ഓസ്‌ട്രേലിയക്കെതിരേ ജയിക്കാമായിരുന്ന മൂന്നാം ടി20യില്‍ ഇന്ത്യ ഞെട്ടിക്കുന്ന പരാജയത്തിലേക്കു വീണപ്പോള്‍ ഏറ്റവുമധികം പഴി കേട്ടത് ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയായിരുന്നു. 222 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതിരുന്നതിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ പ്രസിദ്ധാണ്. അത്ര മാത്രം ദയനീയമായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം. നാലോവറുകള്‍ ബൗള്‍ ചെയ്ത പ്രസിദ്ധ് 17 എന്ന മോശം ഇക്കോണമി റേറ്റില്‍ വിക്കറ്റൊന്നുമില്ലാതെ വിട്ടുകൊടുത്തത് 68 റണ്‍സാണ്. ഓരോ നോ ബോളും വൈഡുമുള്‍പ്പെടെയാണിത്.
ഈ മല്‍സരത്തിലെ മാത്രമല്ല അന്താരാഷ്ട്ര ടി20യിലെ ഇതുവരെയുള്ള പ്രകടനം പരിഗണിച്ചാല്‍ ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഒട്ടും തന്നെ അര്‍ഹതയില്ലാത്ത താരമാണ് പ്രസിദ്ധ്. അത്രമാത്രം പരിതാപകരമാണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ കണക്കുകള്‍. ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ള ടി20 മല്‍സരങ്ങളെടുത്താല്‍ കുറഞ്ഞത് 100 ബോളുകളെങ്കിലും എറിഞ്ഞിട്ടുള്ളത് 30 പേസര്‍മാരാണ്.

ഇവരുടെ ഇക്കോണമി റേറ്റ് പരിശോധിക്കുകയാണെങ്കില്‍ അക്കൂട്ടത്തില്‍ ഏറ്റവും പിറകിലുള്ളത് പ്രസിദ്ധാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. 11 എന്ന മോശം ഇക്കോണമി റ്റേുമായിട്ടാണ് ഈ ലിസ്റ്റില്‍ അദ്ദേഹം അവസാന സ്ഥാത്തു നില്‍ക്കുന്നത്. പ്രസിദ്ധ് കഴിഞ്ഞാല്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ളത് യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനാണ്. 10.48 ഇക്കോണി റേറ്റുമായി ജമ്മു കാശ്മീരില്‍ നിന്നുള്ള പേസര്‍ 29ാം സ്ഥാനത്തുണ്ട്.
പ്രസിദ്ധിനെയും ഉമ്രാനെയും മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളരുടെയും ഇക്കോണമി റേറ്റ് പത്തിനോ, അതിനു മുകളിലോയില്ലെന്നും കാണാം. ശിവം ദുബെ (9.83), ഉമേഷ് യാദവ് (9.33), മുഹമ്മദ് സിറാജ് (9.18), ഹര്‍ഷല്‍ പട്ടേല്‍ (9.18), ശര്‍ദ്ദുല്‍ ടാക്കൂര്‍ (9.15), വിജയ് ശങ്കര്‍ (9.9), ആവേശ് ഖാന്‍ (9.03) എന്നിവരാണ് ഒമ്പതിനു മുകളില്‍ ഇക്കോണമി റേറ്റുള്ള മറ്റു ഇന്ത്യന്‍ പേസര്‍മാര്‍.

ഇക്കോണമി റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരിലെ കിങ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. 6.55 എന്ന അവിശ്വസനീയ ഇക്കോണമി റേറ്റിലാണ് അദ്ദേഹം ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ളവരെയെടുത്താല്‍ ബുംറയ്ക്കു പിന്നില്‍ ആര്‍പി സിങ് (6.81), ഭുവനേശ്വര്‍ കുമാര്‍ (6.96), നവദീപ് സെയ്‌നി (7.15), പ്രവീണ്‍ കുമാര്‍ (7.42), സഹീര്‍ ഖാന്‍ (7.63), ആശിഷ് നെഹ്‌റ (7.73), ആര്‍ വിനയ് കുമാര്‍ (7.84), ഇര്‍ഫാന്‍ പഠാന്‍ (8.02), മോഹിത് ശര്‍മ (8.04) എന്നിവരാണുള്ളത്.
ഓസീസുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ ദയനീയ പ്രകടനത്തോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡിനും പ്രസിദ്ധ് അവകാശിയായിരുന്നു. ടി20യില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറായാണ് അദ്ദേഹം മാറിയയത്. നേരത്തേ ആ റെക്കോര്‍ഡ് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ പേരിലായിരുന്നു. അദ്ദേഹം വഴഭങ്ങിയത് 64 റണ്‍സായിരുന്നു. ഇതാണ് പ്രസിദ്ധ് തിരുത്തിക്കുറിച്ചത്.
മൂന്നാം ടി20യില്‍ മാത്രമല്ല പരമ്പരയില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും പ്രസിദ്ധ് നിരാശപ്പെടുത്തിയിരുന്നു. 12 ഓവറുകളാണ് പ്രസിദ്ധ് പരമ്പരയിലാകെ ബൗള്‍ ചെയ്തത്. ഇവയില്‍ വിട്ടുകൊടുത്തതാവട്ടെ 159 റണ്‍സുമാണ്. നാലു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനുമായുള്ളൂ.