IND vs AUS: ഇന്ത്യ പെര്‍ഫെക്ടല്ല! പിഴവുകള്‍ വരുത്തി, ഒരു മാസ്റ്റര്‍ സ്ട്രോക്ക്- അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഏകപക്ഷീയമായ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട നാഗ്പൂര്‍ ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്നിങ്‌സിനും 132 റണ്‍സിനും ഓസ്‌ട്രേലിയയെ ഇന്ത്യ വാരിക്കളയുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പര ജയിക്കാനായാല്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്താണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഒപ്പം ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്യും.
കാര്യമായി വിയര്‍ക്കാതെ തന്നെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചുകയറിയത്. രണ്ടാം ബാറ്റിങില്‍ അല്‍പ്പമൊന്ന് സമ്മര്‍ദ്ദത്തിലായതൊഴിച്ചാല്‍ ഓസീസ് ഇന്ത്യക്കു ചേര്‍ന്ന എതിരാളികളായിരുന്നില്ല. രണ്ടിന്നിങ്‌സുകളിലും ഓസീസ് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിലം തൊടീച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 177 റണ്‍സിനു കൂടാരം കയറിയ അവര്‍ രണ്ടാമിന്നിങ്‌സില്‍ വെറും 91ന് ഓള്‍ ഔട്ടാവുകയായിരുന്നു.
പക്ഷെ ഇന്ത്യയുടെ ഈ ടെസ്റ്റില പ്രകടനത്തെ പെര്‍ഫെക്ടെന്നു പറയാന്‍ സാധിക്കില്ല. ചില പിഴവുകള്‍ മല്‍സരത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. ഒപ്പം ഒരു മസ്റ്റര്‍ സ്‌ട്രോക്കുമുണ്ടായിരുന്നു. ഇവ എന്തൊക്കെയാണെന്നു നമുക്കു വിശദമായി പരിശോധിക്കാ.

ആദ്യ പിഴവ്
ഇന്ത്യ ഈ ടെസ്റ്റില്‍ വരുത്തിയ ആദ്യത്തെ പിഴവ് ടീം സെലക്ഷനിലായിരുന്നു. സൂര്യകുമാര്‍ യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയ ഇന്ത്യയുടെ തീരുമാനം വലിയ മണ്ടത്തരം തന്നെയായിരുന്നു. പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു പിന്‍മാറേണ്ടി വന്നതുകൊണ്ടു മാത്രമാണ് ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യയെ ഇന്ത്യക്കു ടെസ്റ്റില്‍ പരീക്ഷിക്കേണ്ടി വന്നത്.
രണ്ടു ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുണ്ടായിരുന്നത്. ഒരാള്‍ സൂര്യയായിരുന്നെങ്കില്‍ മറ്റൊരാള്‍ ശുഭ്മന്‍ ഗില്ലായിരുന്നു. ഒടുവില്‍ മികച്ച ഫോമിലുള്ള ഗില്ലിനെ തഴഞ്ഞ് സൂര്യയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാതിരുന്നിട്ടും സൂര്യയെ വച്ച് ഇന്ത്യ നടത്തിയ പരീക്ഷണം പാളി. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിനെതിരേ അശ്രദ്ധമായി ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച സൂര്യ ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു. 20 ബോളില്‍ ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സാണ് അദ്ദേഹം നേടിയത്. സൂര്യക്കു പകരം ഗില്‍ കളിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചൊരു ഇന്നിങ്‌സ് ഇന്ത്യക്കു പ്രതീക്ഷിക്കാമായിരുന്നു.
Also Read: IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

രണ്ടാമത്തെ പിഴവ്
നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ പിഴവ് ഫീല്‍ഡിങിലായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ബൗളിങ് ചേഞ്ചുകളില്‍ രോഹിത് ശര്‍മ മികച്ചുനിന്നു. കൂടാതെ ഫീല്‍ഡിങ് ക്രമീകരണങ്ങളും മികച്ചതായിരുന്നു. പക്ഷെ സ്ലിപ്പില്‍ വിരാട് കോലിയെ നിര്‍ത്തിയ രോഹിത്തിന്റെ തീരുമാനം തെറ്റായിരുന്നു. സ്ലിപ്പില്‍ താന്‍ അത്ര മികച്ചൊരു ഫീല്‍ഡറല്ലെന്നു അദ്ദേഹം ഈ മല്‍സരത്തില്‍ തെളിയിക്കുകയും ചെയ്തു.
മൂന്നു ക്യാച്ചുകളാണ് സ്ലിപ്പില്‍ കോലി പാഴാക്കിയത്. ഇതില്‍ രണ്ടെണ്ണം കൈകളിലേക്കു കൃത്യമായി വന്ന സിംപള്‍ ക്യാച്ചുകളായിരുന്നു. പക്ഷെ അവിശ്വസനീയമാം വിധം അദ്ദേഹം ഇവ താഴെയിടുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കോലി അത്ര മികച്ച രീതിയിലല്ല കാണപ്പെട്ടത്. അതുകൊണ്ടു തന്നെ ഇനിയുള്ള ടെസ്റ്റുകളില്‍ കോലിയെ സ്ലിപ്പില്‍ നിന്നും മാറ്റുന്നതിനെക്കുറിച്ച് രോഹിത്തിന് ആലോചിക്കാവുന്നതാണ്.
ഫീല്‍ഡിങിലെ പിഴവ് കൂടാതെ ബൗളിങില്‍ രവീന്ദ്ര ജഡേജ അഞ്ചു നോ ബോളുകളെറിഞ്ഞതും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് രണ്ടാമിന്ന്‌സില്‍ ജഡ്ഡുവിന് ലഭിക്കേണ്ടതായിരുന്നു. പക്ഷെ അതു നോ ബോള്‍ വിളിക്കപ്പെട്ടു.
Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

മാസ്റ്റര്‍ സ്ട്രോക്ക്
ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്നിട്ടും ആദ്യ ഇന്നിങ്‌സില്‍ വലിയൊരു സ്‌കോര്‍ നേടി മികച്ചൊരു ലീഡ് നേടാന്‍ ഇന്ത്യ കാണിച്ച ക്ഷമയും പോരാട്ടവീര്യവുമാണ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായ മാസ്റ്റര്‍ സ്‌ട്രോക്ക്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 177 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 229ലേക്കും ഏഴിന് 240ലേക്കും വീണിരുന്നു.
ഇതോടെ നാമമാത്രമായ ലീഡ് കൊണ്ട് ഇന്ത്യക്കു തൃപ്തിപ്പെടേണ്ടി വരുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഒന്നാമിങ്‌സിലെ ടോട്ടല്‍ എത്രമാത്രം പ്രധാനമാണെന്ന കാര്യത്തില്‍ ഇന്ത്യക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. വാലറ്റത്ത് അക്ഷര്‍ പട്ടേലും (84) രവീന്ദ്ര ജഡേജയും (70) മുഹമ്മദ് ഷമിയും (37) നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ഇന്ത്യയെ 400 റണ്‍സെന്ന വലിയൊരു സ്‌കോറിലെത്തിക്കുകയും ചെയ്തു.
223 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൈക്കലാക്കിയപ്പോള്‍ തന്നെ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടി വരില്ലെന്നു ഏറെക്കുറെ ഉറപ്പായിരുന്നു. മല്‍സരരഗതി തന്നെ മാറ്റിയത് ഇന്ത്യന്‍ വാലറ്റക്കാരുടെ പ്രകടനമാണെന്നു നമുക്കു നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications