കുമെന്ന് നായകന്‍ രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ശൈലി ഇന്ത്യക്ക് ക്ലിക്കായില്ലെന്ന് പറയാം.
ഇന്ത്യന്‍ താരങ്ങളുടെ പുറത്താകലില്‍ മിക്കവയും മോശം ഷോട്ട് കളിച്ചായിരുന്നു എന്നതാണ് വസ്തുത. പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ആരും തന്നെ ശ്രമിച്ചില്ല. ബംഗ്ലാദേശ് വരുത്തിയ ഫീല്‍ഡിങ് പിഴവും ഇന്ത്യക്ക് ലഭിച്ച ഭാഗ്യത്തിന്റെ പിന്തുണയുമില്ലായിരുന്നെങ്കില്‍ ഇന്ത്യ ആദ്യ ദിനം തന്നെ ഓള്‍ഔട്ടായേനെ.
ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നത് ക്ലിക്കാകില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. ബാസ്‌ബോള്‍ ശൈലി ഇന്ത്യയുടെ ഡിഎന്‍എയിലില്ലെന്നാണ് കാര്‍ത്തിക് പറയുന്നത്.

ഇന്ത്യക്ക് ചേരാത്ത ശൈലിയാണത്
ഇന്ത്യക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന വിക്കറ്റാണിത്. ഇന്ത്യ ഇപ്പോള്‍ ബാസ്‌ബോള്‍ ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് നിലവില്‍ നമ്മുടെ ഡിഎന്‍എയിലുള്ളതല്ല.
കെ എല്‍ രാഹുല്‍ ആക്രമണശൈലിയില്‍ കളിക്കുമെന്ന് പറഞ്ഞത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മുന്നില്‍കണ്ടാണ്. എന്നാല്‍ ഈ പിച്ച് നല്ല സ്ലോയാണ്. അതുകൊണ്ട് തന്നെ ആക്രമണത്തിന് മുതിരരുത്- കാര്‍ത്തിക് പറഞ്ഞു.
Also Read: IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

താരങ്ങള്‍ ആ ശൈലിയിലുള്ളവരാവണം
ഇന്ത്യക്ക് ആക്രമിച്ച് കളിക്കണമെങ്കില്‍ താരങ്ങളും ആ ശൈലിയിലുള്ളവരാവണമെന്നാണ് കാര്‍ത്തിക് പറയുന്നത്. '4.45 റണ്‍റേറ്റില്‍ റണ്‍സുയര്‍ത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ നിങ്ങള്‍ ഒപ്പം കൂട്ടേണ്ടതായുണ്ട്.
ഉദാഹരണമായി റിഷഭ് പന്തിനെ നോക്കുക. അവന്‍ തന്റെ 46 റണ്‍സ് നേടിയത് അതിവേഗത്തിലാണ്. കാരണം അവന് സ്വാഭാവികമായി ആക്രമണ ശൈലിയുണ്ട്. ഇന്ത്യ ഇംഗ്ലണ്ടിനെപ്പോലെ ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കണമെങ്കില്‍ താരങ്ങളുടെ ചിന്തകളിലാണ് മാറ്റം വരേണ്ടത്'- കാര്‍ത്തിക് പറഞ്ഞു.

മാനസികമായി ഇന്ത്യ മാറണം
ഇന്ത്യക്ക് ബാസ്‌ബോള്‍ ശൈലി കളിക്കാന്‍ താരങ്ങളില്ലെന്ന് കരുതുന്നില്ല. ടെസ്റ്റിലെ എട്ട് ബാറ്റ്‌സ്മാന്‍മാരെ നോക്കിയാല്‍ അതിലെ അഞ്ച് പേരും മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവ് കാട്ടുന്നവരാണ്. അതുകൊണ്ട് തന്നെ 80-85 സ്‌ട്രൈക്കറേറ്റില്‍ ടെസ്റ്റ് കളിക്കുക അവരെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമല്ല.
മാനസിക നില മാറുന്നതിലാണ് കാര്യം. ഒരു തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ സാധിച്ചെന്ന് ഉറപ്പുവരുത്തണം. ഒരേ താളത്തില്‍ ബാറ്റ് ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കണം-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങുന്നവരാണ്.

പഴയ ശൈലിയാണ് കൂടുതല്‍ നല്ലത്
ഇന്ത്യ ആക്രമണ ശൈലിയിലേക്ക് ഗിയര്‍ മാറ്റുന്നത് ടീമിന് കാര്യമായ ഗുണം ചെയ്‌തേക്കില്ലെന്ന് പറയാം. ഇന്ത്യന്‍ ടീമിലെ പല താരങ്ങളും നന്നായി റണ്‍സുയര്‍ത്താന്‍ കഴിവുള്ളവരാണ്. എന്നാല്‍ ടെസ്റ്റിന്റെ സാഹചര്യത്തില്‍ അതിവേഗ ബാറ്റിങ് ഇവര്‍ക്ക് പ്രയാസമാണ്.
നിലയുറപ്പിച്ച് റണ്‍സുയര്‍ത്തുന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ശൈലി. അതാണ് ഇന്ത്യക്ക് കൂടുതല്‍ ചേരുന്നതെന്നും പറയാം. കോലി, രാഹുല്‍, ഗില്‍ എന്നിവര്‍ക്കെല്ലാം അടിച്ചുകളിച്ച് റണ്‍സുയര്‍ത്താനാവും. എന്നാല്‍ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യത കൂടുതലാവും.
അതുകൊണ്ട് തന്നെ ഇന്ത്യക്ക് പഴയ ശൈലിയില്‍ കളിക്കുന്നതാണ് നല്ലത്. റിഷഭ് പന്ത് ആക്രമണ ശൈലി തുടരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെങ്കിലും മറ്റ് താരങ്ങള്‍ ഇതേ ആക്രമണ ശൈലി കാഴ്ചവെക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന് തന്നെ പറയാം.

രണ്ടാം ദിനം ഇന്ത്യക്ക് നിര്‍ണ്ണായകം
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ശ്രേയസ് അയ്യരും-ആര്‍ അശ്വിനും തമ്മിലുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. 350ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.
ആദ്യ ദിനം രണ്ട് തവണ ലൈഫ് ലഭിച്ച താരമാണ് ശ്രേയസ് അയ്യര്‍. അതുകൊണ്ട് തന്നെ രണ്ടാം ദിനത്തിലെ ശ്രേയസിന്റെ പ്രകടനം കണ്ടറിയാം. സ്പിന്നര്‍മാര്‍ക്ക് രണ്ടാം ദിനം കൂടുതല്‍ മികവ് കാട്ടാനാവുമെന്നതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുപ്പം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications