IND vs AUS: ക്യാപ്റ്റന്‍ ഹര്‍ദിക് 'കിടു', തന്ത്രത്തില്‍ ധോണിക്കൊപ്പം! ഈ തീരുമാനങ്ങള്‍ ഗംഭീരം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയെടുത്തിരിക്കുകയാണ്. മുംബൈയില്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്നെങ്കിലും ബൗളര്‍മാരുടെ മികവാണ് കണ്ടത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്.
ഇതിന് മുമ്പ് ഇന്ത്യയെ ടി20യില്‍ നയിച്ചിട്ടുണ്ടെങ്കിലും ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക്കിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. നായകനെന്ന നിലയില്‍ വിജയത്തോടെ തുടങ്ങാന്‍ ഹര്‍ദിക്കിനായിരിക്കുകയാണ്. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായി താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരിക്കുകയാണ്.
ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ നായകനെന്ന നിലയില്‍ ഹര്‍ദിക്കിന് സാധിച്ചു. മത്സരത്തിലെ ഹര്‍ദിക്കിന്റെ നായക മികവ് കണ്ട മൂന്ന് സംഭവങ്ങളെക്കുറിച്ചറിയാം.

ബൗളിങ് ചെയ്ഞ്ചിന് കൈയടിക്കണം
ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ബൗളിങ് ചെയ്ഞ്ച് മികച്ചതായിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ ബൗളര്‍മാരെ ഉപയോഗിച്ച തീരുമാനങ്ങളെല്ലാം കൃത്യമായിരുന്നു. മുഹമ്മദ് സിറാജിനെ ഉപയോഗിച്ച് തുടക്കത്തിലേ വിക്കറ്റ് നേടിയെടുത്ത ഹര്‍ദിക് സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ സ്വന്തം പന്തെടുത്തു.
മുഹമ്മദ് ഷമിക്ക് പവര്‍പ്ലേയില്‍ മികച്ച ലൈന്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഷമിയെ പിന്‍വലിച്ച് ഹര്‍ദിക് സ്വയം ബൗളിങ് ഉത്തരവാദിത്തം ഏറ്റെടുത്തു. മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന സ്മിത്തിനെ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ച് നിര്‍ണ്ണായക കൂട്ടുകെട്ട് പൊളിച്ചതും ഹര്‍ദിക്കാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

മുഹമ്മദ് ഷമിയെ കൃത്യമായി ഉപയോഗിച്ചു
സ്വിങ് ലഭിക്കുന്ന സാഹചര്യത്തില്‍ ന്യൂബോളില്‍ മികവ് കാട്ടുന്ന താരമാണ് മുഹമ്മദ് ഷമി. എന്നാല്‍ മുംബൈയില്‍ ആദ്യ സ്‌പെല്ലില്‍ ഷമിക്ക് വലിയൊരു പ്രകടനം നടത്താന്‍ സാധിച്ചില്ല. ഇതോടെ ഷമിയെ ന്യൂബോളില്‍ നിന്ന് പിന്‍വലിച്ച് മധ്യ ഓവറുകളിലേക്ക് ഹര്‍ദിക് ഉപയോഗിച്ചു.
ഇത് കൃത്യമായി ഫലം കാണുകയും ചെയ്തു. ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മധ്യനിരയില്‍ അപകടകാരികളാവുമെന്ന് തോന്നിക്കവെയാണ് ഷമിയെ കളത്തിലിറക്കി ഹര്‍ദിക് വിക്കറ്റ് നേടിയത്. മാര്‍ക്കസ് സ്റ്റോയിണിസും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ്.
പിച്ചിലെ പന്തിന്റെ സ്വിങ് ആനുകൂല്യം മനസിലാക്കി ഷമിയെ കൃത്യമായി ഉപയോഗിക്കാനും ടീമിന് ഗുണകരമാക്കി മാറ്റാനും ഹര്‍ദിക്കിന് സാധിച്ചു. ഓരോ ബൗളര്‍മാരെയും എവിടെ ഉപയോഗിക്കണമെന്നതില്‍ കൃത്യമായ ധാരണ ഹര്‍ദിക്കിനുണ്ട്.

മാക്‌സ്‌വെല്ലിനെ സ്പിന്നില്‍ പൂട്ടി
ഏഴാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൃത്യമായി സ്പിന്‍ കുരുക്കൊരുക്കിയാണ് ഹര്‍ദിക് മാക്‌സ് വെല്ലിനെ കുടുക്കിയത്. രവീന്ദ്ര ജഡേജയെ ഉപയോഗിച്ചാണ് മാക്‌സ് വെല്ലിനെ ഹര്‍ദിക് വീഴ്ത്തിയത്.
അനുഭവസമ്പന്നനായ ജഡേജയെ ഉപയോഗിച്ച് ഹര്‍ദിക് മെനഞ്ഞ തന്ത്രം കൃത്യമായി ഫലിക്കുകയായിരുന്നു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് മാക്‌സ് വെല്‍ പുറത്തായത്. മാക്‌സ് വെല്ലിന്റെ ദൗര്‍ബല്യം മനസിലാക്കി സ്പിന്‍ പൂട്ടൊരുക്കിയത് ഹര്‍ദിക്കിന്റെ മികവ് തെളിയിക്കുന്നു.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

ബാറ്റുകൊണ്ടും ഹര്‍ദിക് തിളങ്ങി
ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിറം മങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്. 31 പന്തില്‍ 25 റണ്‍സാണ് അദ്ദേഹം നേടിയത്. 3 ഫോറും 1 സിക്‌സുമാണ് ഹര്‍ദിക് നേടിയത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെങ്കിലും മത്സരത്തില്‍ നിര്‍ണ്ണായക റണ്‍സാണ് താരം നേടിയത്.
ഫീല്‍ഡിങ് വിന്യാസത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം തിളങ്ങിയ ഹര്‍ദിക് നായകസ്ഥാനം പ്രകടനത്തെ ബാധിക്കാതെ മുന്നോട്ട് പോകുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പിന്‍ഗാമിയായി ഹര്‍ദിക് തന്നെ ഏകദിനത്തിലുമെത്തുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications