
ടീമിലെ ഓപ്പണര്‍മാര്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരായിരിക്കും ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക. ഇവരില്‍ രോഹിത്തും ഗില്ലും ഇന്ത്യക്കായി ഓപ്പണിങില്‍ തുടരാന്‍ സാധ്യത കൂടുതലാണ്. രാഹുലിനു മധ്യനിരയിലേക്കു ഇറങ്ങേണ്ടതായി വരും.
ശ്രീലങ്കയ്‌ക്കെതിരേ നടന്ന ആദ്യ ഏകദിനത്തില്‍ ഈ കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. അതു വിജയമാവുകയും ചെയ്തിരുന്നു. ലങ്കയ്‌ക്കെതിരായ ശേഷിച്ച മല്‍സരങ്ങളിലും ന്യൂസിലാന്‍ഡിനെതിരേയും ഇതേ കോമ്പിനേഷന്‍ ക്ലിക്കായാല്‍ ഓസ്‌ട്രേലിയക്കെതിരേയും മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഗില്ലിന്റെ മിന്നുന്ന പ്രകടനത്തോടെ ഇഷാന്റെ കാര്യമാണ് തുലാസിലായിരിക്കുന്നത്. ഗില്‍, രാഹുല്‍ എന്നിവരിലൊരാള്‍ ഫ്‌ളോപ്പായാല്‍ മാത്രമേ ഇഷാനു പ്രതീക്ഷയ്ക്കു വകയുള്ളൂ.

സഞ്ജുവിന് പ്രതീക്ഷ വേണ്ട
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തഴയപ്പെട്ട സഞ്ജു സാംസണിനു ഓസ്‌ട്രേലിയക്കെതിരേയും കാര്യമായ പ്രതീക്ഷ വേണ്ട. റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് പുറത്തായതോടെ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ആ പ്രതീക്ഷ ഇപ്പോള്‍ മങ്ങുകയാണ്. ടി20യില്‍ ഇഷാന്‍ കിഷനും ഏകദിനത്തില്‍ കെഎല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇതോട സഞ്ജുവിന്റെ സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.
ഏകദിനത്തില്‍ രാഹുലിന് പിന്നില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാനാണുള്ളത്. മൂന്നാമതൊരു വിക്കറ്റ് കീപ്പറായി സഞ്ജുവിനെയെടുക്കാന്‍ സാധ്യത തീരെ കുറവാണ്.
അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതില്ല. രാഹുല്‍, ഇഷാന്‍ എന്നിവരിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ സഞ്ജുവിന് സാധ്യതയുള്ളൂ.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

ടീമിലെ മറ്റുള്ളവര്‍
ഇന്ത്യന്‍ ഏകദിന സ്‌ക്വാഡില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഏറെക്കുറെ ഒരേ ടീമിനെ തന്നെയായിരിക്കും എല്ലാ പരമ്പരകളിലും ഇന്ത്യ ഇറക്കുന്നത്. പ്ലെയിങ് ഇലവനില്‍ മാത്രമേ മാറ്റങ്ങള്‍ക്കു സാധ്യതയുള്ളൂ.
വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി ടീമില്‍ ഇടം പിടിക്കും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ (ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രം), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും ടീമിലെ നാലു ഓള്‍റൗണ്ടര്‍മാര്‍.
ബൗളിങ് ലൈനപ്പില്‍ പേസര്‍മാരായി ജസ്പ്രീത് ബുംറ (ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രം), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരും സ്പന്നര്‍മാരായി യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ടാവും.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ സാധ്യതാ ടീം
ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.


Click it and Unblock the Notifications
