IND vs BAN: റിഷഭ് തടിയന്‍, ഫിറ്റ്‌നസില്ലാത്ത താരം, വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 42 റണ്‍സെന്ന നിലയിലാണ്.
ഇന്ത്യയാണ് നിലവില്‍ ഡ്രൈവിങ് സീറ്റിലെന്ന് പറയാം. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും അവസരത്തിനൊത്തുയര്‍ന്നു. ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് 45 പന്തില്‍ 46 റണ്‍സാണ് നേടിയത്.
ഏകദിന ശൈലിയിലായിരുന്നു റിഷഭിന്റെ പ്രകടനമെന്ന് പറയാം. എന്നാല്‍ പരിമിത ഓവറില്‍ മോശം ഫോമിലായിരുന്ന റിഷഭിന്റെ പ്രകടനം സംബന്ധിച്ച് ഏറെ നാളുകളായി ചര്‍ച്ചകള്‍ സജീവമാണ്. സഞ്ജു സാംസണിനെയും ഇഷാന്‍ കിഷനെയും തഴഞ്ഞ് റിഷഭിന് കൂടുതല്‍ അവസരം നല്‍കുന്നുവെന്നാണ് വിമര്‍ശനം.
എന്നാല്‍ ടെസ്റ്റില്‍ റിഷഭ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെന്നാണ് വസ്തുത. ഇപ്പോഴിതാ റിഷഭിന് നല്‍കുന്നത് അമിത പ്രശംസയാണെന്നും റിഷഭ് ഫിറ്റ്‌നസില്ലാത്ത താരമാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

റിഷഭിന്റെ ഫിറ്റ്‌നസ് പ്രശ്‌നം
റിഷഭ് പന്ത് തനിക്കിഷ്ടമുള്ള രീതിയില്‍ കളിക്കാനാഗ്രഹിക്കുന്ന താരമാണ്. എന്നാല്‍ എന്തെങ്കിലും പുതുമയുള്ള ഷോട്ട് കളിച്ചിട്ട് പുറത്താകണമായിരുന്നു. സാധാരണ ഒരു പന്തില്‍ മോശം ഷോട്ട് കളിച്ചാണ് റിഷഭ് പുറത്തായത്. എപ്പോഴും റിഷഭിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ഞാന്‍ പറയാറുണ്ട്.
അവന് പുതുമയുള്ള ഷോട്ട് കളിക്കാന്‍ മികച്ച ഫിറ്റ്‌നസ് ആവിശ്യമാണ്. അങ്ങനെയാണെങ്കില്‍ അനായാസമായി ഷോട്ടുകള്‍ കളിക്കാന്‍ അവനാവും. അവന് അമിതഭാരമുണ്ടെന്നാണ് കരുതുന്നത്. ഫിറ്റ്‌നസ് നോക്കുമ്പോള്‍ അവന്‍ ശരാശരിക്കും താഴെയാണെന്ന് വിലയിരുത്തേണ്ടി വരും- സല്‍മാന്‍ ബട്ട് പറഞ്ഞു.

റിഷഭിനെ ഇനിയും ഇന്ത്യ പിന്തുണക്കും
റിഷഭ് പന്തിനെ ഇനിയും ഇന്ത്യയും പിന്തുണക്കുകയും കൂടുതല്‍ അവസരം നല്‍കുകയും ചെയ്യാനാണ് സാധ്യത. എക്‌സ് ഫാക്ടര്‍ താരമെന്ന നിലയില്‍ പരിഗണന ലഭിക്കുന്ന താരമാണ് റിഷഭ് പന്ത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ്.
കൂടാതെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാനും കഴിവുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ സ്ഥിരതയോടെ കളിക്കാന്‍ റിഷഭിനാവുന്നില്ല. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ റിഷഭിന് അധികനാള്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം മുന്നോട്ട് പോകാനായേക്കില്ല.

സഞ്ജുവിന് എന്തുകൊണ്ട് അവസരമില്ല
ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനെ ഇന്ത്യ ടി20യില്‍ കാര്യമായി പരിഗണിക്കുന്നില്ല. തുടര്‍ച്ചയായി അവസരം നല്‍കുന്നില്ലെന്നതാണ് പ്രശ്‌നം.
11 ഏകദിനം കളിച്ചപ്പോള്‍ 66 ശരാശരിയിലാണ് സഞ്ജു ബാറ്റ് ചെയ്തത്. എന്നിട്ടും ബംഗ്ലാദേശ് പരമ്പരയില്‍ അവസരം ലഭിച്ചില്ല. സഞ്ജു മികവ് കാട്ടിയിട്ടും മനപ്പൂര്‍വ്വം തഴയുകയാണെന്ന ആക്ഷേപം ശക്തം. 2023ലെ ഏകദിന ലോകകപ്പ് സഞ്ജു കളിക്കാനുള്ള സാധ്യത കുറവാണെന്നതാണ് വസ്തുത.

മിടുക്കുകാട്ടി ഇഷാന്‍
സഞ്ജു-റിഷഭ് പോര് മുറുകുന്നതിനിടെ മിടുക്കുകാട്ടി ഇഷാന്‍ കിഷനെത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തി ഞെട്ടിച്ച ഇഷാന്‍ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി പ്രകടനവും നടത്തിയിരിക്കുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. നിലയുറപ്പിച്ചാല്‍ വ്യത്യസ്ത ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ മിടുക്കന്‍. ഇടം കൈയനാണെന്നതും താരത്തെ സംബന്ധിച്ച് അനുകൂല ഘടകമാണ്.
റിഷഭിനെ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറാക്കിയാല്‍ ഇഷാന്‍ കിഷന്‍ രണ്ടാം നമ്പര്‍ കീപ്പറായി എത്തിയേക്കും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് സീറ്റ് പുറത്തുതന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications