ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിന പരമ്പര 1-2നു കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ വലിയൊരു ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. 2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കുമെന്നു അദ്ദേഹം പറയുന്നു.
ആദ്യത്തെ രണ്ടു ഏകദിനങ്ങളും കൈവിട്ട ശേഷം സിഡ്‌നിയില്‍ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. കംഗാരുപ്പടയെ ശുഭ്മന്‍ ഗില്ലും സംഘവും ഒമ്പതു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഓസീസ് ടീമിലെ ഒരുപോലെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ വിജയം കൈക്കലാക്കിയത്.

ഫാസ്റ്റ് ബൗളിങ് ദുര്‍ബലം
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് തീര്‍ത്തും ദുര്‍ബലമാണെന്നും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആശങ്കയും ഇതാണന്നു ആര്‍ അശ്വിന്‍ പറയുന്നു. ആഷ് കി ബാത്തെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ടീം അവരുടെ ഫാസ്റ്റ് ബൗളിങ് ഫിക്‌സ് ചെയ്‌തേ തീരൂ. ജസ്പ്രീത് ബുംറ കളിക്കുന്നില്ലെങ്കില്‍ ആരൊക്കെയാണ് നമ്മുടെ ഫാസ്റ്റ് ബൗളര്‍മാര്‍? അടുത്ത ലോകകപ്പില്‍ നമ്മള്‍ ബുംറയുടെ സപ്പോര്‍ട്ടിങ് പേസര്‍മാര്‍മാരായി നമ്മള്‍ ആരെയെല്ലാം കളിപ്പിക്കുമെന്നും അശ്വിന്‍ ചോദിക്കുന്നു.
ഏകദിന പരമ്പരയ്ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ട ഹര്‍ഷിത് റാണയാണ് ഏറ്റവുമധികം വിക്കറ്റുകളെടുത്തത് എന്നതാണ് രസകരമായ കാര്യം. ആറു വിക്കറ്റുകളാണ് മൂന്നു കളിയില്‍ അദ്ദേഹത്തിനു ലഭിച്ചത്. അര്‍ഷ്ദീപ് സിങ് രണ്ടു കളിയില്‍ മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് മൂന്നു മല്‍സരത്തില്‍ രണ്ടും വിക്കറ്റുകള്‍ മാത്രമേ വീഴ്ത്തിയുള്ളൂ. പ്രസിദ്ധ് കൃഷ്ണ ഒരു കളിയില്‍ ഒരു വിക്കറ്റും പിഴുതു.
ഏകദിനം കൈവിട്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയാവും ആധിപത്യം പുലര്‍ത്തുകയെന്നാണ് അശ്വിന്റെ അഭിപ്രായം. ടി20 പരമ്പര കാണാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയക്കു വേണ്ടത്ര ആയുധങ്ങളില്ല. അവര്‍ക്കു വ്യത്യസ്ത സ്‌ക്വാഡുകളാണ് രണ്ടിലുമുള്ളത്. ടി20 പരമ്പരയിലെ എല്ലാ വേദികളിലും ബോള്‍ ടേണ്‍ ചെയ്യുമെന്നു ഞാന്‍ കരുതുന്നു. ബോള്‍ ടേണ്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണം ആധിപത്യം സ്ഥാപിക്കുമെന്നുംം അശ്വിന്‍ നിരീക്ഷിച്ചു.
സ്പിന്നര്‍മാര്‍ക്കു റോള്‍
2027ല്‍ സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു നിര്‍ണായക റോളുണ്ടായിരിക്കുമെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. സൗത്താഫ്രിക്കയെ കൂടാതെ സിംബാബ്‌വെ, നമീബിയ എന്നി രാജ്യങ്ങളും സംയുക്തമായാണ് േേലാകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന്റെ വ്യത്യസ്തമായ ഒരു വശം കൂടി നമുക്കു ഓസ്‌ട്രേലിയയില്‍ കാണാന്‍ കഴിഞ്ഞു. പുതിയ ഏതു എതിരാളികളായാലും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ നേരിടുക അവര്‍ക്കു കടുപ്പമായിരിക്കും. നമ്മള്‍ ഇതു തന്നെ തുടരുകയും വേണം.
അടുത്ത ലോകകപ്പ് നടക്കാനിരിക്കുന്ന സൗത്താഫ്രിക്കയില്‍ പോലും സ്പിന്നര്‍മാരുടെ റോള്‍ പ്രധാനമായിരിക്കും. ഈയൊരു സമയത്തു നമ്മുടെ സ്പിന്‍ മികവ് ലോകത്തെ മറ്റു ഏതൊരു ടീമിനേക്കാളും മുകളിലാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയക്കെതിരേ വാഷിങ്ടണ്‍ സുന്ദര്‍ മൂന്നു കളിയില്‍ നിന്നും അഞ്ച് ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. അക്ഷര്‍ പട്ടേല്‍ ഇത്രയും കളിയില്‍ നിന്നും 4.45 ഇക്കോണമി റേറ്റില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.