IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?

മുംബൈ: ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായ ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ എത്തുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് 9നാണ് തുടക്കമാവുന്നത്. രണ്ട് ടീമും ഒന്നിനൊന്ന് മികച്ചതായതിനാല്‍ പോരാട്ടം കടുക്കും.
ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തിലെത്തി നാണംകെടുത്തിയ ഇന്ത്യക്ക് ഇത്തവണ സ്വന്തം തട്ടകത്തില്‍ പരമ്പര പിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമായാണ് ഓസീസിന്റെ വരവ്.
ഇന്ത്യയിലെ സ്പിന്‍ സാഹചര്യം മുന്നില്‍ക്കണ്ട് നാല് സ്പിന്നര്‍മാരെയും അവര്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍ അവസാന രണ്ട്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകന്മാരാണ്.
അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മക്കും പരമ്പര നേട്ടത്തിലേക്ക് ടീമിനെ എത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് കൂടുതല്‍ ജയം നേടിക്കൊടുത്ത നായകനാരാണെന്ന് അറിയാമോ?പരിശോധിക്കാം.

എംഎസ് ധോണി തലപ്പത്ത്
ഇന്ത്യന്‍ നായകന്മാരില്‍ മുന്നിട്ട് നില്‍ക്കുന്നത് എംഎസ് ധോണിയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ ധോണിക്കായില്ല. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് കൂടുതല്‍ ജയം നേടിക്കൊടുത്തത് ധോണിയാണ്.
13 മത്സരങ്ങളില്‍ ധോണി നയിച്ചപ്പോള്‍ 8 മത്സരത്തിലും ജയം നേടിക്കൊടുത്തു. നാല് മത്സരം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി. 2009ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തുകയും ചെയ്തു. എന്നാല്‍ വിദേശ മൈതാനങ്ങളിലെ ധോണിയുടെ ടെസ്റ്റിലെ കണക്കുകള്‍ അത്ര മികച്ചതല്ല.

വിരാട് കോലി
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനാരെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാണ് ഉത്തരം. ഇന്ത്യക്ക് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിക്കൊടുത്ത നായകനാണ് കോലി. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം അതിഗംഭീരമായിരുന്നു.
ഇന്ത്യന്‍ പിച്ചുകളില്‍ കോലിയുടെ ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. അത്രത്തോളം ശക്തമായ അടിത്തറ പാകാന്‍ കോലിക്കായിരുന്നു. കോലിക്ക് കീഴില്‍ ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്.
10 മത്സരങ്ങള്‍ നയിച്ച കോലി 3 ജയവും നാല് തോല്‍വിയും മൂന്ന് സമനിലയുമാണ് നേടിയെടുത്തത്. നായകനെന്ന നിലയിലെ കോലിയുടെ ടെസ്റ്റിലെ റെക്കോഡുകള്‍ തകര്‍ക്കാന്‍ അത്ര എളുപ്പത്തില്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് പറയാം.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി 9 മത്സരത്തിലാണ് ഇന്ത്യയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നയിച്ചത്. 3 ജയമാണ് ഗാംഗുലിക്ക് നേടിക്കൊടുക്കാനായത്. മൂന്ന് മത്സരം തോറ്റപ്പോള്‍ മൂന്ന് മത്സരം സമനിലയുമായി.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഗാംഗുലി നയിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നത്. സൂപ്പര്‍ താരങ്ങളുടെ നീണ്ടനിരയായിരുന്നു അന്ന് ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര പിടിക്കാന്‍ ഗാംഗുലിക്കായില്ല.

അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രഹാനെ മൂന്ന് മത്സരം ജയിച്ചപ്പോള്‍ ഒരു മത്സരം പോലും തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്തില്ല.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും രഹാനെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത നായകനാണ്. വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെയുടെ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications