
സൂര്യ ഇലവനിലുണ്ടാവും
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. അഞ്ചാം നമ്പറില്‍ അദ്ദേഹം കളിക്കും. ആറാമനായി കെഎസ് ഭരതായിരിക്കും ബാറ്റിങിന് ഇറങ്ങുന്നത്.
79 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ സൂര്യ ഇതിനകം കളിച്ചിട്ടുണ്ട്. വളരെ മികച്ചൊരു കരിയര്‍ തന്നെയാണ് അദ്ദേഹത്തിന്റേത്. ദീര്‍ഘകാലമായി ഇവിടെയുള്ളയാളാണ് സൂര്യയെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഇന്ത്യക്കു അധികം ഓപ്ഷനുകളില്ല
ഇന്ത്യക്കായി ആദ്യ ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് കളിക്കുമെന്ന് കരുതാന്‍ ഒരു കാരണം കൂടിയുണ്ട്. കാരണം നമുക്ക് ഈ ടീമില്‍ അധികം ഓപ്ഷനുകളൊന്നുമില്ല. ഏകദിന ക്രിക്കറ്റില്‍ വായുവിലൂടെ ഷോട്ടുകള്‍ കളിക്കേണ്ടെന്നു തീരുമാനിച്ചാലും 120 സ്‌ട്രൈക്ക് റേറ്റില്‍ സൂര്യക്കു ബാറ്റ് ചെയ്യാന്‍ സാധിക്കും.
അദ്ദേഹം വെറുമൊരു സിക്‌സറടിക്കാരന്‍ മാത്രമല്ല. സ്വീപ്പ് ഷോട്ട് മനോഹരമായി കളിക്കാന്‍ സൂര്യക്കറിയാം. എതിര്‍ ടീമിലെ സ്പിന്നറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഏറ്റവും മികച്ച ഷോട്ടും ഇതു തന്നെയാണെന്നും സഞ്ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

റിഷഭിന്റ റോള്‍
ടെസ്റ്റില്‍ നേരത്തേ റിഷഭ് പന്ത് കളിച്ചിരുന്നതു പോലെ അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കഴിയുന്നയാള്‍ കൂടിയാണ് സൂര്യകുമാര്‍ യാദവെന്നും സഞ്ജയ് മഞ്ജരേക്കര്‍ വിലയിരുത്തി. നിലവിലെ ടീമില്‍ റിഷഭിനെപ്പോലെ സ്പിന്നര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ആക്രമിച്ച് ഷോട്ട് കളിക്കാന്‍ സാധിക്കുന്നയാള്‍ സൂര്യയാണ്.
പക്ഷെ സൂര്യയെപ്പോലെ ടീമിലെ മറ്റുള്ളവരും ഇതേ തരത്തിലുളള ആക്രമണാത്മക സമീപനം സ്വീകരിക്കുന്നത് അപകടകരമാണെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രീസിലെത്തി. ശേഷം പിടിച്ചുനില്‍ക്കാന്‍ എന്താണ് ആവശ്യമെന്നു മനസ്സിലാക്കുകയാണ്. മറ്റു ടീമുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതിനു പകരം ഇത്തരമൊരു സമീപനമായിരിക്കണം സ്വീകരിക്കേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നും മഞ്‌ജേരക്കര്‍ പറഞ്ഞു.
Also Read: IND vs AUS: സൂര്യയെ ഇന്ത്യ ഇറക്കരുത്! കളിപ്പിച്ചാല്‍ പണി പാളും, മൂന്ന് കാരണങ്ങള്‍

കോലി തിരിച്ചുവരുമോ?
കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലു നേടിയിട്ടില്ലാത്ത വിരാട് കോലി ഈ പരമ്പരയില്‍ ഫോം വീണ്ടെടുക്കുമോയെന്നതിനെക്കുറിച്ചും സഞ്ജയ് മഞ്ജരേക്കര്‍ നിരീക്ഷണം നടത്തി.
കോലി സ്പിന്‍ ബൗളിങിനെ മനോഹരമായി നേരിടുന്നയാളാണ്. പക്ഷെ അടുത്തിടെയായി സ്പിന്നര്‍മാര്‍ക്കെതിരേ ലെങ്ത്ത് മനസ്സികാക്കാന്‍ അദ്ദേഹം വിഷമിക്കുകയാണ്.
ഈ പരമ്പരയില്‍ കോലിക്കു റണ്‍സ് കണ്ടെത്താനായാല്‍ അദ്ദേഹം തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയതായി നിങ്ങള്‍ക്കു പറയാനാവുമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications












